Reviews & Critiques

അനുഭവങ്ങള്‍ സാക്ഷിമൊഴികള്‍ – ബി അനില്‍കുമാര്‍

ശ്രേഷ്ഠ ബുക്‌സ് പ്രസിദ്ധീരിക്കുന്ന ബി അനില്‍കുമാറിന്റെ ‘അനുഭവങ്ങള്‍ സാക്ഷിമൊഴികള്‍’ എന്ന പുസ്തകം മെയ് 10 ന് തിങ്കളാഴ്ച മുന്നു മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുകയാണ്. നിറഞ്ഞ സദസ്സില്‍ വെച്ച് മുന്‍പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല റിട്ടയേഡ് ജസ്റ്റിസ് ബി കെമാല്‍ പാഷക്ക് നല്‍കികൊണ്ടാണ് ആ കൃത്യം നിര്‍വ്വഹിക്കപ്പെടുന്നത്. എല്ലാ സുഹൃത്തുക്കളേയും ഈ വേദിയിലേക്ക് ആദ്യമായി സ്വാഗതം ചെയ്യുന്നു.
ക്രമിനല്‍ കോടതി ജീവനക്കാരെ സംബന്ധിച്ചേടത്തോളം അവരുടെ ഭൂതകാല ജീവിതാനുഭവങ്ങള്‍ സാംശീകരിക്കുന്നതിനും വര്‍ത്തമാനകാലത്തെ യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുന്നതിനും ഭാവിയെ കൂടുതല്‍ മികവാര്‍ന്നതാക്കി മാറ്റുന്നതിനും സഹായകമായ ഒരു കൃതിയാണിത്.
ക്രിമിനല്‍ ജുഡിഷ്യറി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും 2006 മുതല്‍ 2020 വരെ പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തിലെ കോടതികളിലെ എല്ലാ ശോചനീയാവസ്ഥകളും പ്രശ്‌നങ്ങളും തേരിട്ടറിഞ്ഞ ഒരു വ്യക്തിയാണ്. ആ അറിവ് ഈ പുസ്തകത്തിന്റെ ആഴവും പരപ്പും ശക്തിയും പകര്‍ന്നു നല്‍കുന്നുണ്ട്.
ഒരു എഴുത്തുകാരന്‍ എന്ന നിലയിലും 2006 മുതല്‍ ക്രമിനല്‍ ജുഡിഷ്യറി സ്റ്റാഫ് അസോസ്യേഷന്റെ സംസ്ഥാനകമ്മിറ്റി അംഗമെന്ന നിലയിലും രണ്ടു തവണ സംസ്ഥാന ട്രഷറര്‍ എന്ന നിലയിലും ബി അനില്‍കുമാറിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ച വ്യക്തി എന്ന നിലയിലും ഈ പുസ്തകം എഴുതി കഴിഞ്ഞ് അത് അച്ചടി മഷി പുരണ്ടു കാണണമെന്നുള്ള ആഗ്രഹത്താല്‍ അതിനുള്ള സഹായം തേടി കയ്യെഴുത്തു പ്രതിയുനായി ആദ്യം വന്നതും എന്റെ അടുത്താണ്. അദ്ദേഹത്തിന്റെ ചെറിയ ചെറിയ ലേഖനങ്ങള്‍ മുമ്പ് വായിച്ചിട്ടുണ്ടെങ്കിലും ഒരു പൂര്‍ണ്ണമായ കൃതി ആദ്യമായി കാണുകയായിരുന്നു. അഞ്ഞൂറിലേറെ പേജുകള്‍ വരുന്ന മൂന്നു ഡയറികള്‍, അതിപ്പോഴും എന്റെ കയ്യിലിരുപ്പുണ്ട്, പക്ഷെ അതെല്ലാം ഒറ്റ ഇരുപ്പില്‍ത്തന്നെ എനിക്കു വായിച്ചുതീര്‍ക്കാനായി. എല്ലാം വായിച്ചു തീര്‍ന്നപ്പോള്‍ അത്ഭുതമാണ് തോന്നിയത്. നല്ല