അത്ഭുതങ്ങളൊഴിയാതെ ആലീസ് – സൂസൻ ജോഷി

അത്ഭുതങ്ങളൊഴിയാതെ ആലീസ്
സൂസന്‍ ജോഷിയുടെ ‘അത്ഭുതങ്ങളൊഴിയാതെ ആലീസ്’ എന്ന കഥാസമാഹാരം മട്ടിലും രൂപത്തിലും ബാലസാഹിത്യകൃതിയാണോയെന്ന് സന്ദേഹിച്ചുപോകും. എന്നാല്‍ പതിനാലുകഥകളുടെ ഈ പുസ്തകം തുറന്നുവെച്ച് ഓരോ കഥകളിലൂടേയും കടന്നുപോകുമ്പോള്‍ മനസ്സിന്റെ ആഴങ്ങളില്‍ നിന്നെല്ലാം ചില പ്രതിദ്ധ്വനികള്‍ ഉയര്‍ന്നു വരുന്നതായി വായനക്കാര്‍ക്ക് അനുഭവിക്കാനാവും. ഓരോ വ്യക്തിയുടേയും ആത്മസത്ത ഒന്നുതന്നെ എന്ന് അതോര്‍മ്മപ്പെടുത്തും. കോമാളി വേഷങ്ങളില്ലാതെ ജാഢകളില്ലാതെ വളരെ ഹൃദ്യമായ ലളിതവുമായ ഭാഷയില്‍ ഉള്ളില്‍ നിന്നുണരുന്ന നിഷ്‌കളങ്കമായ പ്രതിസ്ഫുരണങ്ങള്‍പോലെ അതൊഴുകിവന്നെത്തുന്നതിന്റെ സൗന്ദര്യം വായനക്കാരന്റെ ഹൃദയത്തെ തൊടും. എഴുത്തുകാരി എല്ലാവരില്‍ നിന്നും വ്യതിരിക്തമായി ഉയര്‍ന്നുനില്‍ക്കുന്ന നിലയിലല്ല എല്ലാവര്‍ക്കുമൊപ്പം അവരിലൊരാളായി അവരുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും പങ്കാളിയായി അവരിലൊരാളായി മാറുന്ന മനംതുടുപ്പിക്കുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് ഓരോ കഥകളും മുന്നേറുന്നത്. ലളിതമായ ഭാഷയാലും ദുര്‍ഗ്രാഹ്യമല്ലാത്ത പശ്ചാത്തലസജ്ജീകരണങ്ങളാലും കഥകള്‍ വായനക്കാരന്റെ കഥകളായി പരിണമിക്കുന്ന കാഴ്ചകള്‍ അതിമനോഹരമായി അനുഭാവ്യമാക്കുന്നു. ആദ്യകഥാസമാഹാരമാണെന്ന സൂചനപോലുമുണര്‍ത്താതെ ഇതിലെ ഓരോ കഥകളും ഗാംഭീര്യമാര്‍ന്ന തലയെടുപ്പോടെ വായനക്കാരെ സ്വാഗതം ചെയ്യുന്നു.
ഒരു ജീവിതമല്ല പലജീവിതങ്ങള്‍ കഥകളിലൂടെ സാധ്യമാകുമെന്നത് എന്നെ വിസ്മയിപ്പിച്ചുവെന്നത് എഴുത്തുകാരിയുടെ മാനസികതലങ്ങളുടെ വ്യാപ്തിവ്യക്തമാക്കുന്നു. കടുംചായങ്ങളും ചമല്‍ക്കാരങ്ങളുമില്ലാതെ സാധാരാണമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് കഥ കണ്ടെടുത്തീട്ടുള്ളത് എന്ന് കഥാകാരി പറയുമ്പോഴും അനുഭവങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ പറയാന്‍ ശ്രമിച്ചത് ജീവിതത്തെക്കുറിച്ചുള്ള ചില പാഠങ്ങള്‍ എന്നുപറയുമ്പോഴും എഴുത്തുകാരിയുടെ ലാളിത്വവും എഴുത്തുകാരി എന്ന നിലയില്‍ സൂക്ഷ്മതയില്‍ നിന്നും സ്തൂലതയിലേയ്ക്ക് വളരാനുള്ള പ്രാപ്തിയേയും പ്രകടമാക്കുന്നു.
