
‘എത്ര നിസ്സഹായരാണ് മനുഷ്യര്‍. എല്ലാവരുമുണ്ടായിട്ടും ആരോരും ഇല്ലാതാകുന്നവര്‍… എല്ലാമുണ്ടായിരുന്നിട്ടും ഒന്നുമില്ലാത്തവര്‍… വൈകാരികമായി, ജൈവികമായി, ആത്മീയമായി അനാഥരാകുന്നവര്‍… ഒരാളോടും ഒന്നുമുരിയാടാനാകാതെ രാപ്പകലുകളില്‍ അലിഞ്ഞുതീരുന്നവര്‍… നാലുചുമരുകള്‍ക്കിടയില്‍ അകപ്പെട്ട് ഓരോ ദിനവും എരിച്ചുതീര്‍ക്കുന്നവര്‍… വിഹ്വലമായ ദാഹത്തോടെ ആരോടെന്നില്ലാതെ തന്നെ ‘ഒന്ന് സ്‌നേഹിക്കു’ എന്ന യാചനയുടെ മുഴക്കങ്ങള്‍ തേങ്ങലുകളായി ഉയര്‍ത്തുന്നവര്‍… തൊണ്ടയില്‍ കുരുങ്ങിയ ഗദ്ഗദങ്ങളെ തലയിണയില്‍ മുഖമമര്‍ത്തി അടക്കം ചെയ്യുന്നവര്‍… എന്തിനേയും നേരിടാനുള്ള ആത്മവിശ്വാസം തകര്‍ക്കപ്പെട്ട് മുന്നില്‍ കാണുന്ന മുഴുവന്‍ മനുഷ്യരെയും ഭയന്ന്, തലകുനിച്ച് ഉള്‍വലിയുന്നവര്‍… ഉറക്കഗുളികകളില്‍ അഭയംതേടി ജീവിതത്തിന്റെ ദശാസന്ധികളെ നിദ്രയില്‍ വിലയംകൊള്ളിക്കുന്നവര്‍…’ എഫ് ബി യിലെ ആ പോസ്റ്റ് ശരിക്കും ഞെട്ടിച്ചുകളഞ്ഞു. അറിയാതെ ഒരു നെടുവീര്‍പ്പ് അവളില്‍നിന്നുയര്‍ന്നു. സാഹചര്യം അനാഥരാക്കുന്നവരെക്കുറിച്ചായിരുന്നില്ല അവള്‍ ചിന്തിച്ചത്. താനും അവരിലൊരാളാണല്ലോ എന്ന തിരിച്ചറിവാണ് ഞെട്ടലുണര്‍ത്തിയത്.
ലോകത്തിന്റെ ഗതി എങ്ങോട്ടാണ്? എന്തിനുവേണ്ടിയാണ് മനുഷ്യരിങ്ങനെ പാഞ്ഞുകൊണ്ടിരിക്കുന്നത്? ആവശ്യത്തിനും അനാവശ്യത്തിനും ചിലവഴിക്കാനുള്ള പണംതേടിയുള്ള പ്രയാണം എവിടെയാണ് എത്തിച്ചേരുക? വിശാലമായ വയലിനെ ചൂണ്ടി ഇതില്‍ ആവശ്യമുള്ളത്ര ഭൂമി നടന്ന് അളന്നെടുത്തോളാന്‍ പറഞ്ഞപ്പോള്‍ ദുരമൂത്ത് അനന്തതയിലേക്ക് നടന്നുപോയവന്റെ കഥ ആര്‍ക്കും മനസ്സിലായില്ലെന്നുണ്ടോ? ആറടി മണ്ണില്‍ ഒടുങ്ങുന്നതുവരേയും എന്തെല്ലാം വേവലാതികള്‍… പരാക്രമങ്ങള്‍… അതിക്രമങ്ങള്‍… ഓരോരോ പരാതികള്‍ പറയുമ്പോഴെല്ലാം അജീഷ് തിരിച്ചുചോദിക്കും.