ഭാഷയും പ്രയോഗരീതികളും കൈമുതലുള്ള അദ്ദേഹം എന്തുകൊണ്ട് മുന്നേത്തന്നെ ഒരു എഴുത്തുകാരനായില്ല എന്നതായിരുന്നു എന്റെ അത്ഭുതത്തിന് കാരണം. ഒരു പക്ഷെ സംഘടന നേതൃത്വം നല്‍കുന്ന ഭാരിച്ച ഉത്തരവാദിത്വങ്ങളാലായിരിക്കാം. അല്ലെങ്കില്‍ അദ്ദേഹത്തിന് എഴുതാനുള്ളതെല്ലാം കോടതി അനുഭവങ്ങളായതിനാല്‍ കോടതി ജീവിതം അവസാനിച്ചതിനുശേഷം എഴുതാം എന്നുകരുതി മാറ്റി വെച്ചതാകാം. ഏതായാലും ഇപ്പോള്‍ ഈ പുസ്തകം യാഥാര്‍ത്ഥ്യമാകുകയാണ്.
ഈ പുസ്തകത്തിന്റെ ഡിറ്റിപി, സെറ്റിങ്ങ്, പ്രൂഫ് റീഡിങ്ങ് തുടങ്ങിയ അതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളെല്ലാം എന്റെ നേതൃത്വത്തില്‍ തൃശൂരിനാണ് നടത്തിയത്. ഇത്തരത്തിലൊരു വലിയ പുസ്തകം ആര് പ്രസിദ്ധീകരിക്കും എന്നത് ഒരു കനപ്പെട്ട ചോദ്യമായിരുന്നു. നല്ല സംഖ്യ ചിലവു വരുന്ന കാര്യമായതിനാല്‍ അതൊരു വലിയ കടമ്പയായിരുന്നു. ഈ ഘട്ടത്തില്‍ കൊല്ലത്തുള്ള സുജിലി പബ്ലിക്കേഷനെ സമീപിക്കുവാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത് ഞാനാണ്. അദ്ദേഹം അവരെ കാണുകയും മാറ്റര്‍ തയ്യാറാക്കി നല്‍കാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ തിരുവന്തപുരത്തുള്ള ശ്രേഷ്ഠ ബുക്കാണ് കൂടുതല്‍ സൈകര്യപ്രദം എന്നു കണ്ടെത്തി അദ്ദേഹം അവരെ സമീപിക്കുകയും അവര്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് തയ്യാറാവുകയും ചെയ്തു. ഇപ്പോള്‍ ഈ പുസ്തകം യാഥാര്‍ത്ഥ്യമായിരിക്കുന്നു.
നമ്മുടെ കോടതി ജീവനക്കാര്‍ ഈ പുസ്തകത്തെ വില കുറച്ചു കാണരുത്. പകരം നെഞ്ചോടു ചേര്‍ക്കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ക്രിമിനല്‍ കോടതികളിലെ ജീവിതം ഒരു കാലത്ത് വീര്‍പ്പുമുട്ടിക്കുന്നതും മനം പുരട്ടലുണ്ടാക്കുന്നതുമായിരുന്നു. അത് സഹിക്കാനാകാതെ ജോലി ഉപേക്ഷിച്ചവരും ജീവിതം അവസാനിപ്പിച്ചവരും ഒരു കാലത്ത് ധാരാളമുണ്ടായിരുന്നു. തനി ഫ്യൂഡല്‍ കാലഘട്ടത്തിന്റെ പ്രതിരൂപമായിരുന്ന ഒരു കാലഘട്ടം. മീതേ ജന്മിക്കു സമാനമായി ജുഡിഷ്യല്‍ ഓഫീസര്‍മാരും അവര്‍ക്കു താഴെ കുടിയാന്മാരെപ്പോലെ കോടതി ജീവനക്കാരും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ബി അനില്‍കുമാറിനെപ്പോലുള്ളവര്‍ ക്രിമിനല്‍ കോടതികളില്‍ സര്‍വ്വീസ് തുടങ്ങുന്നത്. യാതൊരു