നിറങ്ങള്‍ ചുറ്റും നിരന്നാല്‍ ദിനങ്ങള്‍ ഒരിക്കലും വരണ്ടുപോവില്ലയെന്ന എഴുത്തുകാരിയുടെ അമ്മയുടെ തിയറി ആവാഹിച്ചതിന്റെ പ്രതിഫലനങ്ങള്‍ കഥകളില്‍ കാണാം. നമ്മള്‍ അധിവസിക്കുന്നിടത്തൊക്കെ വറ്റിപോകാത്ത ഏതൊക്കെയോ ഉറവകള്‍ ഒഴുകുന്നുണ്ട്. ചിലത് താനേ നമ്മിലേയ്‌ക്കെത്തും ചിലത് നമ്മള്‍ തിരഞ്ഞുപോയി കണ്ടെടുക്കേണ്ടിവരും. പക്ഷേ അവ നമ്മുടേതാകുമ്പോള്‍ വേനലില്‍ മഴപോലെ രാത്രിയില്‍ മിന്നാമിനുങ്ങുകള്‍ പോലെ ആനന്ദം നമ്മുടെ നോവുകളെ മായ്ക്കും എന്ന സൂസന്റെ വരികള്‍ ജീവിതത്തിന്റെ കാഴ്ചവട്ടങ്ങളെ ദീപ്തമാക്കുന്നവയാണ്.
ചതിക്കുഴികളുടെ ആഴമറിയാതെ ഭൂതത്താന്റെ കുളം തേടിപോകുന്ന ആലീസ് നിഷ്‌കളങ്കതയുടെ തനിസ്വരൂപമാണ്. നന്മവറ്റാത്ത മനുഷ്യര്‍ എവിടേയുമുണ്ടെന്ന് വിജനമായ റബ്ബര്‍തോട്ടത്തില്‍ തനിച്ചുവസിക്കുന്ന അന്തോണി നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു. പ്രളയകാലത്ത് നമ്മള്‍ ആ നന്മകള്‍ ധാരാളമായി ആസ്വദിച്ചവരാണ്. നമ്മളിലെ നന്മകളെ തട്ടിയുണര്‍ത്താനത് സഹായിച്ചീട്ടുണ്ട്. നീചകൃത്യങ്ങളുടെ എണ്ണത്തില്‍ പഴയകാലത്തേതിനേക്കാള്‍ ഇന്ന് ആധിക്യമുണ്ട് എന്നാല്‍ ജനസംഖ്യാവര്‍ദ്ധനവിന്റെ പ്രളയത്തില്‍ പെരുകിവരേണ്ടിയിരുന്ന അത്രയും ഉണ്ടായിട്ടുണ്ടോയെന്നത് നമ്മള്‍ സ്വയം വിലയിരുത്തേണ്ടതാണ്. സമൂഹമല്ല, നമ്മള്‍ ഓരോരുത്തരുമാണ് മലിനമായിക്കൊണ്ടിരിക്കുന്നത്. സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെ മേന്മകളുയര്‍ത്തി നമ്മള്‍ ആ മാലിന്യങ്ങളെല്ലാം ശുചീകരിക്കണം. അതുതന്നെയാണ് സമൂഹനന്മയ്ക്ക് ലക്ഷ്യമിടുന്നവര്‍ അനുഷ്ടിക്കേണ്ടതായ സത്യമാര്‍ഗ്ഗങ്ങള്‍ എന്ന് അത്ഭുതങ്ങളൊഴിയാതെ ആലീസ് നമ്മോട് മന്ത്രിക്കുന്നുണ്ട്.
വിരസമായ ജീവിതത്തിന്റെ ഊഷരതില്‍ വര്‍ണ്ണങ്ങളുടെ ലേയ്‌സ് പിടിപ്പിച്ച് ജീവിതത്തെ വര്‍ണ്ണാഭമാക്കാന്‍ തീരുമാനിച്ചവളാണ് ‘പത്താംനിലയിലെ പാവ’ എന്ന കഥയിലെ മിലി. വിരസമായ ജീവിതത്തിലും വികലമായി ജീവിക്കാന്‍ അവള്‍ തയ്യാറല്ല. യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണുതുറന്നുകാണാന്‍ പ്രാപ്തനല്ലാത്ത ഭര്‍ത്താവിനോട് കലഹിച്ച് തനിച്ചുതാമസിക്കുന്ന മിലി വളരെധീരമായ ജീവിതസന്ദേശമാണ് മുന്നോട്ടുവെയ്ക്കുന്നത്.
