അനുസ്മരണവിരുന്നുകള്‍ – കല്ലാറ്റ് ശ്രീകൃഷ്ണകുമാർ

കല്ലാറ്റ് ശ്രീകൃഷ്ണകുമാറിന്റെ ‘അനുസ്മരണവിരുന്നുകള്‍’ എന്ന പത്തു കഥകളുടെ സമാഹാരം ഈയിടയ്ക്കാണ് വായിക്കാനായത്. പരിചിതവും ശുദ്ധവുമായ ഭാഷയാലും സൂക്ഷ്മമായ വിവരണങ്ങളാലും അതിനേക്കാളേറെ ഉചിതമായ കഥാന്തരീക്ഷത്താലും ലളിതമായ ഇതിവൃത്തത്താലും മെനഞ്ഞെടുത്തതാണ് ഇതിലെ ഓരോ കഥകളും. ഓരോ കഥയുടെ തീരത്തും വന്ന് വെറുതേ കാലുനനച്ച് പോകാനൊരുങ്ങുന്നവരെയെല്ലാം അതിലെ ശക്തമായ അടിയൊഴുക്കുകളാല്‍ ഒഴുക്കികൊണ്ടുപോകുന്നതിനും കഥയുടെ സാഗരത്തിലേയ്ക്ക് വലിച്ചടുപ്പിക്കുവാനും ശക്തമാണ് ഈ കഥകളെല്ലാം. തീവ്രവികാരങ്ങളുടേയും വിചാരങ്ങളുടേയും വേദനകളുടേയും യാതനകളുടേയും കഥകള്‍ പറയുന്ന കല്ലാറ്റ് സമൂഹത്തിലെ സാധാരണക്കാരന്റെ പക്ഷം ചേര്‍ന്നു നിന്ന് സമത്വത്തിനായി പടപൊരുതുന്നുന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍ ഈ കഥകളില്‍ വായനക്കാര്‍ക്ക് അനുഭാവ്യമാകും. ജീവിതത്തിലെ ധര്‍മ്മസങ്കടങ്ങളുടെ കഥകള്‍ പറഞ്ഞുപോകുന്ന കല്ലാറ്റിന്റെ കഥകള്‍ വായനക്കാര്‍ക്ക് വായനയുടെ വസന്തം നല്‍കുമെന്നതില്‍ സന്ദേഹമില്ല.
നമ്മള്‍ എപ്പോഴും നാളേയ്ക്കായി കാത്തിരിക്കുന്നവരാണ്. എപ്പോഴും നാളത്തെ സ്വപ്നങ്ങളില്‍ മുഴുകി അലഞ്ഞുതിരിയുന്നവര്‍. ഒരു വീടുവെയ്ക്കണം. നല്ല പുസ്തകങ്ങള്‍ വായിക്കണം. ജീവിതത്തില്‍ കണ്ടതും അനുഭവിച്ചതും എല്ലാം ഭംഗിയായി മനസ്സില്‍ നിന്ന് പകര്‍ത്തിയെഴുതണം. അങ്ങനെയങ്ങനെയങ്ങനെ. ഇതിനെല്ലാം സമയത്തിനായി കാത്തിരിക്കുന്നവരാണ് നാം ഓരോരുത്തരും അല്ലെങ്കില്‍ നമ്മളില്‍ ബഹിഭൂരിപക്ഷവും. നാളത്തെ കാര്യങ്ങള്‍ ഇന്നുതന്നെ ചെയ്യണം. ഇന്നത്തെ കാര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ചെയ്യണം എന്നു കരുതുന്നവരും പ്രവര്‍ത്തിക്കുന്നവരും ഇല്ലാതല്ല. എങ്കിലും ബഹുഭൂരിപക്ഷം വരുന്ന ജനതയും മേല്‍പറഞ്ഞവരാണ്. അത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയാണ് ഇതിലെ ആദ്യകഥയായ പാദനമസ്‌കാരങ്ങള്‍.