മനുഷ്യവകാശങ്ങളും ലഭ്യമല്ലാതിരുന്ന ജന്മി-കുടിയാന്‍, ഉടമ-അടിമ സമ്പ്രദായത്തോട് അടുത്തുനിന്നിരുന്ന അന്നത്തെ ജുഡിഷ്യറിയില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് അവകാശങ്ങള്‍ ഉന്നയിച്ചാല്‍ ജോലി നഷ്ടപ്പെടുന്നതിനും ജയിലില്‍ അടക്കപ്പെടുന്നതിനുമുള്ള സാധ്യതകള്‍ ഏറെയായിരുന്നു. അവകാശപ്രഖ്യാപനത്തിനോ, തൊഴില്‍ നീതിക്കോ മുറവിളി കൂട്ടാന്‍പോലും കഴിയാത്തവിധം അച്ചടക്കനടപടികളാല്‍ ജീവനക്കാരെ കൂട്ടുവിലങ്ങിട്ടുനിര്‍ത്തിയിരുന്ന, അദ്ധ്വാനഭാരം തുമ്പിയെ കല്ലെടുപ്പിക്കുന്ന മൃഗീയതയേക്കാള്‍ അതിഭീകരമായിരുന്ന ഒരു കാലഘട്ടം ഇന്നത്തെ സൗകര്യങ്ങളില്‍ നിന്നുകൊണ്ടു ചിന്തിക്കുവാന്‍ പോലും സാധിക്കുന്നതല്ല. ഇന്ന് എല്ലാ പ്രശ്‌നങ്ങളും ഇല്ലാതായി എന്നതല്ല മറിച്ച് അദ്ധ്വാനഭാരത്തിന്റെ കാര്യത്തില്‍ വളരെയേറെ പുരോഗത് നേടാനായിട്ടുണ്ട്. അതിനുവേണ്ടി ബി അനില്‍കുമാര്‍ നേതൃത്വം നല്‍കിയിരുന്ന കെ സി ജെ എസ് എ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞാനും സാക്ഷിയും പലതിലും പങ്കാളിയുമാണ്.
ബി അനില്‍കുമാറിന്റെ ‘അനുഭവങ്ങള്‍ സാക്ഷമൊഴികള്‍’ എല്ലാ കോടതി ജീവനക്കാരനും വായിച്ചിരിക്കേണ്ട ഒരു വിശിഷ്ടകൃതിയാണ്. അത് സ്വന്തം ചരിത്രത്തെ ബോധ്യപ്പെടുത്തിതരുന്നതിനോടൊപ്പം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം കൂടി നല്‍കാന്‍ പര്യാപ്തമാണ്.
സംസ്ഥാനതലത്തില്‍ത്തന്നെ കെ സി ജെ എസ് എ ഈ പുസ്തകം ഏറ്റെടുക്കണം എന്നാണ് എനിക്ക് ഇപ്പോഴത്തെ നേതൃത്വത്തോട് വിനീതമായി നിര്‍ദ്ദേശിക്കാനുള്ളത് കാരണം ഈ പുസ്തകം കെ സി ജെ എസ് എ യ്ക്കുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം കൂടിയാണ്. സംഘടനാപ്രവര്‍ത്തനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തിരിച്ചറിയുന്നതിനും പ്രതികൂലസാഹചര്യങ്ങളില്‍ പ്രായോഗികമായി എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും കൃത്യമായ ദിശാബോധം നല്‍കുന്നതാണ് ബി അനില്‍കുമാറിന്റെ ‘അനുഭവങ്ങള്‍ സാക്ഷിമൊഴികള്‍’ എന്നു പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു. ഈ കൃതി കേരളം ഏറ്റെടുക്കട്ടേ എന്ന ആശംസകളോടെ

പിയാര്‍കെ ചേനം

Related Articles

Back to top button