ജീവിതത്തിന്റെ പച്ച യാഥാര്‍ത്ഥ്യങ്ങളാണ് ചെമ്പരത്തിച്ചോലുള്ള ചിലവിചാരങ്ങള്‍ പങ്കുവെയ്ക്കുന്നത്. ജീവിതം വെയിലത്തുനിര്‍ത്തുമ്പോള്‍ തണലായും ഇരുട്ടത്തുനിര്‍ത്തുമ്പോള്‍ വെട്ടമായും നിറഞ്ഞുകൊണ്ടങ്ങനെ… എന്നതില്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ എങ്ങനെയായിരിക്കണം നേരിടേണ്ടതെന്ന നേര്‍സാക്ഷ്യമുണ്ട്. ഗൃഹാതുരതകളെ പരിലാളിച്ച് അതില്‍ മാഴ്കിയലിഞ്ഞുചേരുകയല്ല, യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ഉണരുകയാണ് നമ്മളോരോരുത്തരും ചെയ്യേണ്ടതെന്ന് ഈ കഥയിലെ ആലീസ്‌ചേച്ചിയെ മുന്‍നിര്‍ത്തി കഥാകൃത്ത് പറഞ്ഞുവെയ്ക്കുന്നു.
സത്യസന്ധനായിരിക്കുന്നതിന്റെ ആനന്ദം തണല്‍ വിരിക്കുന്ന ഒരു കഥയാണ് ഇരുന്നൂറ്റമ്പതിന്റെ കടം. തനിക്കുചുറ്റിലുമുള്ളവരില്‍ വിശ്വസ്തരായവര്‍ ആരുമില്ലെന്ന ബോധമാണ് പൊതുവേ കാണപ്പെടുന്നത്. അത്തരം ബോധങ്ങളെ തച്ചുടച്ച് മനുഷ്യന്‍ മനുഷ്യനായി മറനീക്കി പുറത്തുവരുന്ന അസുലഭസുന്ദരനിമിഷങ്ങളുണ്ട്. അതിന്റെ അലയൊലികള്‍ നന്മ ആഗ്രഹിക്കുന്ന ഏതൊരാളിലും ആനന്ദത്തിന്റെ തിരകളുയര്‍ത്തും. പ്രളയദുരന്തങ്ങളില്‍പെട്ട് കഷ്ടതയനുഭവിച്ച നമ്മുടെ ജനതയെ ആവോളം വാരിപുര്‍ന്ന് നന്മമരങ്ങളായി നമ്മുടെ മിഴികളെ ഈറനണിയീച്ച ദിനങ്ങള്‍ നമ്മളനൂഭവിച്ചതാണ്. നന്മകള്‍ എവിടേയും നശിക്കുന്നില്ല. അതെല്ലാവരിലുമുണ്ട്. പക്ഷെ അവയ്ക്ക് വെളിപ്പെടുന്നതിന് ഓരോരോ സന്ദര്‍ഭങ്ങള്‍ തുറന്നുവരേണ്ടതുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സഹപ്രവര്‍ത്തകനായ പ്രൊഫസര്‍ നന്മ ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരാളാണ്. വിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണ് താന്‍ ഈ നന്മകള്‍ ചെയ്യുന്നത് എന്ന ബോധത്തെ തിരുത്തിക്കുറിക്കുന്നു ഈ കഥ. അത് അദ്ദേഹത്തില്‍ സന്തോഷത്തിന്റെ, ആനന്ദത്തിന്റെ, പ്രതീക്ഷയുടെ അലയൊലികള്‍ ഉയര്‍ത്തുന്നു. വായനക്കാരനിലും അതിന്റെ സ്‌നിഗ്ദ്ധത പടര്‍ന്നുകയറുമെന്നതിന് ഈ കഥ ദൃഷ്ടാന്തമായിമാറുന്നു.