‘നിനക്കെന്താ പ്രശ്‌നം? വെറുതേ വീട്ടിലിരുന്നാല്‍ പോരേ? എല്ലാ സാധനങ്ങളും ഒരു മാസത്തേക്കുള്ളത് വീട്ടില്‍ കരുതിയിട്ടുണ്ട്. അവയുടെ സ്റ്റോക്ക് തീരുന്നതിനുസരിച്ച് കൊണ്ടുവരുന്നുമുണ്ട്. അവ പാകം ചെയ്യണം കഴിക്കണം. അതുകഴിഞ്ഞാല്‍ നേരം പോക്കാന്‍ ടി വി കാണാം. സോഷ്യല്‍ മീഡിയയില്‍ ആവശ്യമായതെന്തും പരതാം, എഴുതാം. ബാക്കിയുള്ളവന് പാതിരയാകുമ്പോള്‍ മാത്രമാണ് ഒന്നു ശ്വാസം വിടാന്‍പോലും സമയം കിട്ടുന്നത്. എന്നിട്ടും നിനക്കെന്താ ഇവിടെ ഒരു സന്തോഷവും തോന്നാത്തെ?’
‘എത്ര കാലമാണ് ഇങ്ങനെ യന്ത്രമായി നീങ്ങാനാവുക. ഭക്ഷണവും വസ്ത്രവും മാത്രം മതിയോ? ശരീരത്തിന് അതു മതിയായേക്കാം, പക്ഷെ ഞാന്‍ ശരീരം മാത്രമാണോ? പ്രണയപൂര്‍വ്വമുള്ള ഒരു തലോടല്‍… സ്‌നേഹത്തോടെയുള്ള ഒരു വാക്ക്… മുട്ടിയുരുമി നടക്കാനല്പം നിമിഷങ്ങള്‍… ഞാന്‍ ഞാനായിത്തീരാന്‍ അത്രയെങ്കിലും വേണ്ടേ? നിങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലല്ലോ… എന്റെ ശരീരത്തിലേക്ക് നടത്തുന്ന അതിക്രമങ്ങളിലൂടെ നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നുണ്ടല്ലോ… കൂടുതല്‍ ഓര്‍ഡര്‍ കണ്ടെത്തി കമ്പനിയില്‍ നിന്നും കൂടുതല്‍ പണം കണ്ടെത്തുന്നതിലൂടെ നിങ്ങള്‍ സംതൃപ്തിയടയുന്നുണ്ടല്ലോ… എവിടെയും നിങ്ങളുടെ സംതൃപ്തിയാണ് നിങ്ങള്‍ക്ക് പ്രധാനം. നിങ്ങളുടെ സന്തോഷമാണ് മുഖ്യം. വിവാഹം കഴിഞ്ഞ് പത്തുവര്‍ഷത്തിലേറെ പിന്നിട്ടിട്ടും രതിമൂര്‍ച്ഛ എന്തെന്നറിയാത്തവള്‍… തളര്‍ന്നുറങ്ങുന്ന നിങ്ങളില്‍നിന്നും തിരിഞ്ഞുകിടക്കേണ്ടിവരുമ്പോള്‍ ഈ ലോകത്തോടും എന്നോടുതന്നെയും അറപ്പും വെറുപ്പും പുച്ഛവുമാണ് തോന്നാറ്. നിങ്ങള്‍ക്ക് എന്തെങ്കിലും എപ്പോഴെങ്കിലും തിരിച്ചറിയാനായിട്ടുണ്ടോ? അനുനിമിഷം പൊരുകിക്കൊണ്ടിരിക്കുന്ന എന്റെ ആത്മവിന്റെ ദാഹം തീര്‍ക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാവുമോ?’