‘വളരെ ദീര്‍ഘമെന്നുതോന്നുന്ന ഈ ജീവിതം ഒന്നുറങ്ങിയുണര്‍ന്ന് ചെറുസമയത്തിനുള്ളിലെന്നപോലെ, എത്രയോ വേഗം മദ്ധ്യാഹ്നം പിന്നിട്ടിരിക്കുന്നു. ഇനി വൈകാതെ മഞ്ഞവെയിലുകള്‍ തെളിയുകയായി, അസ്തമയത്തിന്റെ മൂകതയില്‍ പടര്‍ന്ന് പരക്കുന്ന മഞ്ഞവെയില്‍’ വളരെ ലളിതമായ ഭാഷയിലും കാവ്യത്മകമായ താളത്തിലും തികച്ചും നൈതികമായ ശൈലിയിലുമാണ് കഥ പുരോഗമിക്കുന്നത്. നാമറിയാതെ ജീവിതം കൈവിട്ടുപോകുന്നതിന്റെ ചിത്രം എത്ര കാവ്യാത്മകമായാണ് കഥാകൃത്ത് ഇവിടെ വരഞ്ഞിടുന്നത്.
വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കരിക്കുന്നതിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും വരെ കാത്തിരിക്കേണ്ടി വന്ന അയാള്‍ ഒരു സ്ഥലം കച്ചവടമാക്കുന്നു. എന്നാല്‍ അയാളുടെ മനസ്സില്‍ കുഴിച്ചുമൂടപ്പെട്ട ആചാരങ്ങളും ദുരാചാരങ്ങളും മറ്റുള്ളവരുടെ ചില ദുഃസൂചനകളാല്‍ കൂടുഭേദിച്ച് പുറത്തുചാടുന്നു. അയാള്‍ കണിയാരെ കാണുകയും പരിഹാരത്തിനായി പ്രവൃത്തിപഥങ്ങള്‍ തേടുകയും ചെയ്യുന്നു. ദക്ഷിണയായി കൊടുക്കാന്‍ കൊണ്ടുപോയ വസ്തുക്കള്‍ വില്പനമൂല്യമില്ലാത്തവയായതിനാല്‍ സഹായി തിരിച്ചയക്കുന്നു. പണമായി ദക്ഷിണ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിശ്ചയിക്കാം. എന്നാല്‍ സാധനങ്ങളില്‍ കുറവുവരരുത്. അയാള്‍ നിബന്ധന വെച്ചു. സാധനങ്ങളുമായി വീണ്ടും ചെല്ലുമ്പോള്‍ സഞ്ചിയില്‍ നിന്നും അതെല്ലാം ഒന്നൊന്നായി എടുത്തു പരിശോധിച്ച് വെയ്ക്കുമ്പോള്‍ അയാളുടെ കണ്ണുകളില്‍ കൂടുതല്‍ തിളക്കം. സാധനങ്ങളെല്ലാം അയാള്‍ക്കുള്ളതാണെന്ന് വ്യക്തം. പാദനമസ്‌കാരങ്ങളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ അയാള്‍ സഹായിയെ പുറത്തൊന്നും കണ്ടില്ല. വീട്ടിലേയ്ക്ക് തിരിക്കും വഴി അടുത്തുള്ള ചായക്കടയിലിരുന്ന് ചായകുടിച്ചുകൊണ്ടിരിക്കേ ദക്ഷിണയായി നല്‍കിയ എല്ലാ വസ്തുക്കളും രണ്ടു സഞ്ചിയിലാക്കി കൊണ്ടുപോകുന്നത് കണ്ടതോടെ അയാള്‍ക്ക് എല്ലാം തെളിഞ്ഞുവന്നു. അതയാളില്‍ മനപ്രയാസമുണ്ടാക്കി. ഇത്തരത്തിലുള്ള അനേകം പേരുടെ നീരസങ്ങള്‍ ഏറ്റുവാങ്ങിയാണ് അയാള്‍ ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേയ്ക്ക് നീണ്ടുപോയതെന്ന് അയാള്‍ തിരിച്ചറിഞ്ഞു. വിതച്ചതേ കൊയ്യു. തുല്യ അളവിലല്ല. പതിന്മടങ്ങ് വര്‍ദ്ധിതമായ നിരക്കില്‍. നമ്മള്‍ വിതക്കുന്ന നന്മകള്‍ അനേകമടങ്ങ് നന്മകളായും തിന്മകള്‍ അതേപ്പോലെത്തന്നെ തിന്മകളായും നമുക്കുമേല്‍ വര്‍ഷിക്കുമെന്ന് ഈ കഥ ബോധ്യപ്പെടുത്തുന്നു.