പാഠങ്ങള്‍ അദ്ധ്യാപകനില്‍ നിന്നു പടിയിറങ്ങി വിദ്യാര്‍ത്ഥികളിലേയ്ക്ക് ആവേശമായി പടര്‍ന്നുകയറുമ്പോള്‍ കുട്ടികളിലുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് ‘എന്തത്ഭുതമാണല്ലേയീജീവിതം പറയുന്നത്. മരണവും ജീവിതവും കെട്ടുപിണഞ്ഞുകിടക്കുന്ന ഭീതിതമായ ഓര്‍മ്മകളായികൊണ്ടുനടക്കുന്നവരില്‍ നിന്നും ഇതെല്ലാം ജീവിതത്തിന്റെ കളികളാണെന്ന് വെളിപ്പെടുത്തി നല്‍കുന്നതിന്റെ മാന്ത്രികത ഈ കഥയില്‍ നമുക്ക് അനുഭവിച്ചറിയാം. മുഖംമൂടികളടര്‍ന്നുവീഴുമ്പോള്‍ എല്ലാവരുടേയുമുള്ളില്‍ ചാരം പുതച്ചകനലുകള്‍ കാണാമെന്ന കഥാകാരിയുടെ തിരിച്ചറിവ് ജീവിതത്തിന്റെ യഥാതഥമായ കാഴ്ച തന്നെയാണ്. മാനുഷികമായ ഗുണങ്ങള്‍ ഉണരുന്നതും അത് സമൂഹത്തിന്റെ നന്മകളായി പടര്‍ന്നു കയറുന്നതും ഈ തിരിച്ചറിവിന്റെ സുഗന്ധമേല്‍ക്കാന്‍ സാധിക്കുമ്പോഴാണ്. കഥകള്‍ ചിലപ്പോള്‍ ജീവിതം തന്നെ മാറ്റിമറിച്ചെന്നിരിക്കും. മറ്റുചിലപ്പോള്‍ ജീവിതം തന്നെ രസമുള്ളൊരു കഥയായെന്നുവരും. എന്തത്ഭുതമാണല്ലേ മിസ്സേ ജീവിതത്തിന്റെ കളികള്‍ എന്ന ക്രിസ്റ്റയുടെ വാക്കുകളായി പുറത്തുവരുന്നത് തെളിയീക്കുന്നത് മറ്റൊന്നല്ല.
യാഥാര്‍ത്ഥ്യബോധത്തിന് പെട്ടെന്ന് അംഗീകരിച്ചുതരാനാകാത്ത ഒരു കഥയാണ് ‘ഇപ്പോഴും ചെയ്യുന്നുണ്ടീമരം’ എന്ന കഥ. കഥയുടെ ട്വിസ്റ്റ് കൊള്ളാം. പക്ഷെ കഥയുടെ സ്വാഭാവികത തിരയുന്നവര്‍ക്ക് അത് കണ്ടെത്താനാകില്ല എന്നത് ഒരു കുറവായി തോന്നും. കൗമാരകാലപ്രണയങ്ങളുടെ പൊള്ളത്തരങ്ങളെ കഥ തുറന്നുവെയ്ക്കുന്നുണ്ട്. എങ്കിലും കഥ പറയാനുള്ള അസ്വാഭാവികമായ കഴിവ് പ്രകടമാക്കുന്നതാണ് ഇതിന്റെ രചനാപാടവം.
‘മിസ്സിപ്പോഴും പാമ്പിന്റെ പുണ്യാളന് മുട്ട കൊടുക്കാറുണ്ടോ…’ വീടുപണി നടക്കുന്ന സമയത്ത് ജനാലചില്ലുകള്‍ വാങ്ങുന്നതിന് ഗ്ലാസ് ഹൗസിലെത്തിയപ്പോള്‍ അവിടെ വെച്ചുകണ്ട പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ ചോദ്യം ടീച്ചര്‍ രഹസ്യമായി കാത്തുസൂക്ഷിച്ചിരുന്ന അന്ധവിശ്വാസത്തിന്റെ നേരെയുള്ള ഒരു വെല്ലുവിളിയായിരുന്നു. ഈ സമൂഹത്തിലെ ഓരോവ്യക്തിയുടേയും തൊണ്ണൂറുശതമാനത്തിലേറെ പ്രശ്‌നങ്ങളും സൈക്കോസൊമാറ്റിക് ആണെന്നതാണ് എല്ലാ മന്ത്രവാദികള്‍ക്കും പൂജാരിമാര്‍ക്കും പാതിരിമാര്‍ക്കും മൊല്ലാക്കമാര്‍ക്കും ഇവിടെ അനര്‍ഹമായ സ്ഥാനം പതിച്ചുനല്‍കുന്നത്. മനസ്സ് സ്വയം ശക്തിസംഭരിക്കുന്ന പക്ഷം അതിന് ഏതു പ്രതിസന്ധികളേയും നേരിടാനാവും. അതിനുസാധ്യമാകാത്തവര്‍ അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും പുറകെപോയി പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശ്രമിക്കുന്നു. മനസ്സിന്റെ ശക്തി വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ മിസ്സിപ്പോള്‍ എത്രമാത്രം വളര്‍ന്നീട്ടുണ്ട് എന്നൊരു അന്വേഷണം കൂടിയാണ് ആ ശിക്ഷ്യന്റെ ചോദ്യം മുനകൂര്‍പ്പിക്കുന്നത്. മിസ്സിനെ അത് കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്.