‘നീയെന്തൊക്കെ ഭ്രാന്താ പറയുന്നേ? ഞാന്‍ ഈ വീടിനുവേണ്ടിയല്ലേ ഓടി നടന്ന് കഷ്ടപ്പെടുന്നത്? എനിക്കും വെറുതേയിരിക്കണമെന്ന് ആഗ്രഹങ്ങളില്ലാതെയാണോ? എന്തിനും ഏതിനും പണം വേണം. അതുണ്ടാക്കാനുള്ള തത്രപ്പാടുകളില്‍കുടുങ്ങി ഒരു അടിമയെപ്പോലെ ഞാന്‍ പാഞ്ഞുക്കൊണ്ടിരിക്കുന്നു. അതിന്റെ ബുദ്ധിമുട്ടുകള്‍… അനുഭവിക്കുന്ന പിരിമുറുക്കങ്ങള്‍… ഇതെല്ലാം ഞാന്‍ ആരോട് പറയും? ഓരോ മാസവും കൊണ്ടുകൊടുക്കുന്ന ഓര്‍ഡറുകളില്‍ കുറവുവന്നാല്‍ കമ്പനിയുടെ മുറുമുറുപ്പ്. ഇന്ന് സഞ്ചരിച്ചതിനേക്കാള്‍ ഒരടിയെങ്കിലും മുന്നോട്ടുപോകണമെന്ന് ശഠിക്കുന്ന മാനേജ്‌മെന്റ്. അതിനിടയില്‍ എന്റെ ശക്തിയും ഓജസ്സും യൗവനത്തോടെപ്പം പിടിവിട്ടുപോകുന്നത് ഞാന്‍ പോലുമറിയാതെയാണ്. മറ്റാരെയെങ്കിലും ഓര്‍ക്കാന്‍പോലും എനിക്കുസാധ്യമാവുന്നില്ല. നീ പറയുന്ന നിന്നോടുള്ള അതിക്രമങ്ങള്‍ ഞാന്‍ പോലും അറിയാതെ ചെയ്തുപോകുന്ന ശരീരത്തിന്റെ ചില ബലഹീനതകള്‍. എനിക്കവിടെയും പിടിച്ചുനില്‍ക്കാനാവാറില്ല. സാമ്പത്തികഇടപാടുകളെ നട്ടുവളര്‍ത്താന്‍ വെള്ളവും വളവുമായി എന്നിലെ പ്രണയത്തെപോലും ഈ വ്യവസ്ഥിതി ഉപയോഗിക്കുകയാണ്. എന്റെ ചിന്താമണ്ഡലം മുഴുവന്‍ ഇന്ന് നിറച്ചുവെച്ചിരിക്കുന്നത് എന്റെ കര്‍മ്മഭൂമി മാത്രമാണ്.’
‘അതുതന്നെയാണ് എന്റെയും സംശയം. ഇതെല്ലാം എന്തിന്? ആര്‍ക്കുവേണ്ടി?’