അനുസ്മരണവിരുന്നകളുടെ തുടക്കവാക്യം തന്നെ ഇങ്ങനെയാണ്. ‘വീടിനുമുന്നില്‍ വലിയ വര്‍ണ്ണപ്പന്തലും പാലടയോടുകൂടി വിഭവസമൃദ്ധമായ സദ്യയും നാടടച്ച് ക്ഷണവും വേണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു.’ മരണശേഷമുള്ള ബോധ്യപ്പെടുത്തലുകള്‍. ആരെ കാണിക്കാന്‍. ജീവിച്ചിരിക്കുമ്പോള്‍ നല്‍കേണ്ട ഒരു കരുതലിന് ഇതെല്ലാം പകരമാകുമോ… അയാള്‍ ആ സത്യം കണ്ടെത്തുന്നു. ലോകം മുഴുവന്‍ എന്നും അങ്ങനെയാണ്. അന്യന്റെ വന്‍നഷ്ടങ്ങള്‍ കണ്ടുകണ്ണുനിറച്ചു കരയുംപോലെ നടിക്കും ഒപ്പം ഉള്ളിന്റെ ഉള്ളില്‍ അതെല്ലാം സ്വകാര്യമായി ആഘോഷിക്കപ്പെടുകയും ചെയ്യും. തന്റെ എല്ലാമെല്ലാമായ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന്റെ മനോവേദനയും അരക്ഷിതാവസ്ഥയും വളരെ നന്നായി കഥാകൃത്ത് ഇവിടെ വരഞ്ഞിടുന്നു. മഞ്ഞവെയിലായും ഞെട്ടറ്റ മഞ്ഞയിലകളായും മരണം ഇവിടെ അലഞ്ഞുനടക്കുന്നു.
ഹൃദയസ്പര്‍ശിയാണ് ശ്വാസനൂലുകള്‍ എന്ന കഥ. കുടുംബം പുലര്‍ത്താനായി ആയുസ്സുമുഴുവന്‍ ഹോമിക്കപ്പെട്ട് രോഗിയായി മരണാസന്നനായി കിടക്കുന്ന അച്ഛന്റെ അവസ്ഥ ആരുടേയും കണ്ണുകുതിര്‍ക്കും. ആത്മാവെന്നാല്‍ പ്രജ്ഞയോടുകൂടിയ പ്രകാശമാണ്. അതിന് നാശമില്ല. എല്ലാമറിയാം. എല്ലാം കാണാം. എന്നാല്‍ ശരീരത്തിന് ഒന്നും പറയാനാവില്ല. അനങ്ങാനാവില്ല. ചെയ്യാനാവില്ല. ബന്ധിക്കപ്പെട്ടിരിക്കുന്ന നിര്‍ജ്ജീവമായ ശരീരത്തില്‍ നിന്നും അതിനു സ്വയം പുറത്തുകടക്കാന്‍ കഴിയാത്തവിധം ശാസ്ത്രം വളര്‍ന്നിരിക്കുന്നു. നൈസര്‍ഗ്ഗികമായി കടന്നുപോകേണ്ട ഓരോ വ്യക്തിയുടേയും പ്രാണനെ ശാസ്ത്രം തടഞ്ഞിടുന്നു. ശരീരത്തില്‍ നിന്നും വേര്‍പ്പെടാത്തിടത്തോളം തനിയ്ക്കിനിയും ജീവിക്കണമെന്ന് അയാള്‍ ആഗ്രഹിച്ചുകൊണ്ടിരിക്കും. ഈ ആഗ്രഹത്തെയാണ് ഡോക്ടര്‍ മകന്‍ മാര്‍ഗ്ഗം വേര്‍പ്പെടുത്തുന്നത്. ഇനി ഒരിക്കലും തിരിച്ചുവരവില്ലെന്ന് ബോധ്യം വന്നതിനുശേഷം. ഏറെ സ്‌നേഹിച്ച അച്ഛന്റെ പ്രാണനെ കൂടുതുറന്ന് പറത്തിവിടുമ്പോള്‍ മകനിലെ മനോനിലയും തന്റെ സ്വന്തം പ്രിയപുത്രന്‍ തന്റെ അവസാനശ്വാസത്തെ പുറത്തെടുക്കുന്നതുകണ്ട് കണ്ണുതള്ളിപ്പോയ അച്ഛന്റെ മനോനിലയും ഭ്രാന്തമായാണ് കല്ലാറ്റ് വായനക്കാരനിലേയ്ക്ക് ആവേശിപ്പിച്ചീട്ടുള്ളത്.