ഓരോ തലമുറയും അവരുടേതായ ചിഹ്നങ്ങളിലൂടെയാണ് കാലത്തെ അടയാളപ്പെടുത്തുന്നത്. ഓട്ടോഗ്രാഫില്‍ നിന്നും സെല്‍ഫിയിലേയ്ക്ക് വളര്‍ന്ന ആ മുദ്രകളില്‍ ഏറ്റവും സുഖം തരുന്നത് ഓട്ടോഗ്രാഫാണെന്ന് കഥാകാരി ഓര്‍മ്മപ്പെടുത്തുന്നു.ബന്ധങ്ങളുടെ ആഴവും പരപ്പും നഷ്ടമായിപോകുന്ന സെല്‍ഫികളേക്കാള്‍ സ്‌നേഹത്തിന്റെ നോവും അതിന്റെ സുഖവും ‘ഓട്ടോഗ്രാഫ് മുതല്‍ സെല്‍ഫി വരെ’ എന്ന കഥയില്‍ കഥാകാരി ഓര്‍ത്തെടുക്കുന്നു.
പടച്ചോനെന്റെ കൂടെതന്നെയുണ്ട് മിസ്. ഓരോ സമയത്തും അവിടുന്നെനിക്ക് തുണക്കാരെ വിടും. അവരെന്റെ കൈപിടിക്കുമ്പോള്‍ എനിയ്ക്കറിയാം അത് പടച്ചോന്റെ വിരലുകളാണെന്ന്. അവിടത്തെ ഖിത്താബിലുള്ളതൊക്കെ എനിക്കുകാണാം. ‘വെളിച്ചത്തിനെന്തുവെളിച്ചം’ എന്ന കഥയിലെ കാഴ്ചവൈകല്യമുള്ള വിദ്യാര്‍ത്ഥിനിയുടെ ഈ വാക്കുകളിലൂടെ ജീവിതം എത്ര തെളിച്ചമാര്‍ന്നതാണെന്ന് കഥാകാരി കഥയില്‍ സുവ്യക്തമാക്കുന്നു. ശുഭാപ്തിവിശ്വാസിയാകുകയെന്നതാണ് ഏതൊരുവന്റേയും ജീവിതവിജയമെന്ന് ഈ കഥ സമര്‍ത്ഥമായി വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
ചുരുണ്ടുപോകുന്ന ജീവിതങ്ങളുടെ കാര്യത്തില്‍ചുക്കിചുളിഞ്ഞ വസ്ത്രങ്ങള്‍ വെള്ളം നനച്ച് തേച്ച് നിവര്‍ത്തിയെടുക്കുന്നതുപോലെ സാധ്യമായിരുന്നെങ്കില്‍ എന്ന താരയുടെ വാക്കുകള്‍ ഒമാര്‍ ഖയ്യാമിനെയാണ് വായനക്കാരിലെത്തിക്കുക. സകല നിഴലുകളും ഒരു തെളിഞ്ഞ ചിരിയില്‍ മായ്ചുകളഞ്ഞ് കര്‍മ്മനിരതയാകുന്ന സഹപ്രവര്‍ത്തക താരയിലും പുളിയിലക്കരസാരിയുടുത്ത് വലിയ പതക്കകമ്മലുകള്‍ ധരിച്ച് വെള്ളിക്കൊലുസുകളണിഞ്ഞ് യാത്ര ചെയ്യാനിറങ്ങിയ വയോധികയും കഥാകാരിയെ അല്പം അസ്വസ്ഥയാക്കുന്നുണ്ട്. എന്നാല്‍ ജീവിതത്തിന്റെ പിണക്കങ്ങളെ ഇണക്കങ്ങളേപ്പോലെത്തന്നെ സ്വീകരിക്കപ്പെടേണ്ടതാണെന്ന് ഓര്‍മ്മകള്‍ നഷ്ടമായിക്കൊണ്ടിരുന്ന സഹപ്രവര്‍ത്തകയുടെ അമ്മയുടേയും. അച്ഛന്റേയും ഒരാഗ്രഹം സാമ്പത്തികപ്രയാസങ്ങള്‍ക്കിടയിലും താര നടത്തികൊടുക്കുന്നിന് കാണിച്ച വ്യഗ്രത കഥാകാരിയുടെ മനസ്സുതുറപ്പിക്കുന്നതിനും കാഴ്ചകളെ ഒന്നുകൂടി ദീപ്തമാക്കുന്നതിനും സാധ്യമായി. ഭാവിയിലേയ്ക്ക് ഒരുക്കൂട്ടാന്‍ വേണ്ടി ആഗ്രഹങ്ങളെ ചവുട്ടിമെതിച്ച് മുന്നേറുന്നത് ശരിയല്ലെന്ന് ഇതിലെ നായിക മനസ്സിലാക്കുന്നു. ആ തിരച്ചറിവിന്റെ തെളിവാണ് കഥയുടെ അവസാനം വ്യക്തമാകുന്നത്. കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ലെന്നും മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്ന അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഇന്നിന്റെ ചെറിയചെറിയ ആഗ്രഹങ്ങളെ നിഷേധിക്കുന്നതിലൂടെ സ്വന്തം ജീവിതം തന്നെയാണ് നിഷേധിക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു. നായിക തന്റെ ജീവിതാഭിലാഷങ്ങളായി കൂടെകൂട്ടിയിരുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത മൂക്കുത്തിയും ഒരു ജോഡി ചിലങ്കയും സ്വന്തമാക്കുന്നതിലൂടെ ഈ നിമിഷത്തില്‍ സംഭവിക്കുന്നതാണ് ജീവിതമെന്നും അതിനുനേരെ കണ്ണടക്കുന്നവരുടെ ജീവിതമാണ് ചുരുണ്ടുപോകുന്നതെന്നും അതിനെ തുണികളെ വെള്ളം നനച്ച് ഇസ്തിരിയിട്ട് നിവര്‍ത്തുന്നതുപോലെ നിവര്‍ത്താനാകില്ലെന്നും തിരിച്ചറിയുന്നു. ആ തിരിച്ചറിവാണ് ‘അവസ്ഥാന്തരം’ എന്ന കഥയിലൂടെ കഥാകാരി വായനക്കാരനുമുന്നില്‍ തുറന്നുവെയ്ക്കുന്നത്.
സ്വാഭാവികമായി സമൂഹത്തിന് മുന്നില്‍ പ്രകാശിതരാകുന്നവരും, പ്രതിഭയൊന്നുമില്ലെങ്കിലും സ്വയം സമര്‍ത്ഥനെന്നുതെളിയീക്കാന്‍ കിണഞ്ഞുശ്രമിക്കുന്നവരും അവസരങ്ങള്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ മാത്രം അനാവൃതമാകുന്നവരുമായ ഒരുപാട് ജന്മങ്ങള്‍ നമുക്കുചുറ്റിലുമുണ്ട്. തല്ലുക്കൊള്ളിയും ഒന്നാംനമ്പര്‍ വില്ലനുമെന്നറിയപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്ക് ക്ലാസ് ശ്രദ്ധിക്കാതിരിക്കുന്നതിന് ഒരു ശിക്ഷയായി പാഠഭാഗം അവതരിപ്പിക്കുന്നതിന് കല്പിച്ചുനല്‍കുമ്പോള്‍ ആ ടീച്ചര്‍ തന്റെ ക്ലാസ്സിന്റെ അനാകര്‍ഷകത്വം ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ആ വിദ്യാര്‍ത്ഥി തന്റെ തനതായ ശൈലിയില്‍ തികച്ചും നാടകീയമായി എല്ലാവരേയും ആകര്‍ഷിക്കുംവിധം പാഠഭാഗങ്ങള്‍ ക്ലാസ്സില്‍ അവതരിപ്പിച്ചപ്പോള്‍ മാത്രമാണ് അയാളിലെ ഔന്നത്യം ടീച്ചറും സഹവിദ്യാര്‍ത്ഥികളും എന്തിന് ആ വിദ്യാര്‍ത്ഥിപോലും തിരിച്ചറിഞ്ഞത്. അവസരങ്ങള്‍ മുന്നില്‍ വന്ന് നിര്‍ബന്ധിക്കപ്പെടുമ്പോഴാണ് ചിലരിലെ പ്രവര്‍ത്തനവിമുഖതയുടെ പുറംതോട് അടര്‍ന്നുവീഴുക. ഒരിക്കല്‍ ആ പുറംതോട് ഭേദിക്കപ്പെടുന്നതോടെ ആ വ്യക്തിത്വം കൂടുതല്‍ തെളിച്ചത്തോടെ പ്രകാശിതമാകുമെന്ന തത്വമാണ് ‘നാടകമേ ഉലകം’ എന്ന കഥയിലൂടെ കഥാകാരി വ്യക്തമാക്കുന്നത്. ക്ലാസ് മുറികളില്‍ വന്ന് പാഠഭാഗങ്ങള്‍ വിസര്‍ജ്ജിച്ചുപോകുന്ന അദ്ധ്യാപകര്‍ക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ് ഈ കഥ. അന്തര്‍സംഘര്‍ഷങ്ങളില്‍ തകര്‍ന്നുപോകുന്നവരും അതിലെ പ്രതിരോധിക്കാന്‍ ധാര്‍ഷ്ട്യം മുഖമുദ്രയാക്കുന്നവരും നമുക്കുചുറ്റിലും ധാരാളമുണ്ടാകാം. അവരിലേയ്ക്ക് ശരിയായ ഒരു നോട്ടം, ഒരു പ്രവൃത്തി എന്നിവയാല്‍ ഉത്തേജിതരാക്കാനും അവരെ മാറ്റിമറിക്കാനും സാധ്യമെന്ന് കൂടി ഈ കഥ വ്യക്തമാക്കുന്നു
പ്രണയത്തെ വളരെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു കഥയാണ് ‘മാര്‍ജ്ജാരചരിതം.’ ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥിനികളുടെ ഓമനയായ ഒരു പൂച്ചയാണ് ഇതിലെ പ്രധാന ആകര്‍ഷകമായി മുന്നില്‍ നില്‍ക്കുന്നത്. ഡിപ്പാര്‍ട്ടുമെന്റിലെ അച്ചന്‍ പൂച്ചയെനോക്കി കവിതയെഴുതുമ്പോഴും കുട്ടികള്‍ അവളെ താലോലിക്കുമ്പോഴും ഒരാള്‍ മാത്രം അതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്നതിന്റെ കാരണമന്വേഷിക്കുമ്പോള്‍ മറ്റു കുട്ടികള്‍ അവള്‍ക്കുപൂച്ചപ്പേടിയാണെന്ന് വ്യക്തമാക്കുന്നു. അതിനെ ദൂരീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അമ്പിളിയെന്ന ആ കുട്ടി മനസ്സുതുറക്കുന്നത്. ‘അതുപിന്നെ ചിലപൂച്ചകള്‍ കുറേകഴിയുമ്പോള്‍ കാടുകയറും. നമ്മളതുവരെ ഓമനിച്ചതും കൊണ്ടുനടന്നതും ഒക്കെ വെറുതേ. നോക്കിനില്‍ക്കേ മാഞ്ഞുപോയങ്ങ് പോകും. വിഷമം പാടില്ലെന്ന് മനസ്സ് പഠിക്കുന്നില്ല.’ അതിന് ടീച്ചറുടെ സമാശ്വാസവും വളരെ കൃത്യമാണ്. ‘പൂച്ചകളുടെ ശീലങ്ങള്‍ വളരെ വിചിത്രമാ അമ്പിളി. നമ്മള്‍ ആഗ്രഹിക്കുംപോലെ ആവണമെന്നില്ല. എല്ലാം നമുക്ക് മനസ്സിലാവണമെന്നുമില്ല. എന്നാല്‍ വിസ്മയിപ്പിക്കാന്‍ കഴിവുള്ള പൂച്ചകളുമുണ്ട്. വിചാരിക്കാതിരിക്കുമ്പോള്‍ ചിലപ്പോ വരും. അതുകൊണ്ട് കണ്ണുതുറന്നുവെച്ചോ.’ ഈ കുറച്ചു വാക്കുകളിലൂടെ പ്രണയത്തിന്റെ അതിതീവ്രതകളും ഭാവുകത്വങ്ങളും അന്തര്‍ലീനമായി വരഞ്ഞിടുന്നു. ഈ കഥയുടെ ക്ലൈമാക്‌സ് തീര്‍ക്കുന്നതും ഇത്തരം ലളിതമായ കുറച്ചുവാക്കുകള്‍ കൊണ്ടാണ്. കുറച്ചുനാളുകള്‍ക്കുശേഷം അമ്പിളിയെ കാണുമ്പോള്‍ നുണക്കുഴിയില്‍ നാണം ഒളിപ്പിച്ച് അവള്‍ പറയുന്നു ‘പൂച്ചകള്‍ക്ക് വിചിത്രസ്വഭാവം തന്നെയാ ട്ടോ, അല്ലെങ്കില്‍ പിന്നെ കാട് കയറി എന്നു വിചാരിച്ചിരിക്കേ തിരിച്ചുവര്വോ… അതും വിമാനം കയറി. ലളിതവും കാവ്യത്മകവുമായ വാക്കുകളുടെ വിന്യാസങ്ങളിലൂടെ ഒരു ഭാവഗാനംപോലെ അനര്‍ഗളമായി ഒഴുകിയെത്തുന്ന രചനാവൈഭവം ഈ കഥയില്‍ വളരെ പ്രകടമായി കാണാം.
സമൂഹത്തിന്റെ പുഴുക്കുത്തുകളായി ചില വ്യവസായങ്ങളും അതുണ്ടാക്കുന്ന മലിനീകരണങ്ങളും അതിന്റെ ഭവിഷത്തുകള്‍ അനുഭവിക്കുന്നവരുടേയും കഥപറയുന്ന ‘കിളിയൊച്ചകള്‍ വീണ്ടും’ മലിനീകരണത്തിനെതിരെയുള്ള പ്രതിഷേധകൂട്ടായ്മകള്‍ നൈതികത തിരിച്ചുപിടിക്കുന്നതിന്റെ ഒരു പൂര്‍ണ്ണചിത്രമാണ് വരഞ്ഞിടുന്നത്. കഥയുടെ സൗന്ദര്യാത്മകത കാത്തുസൂക്ഷിക്കുന്നതില്‍ അലംഭാവം കടന്നുകൂടിയീട്ടുണ്ട് ഈ കഥയില്‍ എന്നു പറയാതെ വയ്യ.
സായാഹ്നചിന്തകള്‍പോലെ പോയകാലങ്ങളെ ഓര്‍ത്തെടുക്കുന്ന ‘വേനല്‍ച്ചുവപ്പ്’ വായനക്കാര്‍ ഇഷ്ടപ്പെടുകതന്നെ ചെയ്യും. കണ്ണൂരിലെ നിത്യേന നടന്നുകൊണ്ടിരുന്ന രാഷ്ട്രീയസംഘട്ടനങ്ങളുടെ പശ്ചാത്തലങ്ങളെ ഓര്‍ത്തെടുത്ത് പറയുന്ന കഥ അതിലെ സംഘര്‍ഷങ്ങളെ മുഴുവന്‍ ചോര്‍ത്തിയെടുത്ത് സന്തോഷത്തിന്റേയും, ഓര്‍മ്മകളില്‍ തെളിയുന്ന നൊമ്പരങ്ങളുടേയും താളത്തിലേയ്ക്ക് പകര്‍ത്തിയെടുത്ത് വായനക്കാരനെ തീവ്രമായ വെയിലില്‍ നിര്‍ത്തുന്നതിനുപകരം ശീതളിമയാര്‍ന്ന തണല്‍മരച്ചില്ലകള്‍ക്ക് താഴെ നിര്‍ത്താന്‍ കഥാകാരി യന്തിക്കുന്നതുകാണാം ഈ കഥയില്‍.
അദ്ധ്യാപികയുടെ അനുഭവകണ്ണുകളിലെ കാഴ്ചകളായി ചിത്രീകരിക്കപ്പെടുന്ന സൂസന്‍ജോഷിയുടെ പതിനാലുകഥകളും അതിന്റെ ലാളിത്യത്തിലും തെളിമയിലും അനുഗ്രഹിക്കപ്പെട്ടതാണ്. അത് വായനക്കാരില്‍ പ്രത്യാശയും സ്‌നേഹവും നിറയ്ക്കുമെന്നതില്‍ സന്ദേഹമില്ല. കഥാലോകത്തെ നിറസാന്നിദ്ധ്യമായി വരുംനാളുകളില്‍ സൂസന്‍ ജോഷിയുമുണ്ടാകുമെന്ന് ഈ കഥാസമാഹാരം നമ്മോട് മന്ത്രിക്കുന്നുണ്ട്.
‘
പിയാര്‍കെ ചേനം