അലക്കുയന്ത്രങ്ങള്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥയാണ്. മനുഷ്യന്റെ ദയനീയതയുടെ മുഖങ്ങള്‍ ഇവിടെ വളരെ വ്യക്തമായി വരച്ചിടുന്നു. ‘നിറമില്ലാത്ത ജീവിതങ്ങള്‍ക്ക് നിറം മങ്ങിയ ഉടുപ്പുകള്‍ ഏറെ ചേര്‍ന്നുപോകുമെന്ന് അതു കൊടുത്തവര്‍ കരുതിയിരിക്കും. ദാനമായതിനാല്‍ അതല്ലാതെ മോഹിക്കാന്‍ അവകാശമില്ലാത്തവര്‍ അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യും.’ എന്ന വരികള്‍ എത്ര ആഴത്തിലാണ് ആര്‍ദ്രമായ മനസ്സുകളില്‍ പടര്‍ന്നുകയറുന്നത്. കഥയുടെ അവസാനവാക്കുകളും അതുപോലെ ആകര്‍ഷകമായതാണ്. ‘ജീവിച്ചിരിക്കുമ്പോള്‍ പല ഭൂമിയാണെങ്കിലും മരിച്ചാല്‍ എല്ലാവര്‍ക്കും ഒരു ആകാശമേയുള്ളൂ. അതിനാല്‍ അവരും ഇവിടെയൊക്കെ ഉണ്ടാകും. തീര്‍ച്ച.’
അമ്മയുടെ അടയാളങ്ങള്‍ എന്ന കഥയാണ് ശ്രദ്ധേയമായ മറ്റൊരു കഥ. ദേശാടനപക്ഷിയെപ്പോലെ എപ്പഴോ വരികയും പോവുകയും ചെയ്യുന്ന അച്ഛന്‍ അമ്മയ്ക്കു സമ്മാനിക്കുന്നത് വേദനകള്‍ മാത്രം. അതെല്ലാം നെഞ്ചിലേറ്റി മകനുവേണ്ടി ജീവിക്കുന്ന അമ്മ. കഥാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘സ്വന്തമായി ജീവിതമുള്ളവര്‍ ഏറെ കുറവായിരിക്കും. ആരൊക്കെയോ വീണുപോകാതിരിക്കാന്‍ താങ്ങി നില്‍ക്കുന്ന കുത്തുമരങ്ങള്‍ പോലെ ഒരുപാട് മനുഷ്യജന്മങ്ങളുണ്ട്.’ അയാളുടെ അമ്മയെക്കുറിച്ചും അതാണ് യാഥാര്‍ത്ഥ്യം. അവസാനം ഗതികെട്ട് നിലവിട്ട് അമ്മ പടിയിറങ്ങുന്നു. ആരോടും പറയാതെ, മകനെ ഉറക്കികിടത്തി രാത്രിയുടെ മൂടുപടം വിടര്‍ത്തി അമ്മ അപ്രത്യക്ഷമാകുന്നു. പോലിസുകാരന്‍ വന്ന് അമ്മയുടെ അടയാളങ്ങള്‍ തിരക്കിയപ്പോഴാണ് കുട്ടി അതേക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നത്. അമ്മ ഒരമൂര്‍ത്ത രൂപമായി കുട്ടിയുടെ മുന്നില്‍ ഉറഞ്ഞുതുള്ളി. അവന്റെ കുഞ്ഞുമനസ്സ് ദുഃഖത്താല്‍ പൊള്ളിവിറച്ചു. കണ്ണുകള്‍ പൊട്ടിയൊഴുകി. മുന്നില്‍ വന്ന ബിംബങ്ങളെല്ലാം മിഴിനീരില്‍ അലിഞ്ഞില്ലാതായി. പിന്നെ കൊച്ചുബാല്യം ഓര്‍ത്തെടുത്ത് അടയാളങ്ങള്‍ പറഞ്ഞു. ‘അമ്മ എന്നും എന്നെ പാടിയുറക്കും. കഥകള്‍ പറയും. ഞാന്‍ ഉറങ്ങാതെ അമ്മ ഉറങ്ങാറില്ല. പാട്ടിനും കഥകള്‍ക്കും ഇടയ്ക്ക് അമ്മ ചിലപ്പോള്‍ കരയുമായിരുന്നു. എന്നെ എന്നും പാടി ഉറക്കുന്നതും ഉണര്‍ത്തുന്നതും അമ്മ തന്നെ.’ അമ്മയുടെ അടയാളങ്ങള്‍ ഇതില്‍ കൂടുതല്‍ കുഞ്ഞിനറിയില്ലായിരുന്നു.
ഇരുട്ടിന്റെ മറവില്‍ ഓരോരുത്തരും അവരവരുടെ മാളങ്ങളിലേയ്ക്ക് പിന്‍വാങ്ങിയപ്പോള്‍ കുട്ടിയെ സുമതിയാന്റി അവരുടെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. കുട്ടി വിസമ്മതിച്ച് തന്റെ മുറിയിലേയ്ക്ക് തിരിച്ചു. നൊമ്പരങ്ങളുടെ തീഷ്ണതയാല്‍ അമ്മയുടെ മണമുള്ള കിടക്കയില്‍ കുട്ടി എപ്പഴോ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ കുട്ടി ഒരു സ്വപ്നം കണ്ടു. അകലെ അകലെ ചെമ്മണ്‍പാതകളിലൂടെ അമ്മ നടന്നുവരുന്നു. കുട്ടി മെല്ലെ എണീറ്റു. മുറിയുടെ ചാരിയിട്ട വാതിലിനുപുറത്തുകടന്നു. ചവിട്ടുപടികള്‍ ഇറങ്ങി മുറ്റത്ത് അല്പം നിന്നു. ആരേയും കാണാനില്ല. ഗേറ്റ് തുറന്ന് മേഘമേലാപ്പിലൂടെ ഊര്‍ന്നിറങ്ങുന്ന നിലാവില്‍ നീണ്ടു കിടക്കുന്ന പാതയിലേയ്ക്ക് നോക്കി. അമ്മ അതാ, നടന്നു വരുന്നു. എനിക്കമ്മയുടെ അരികിലേയ്ക്ക് പറക്കണമെന്ന് തോന്നി. നിലാവിലലിഞ്ഞു വീശിയടിക്കുന്ന കുളിര്‍ക്കാറ്റിനോട് ഞാന്‍ കെഞ്ചി. കാറ്റ് എന്നെ പൂവിതള്‍ പോലെ എടുത്തു പറത്തി.
യാഥാര്‍ത്ഥ്യബോധത്തിലൂന്നി ലളിതമായ വാക്കുകളിലൂടെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവന്ന് മാസ്മരികമായ ഒരു തലത്തിലേയ്ക്ക് കഥ പടര്‍ന്നുകയറുന്നു. വായനക്കാരന് യഥേഷ്ടം ചിന്തിക്കാനും കഥ മെനയാനും അവസരങ്ങള്‍ തുറന്നിട്ടുകൊണ്ട് കഥാകാരന്‍ കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
‘ഞങ്ങള്‍ അകത്തുകടന്നപ്പോള്‍ കാറ്റ് ഇറയത്ത് കാത്തുനിന്നു. പിന്നെ നിലാവിനോട് എന്തോ രഹസ്യം പറഞ്ഞു. അത് എനിക്കന്യമായിരുന്നു.’
പത്തുകഥകളുള്‍ക്കൊള്ളുന്ന പത്തു കല്പനകള്‍. എല്ലാം പുതിയ പുതിയ വായനാനുഭവങ്ങള്‍ നല്‍കുന്നവ. വായനക്കരെ നിരാശപ്പെടുത്താത്ത ഒരു കഥാസമാഹാരമാണ് കല്ലാറ്റ് ശ്രീകൃഷ്ണകുമാറിന്റെ അനുസ്മരണവിരുന്നുകള്‍ എന്നു നിസ്സംശയം പറയാം.
പിയാര്‍കെ ചേനം
9495739943