‘എനിക്കൊന്നും മനസ്സിലാവുന്നില്ല. നീ പറയുന്നതും എന്നെത്തന്നെയും. എനിക്കുനിന്നെ ഇഷ്ടമാണ്. പക്ഷെ എനിക്കറിയില്ല. അല്ലെങ്കില്‍ ഈ ഒഴുക്കിനിടയ്ക്ക് എനിക്ക് കഴിയില്ല നിന്റെ കൊച്ചുകൊച്ചുമോഹങ്ങളെ താലോലിക്കാന്‍…’
വീടിനടുത്തുള്ള കോള്‍പടവില്‍ പോയി ഒരു സായാഹ്നം ചിലവഴിക്കണമെന്ന് അജീഷിനോട് പറയാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി. അവിടത്തെ പടിഞ്ഞാറന്‍കാറ്റേറ്റ് മനസ്സിനെ ഒന്നു കുളിര്‍പ്പിക്കാനുള്ള മോഹം കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് ഏറെകാലമായി. ഹരിതകമ്പളംപോലെ അതിവിശാലമായി കിടക്കുന്ന ആ കോള്‍പടവിലേക്കുള്ള യാത്ര… അത് മനസ്സില്‍ കുറേയായി കുറുകിക്കൊണ്ടിരിക്കുന്നു. അത് വെറുമൊരു വയലിലേക്കുള്ള യാത്രയല്ല. ഒരു ആവാസവ്യവസ്ഥയിലേക്കുള്ള യാത്രയാണ്. ഈ നാടിന്റെ സംസ്‌കൃതിയിലേക്കുള്ള യാത്രയാണ്. ജീവിതത്തിലേക്കുള്ള യാത്രയാണ്. ഓരോ കാലടികള്‍ പിന്തുടരുമ്പോഴും ഓരോ കഥകള്‍ കൈമാറാനാകുന്ന യാത്ര. ഒരുക്കൂട്ടിവെച്ചിരിക്കുന്ന ഓരോരോ കഥകള്‍ പറയുമ്പോഴും കേള്‍ക്കുമ്പോഴും അഹം ശൂന്യമാകുന്നതിന്റെയും നിറയുന്നതിന്റെയും സുഖം തരുന്ന യാത്ര. ഇതെല്ലാം അനുഭവിച്ചുതന്നെ അറിയണം. ശൂന്യമാകാത്തിടത്ത് നിറയ്ക്കാനാവില്ലല്ലോ… പരസ്പരം ഒഴിഞ്ഞ് നിറയുകയും നിറഞ്ഞൊഴുകുകയും ചെയ്യുമ്പോള്‍ യുഗങ്ങള്‍ താണ്ടുന്നതിന്റെ സുഖമാണ്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഒന്നായി ചേരുന്നതിന്റെ നിര്‍വ്വികാരമാണ്. നിരാനന്ദമാണ്. ഹിമാലയസാനുക്കളില്‍ കൊടിയ മൗനത്തില്‍ തപസ്സിരിക്കുന്നവരും ജീവിതത്തെ അറിയുന്നുണ്ട്. അവരുടെ യാത്രകളും ശൂന്യതയിലേക്കുള്ള ഒഴിയലും നിറയലുമാണ്. പക്ഷെ അവരുടെ മാര്‍ഗ്ഗമല്ലല്ലോ ഒരു കുടംബിനിയുടേത്. ഒരുക്കൂട്ടിവെച്ചിരിക്കുന്ന വിചാരങ്ങളെ തുറന്നുവിടാനാകുമ്പോഴേ പുതിയവയ്ക്ക് പിറവിയെടുക്കാനാവൂ. തളച്ചിടപ്പെടുന്ന വിചാരങ്ങള്‍ക്ക് നടുവില്‍ കാവലിരിക്കുകയെന്നത് ഭയാനകമാണ്. അവയെ ഒഴുക്കിവിടാനാകണം. അതിന് ഏറ്റവും അടുത്ത് എല്ലാ പരാതികളും പരിഭവങ്ങളും കേള്‍ക്കാനും അതിനോട് ആത്മാര്‍ത്ഥമായി പ്രതികരിക്കാനും മനസ്സുള്ള ഒരു കൂട്ടാളി ആര്‍ക്കായാലും ആവശ്യമാണ്. എന്നാല്‍ അതിന് സാധ്യമാകാത്തവിധം എല്ലാ കൈവഴികളും അടച്ചുകളഞ്ഞാല്‍ അതിനുള്ളില്‍ മുങ്ങിമരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളെന്താണ്?
ഓരോ ആഴ്ചയിലും ഈ ആവശ്യം ഉന്നയിക്കുമ്പോഴും വരാതിരിക്കാന്‍ അജീഷിന് ഓരോരോ കാരണങ്ങളുണ്ടായിരിക്കും. അത് കൂടുതല്‍ അസ്വാസ്ഥ്യങ്ങളുണ്ടാക്കും, അപ്പോഴെല്ലാം വെറുതേ പൊട്ടിത്തെറിക്കും. അപ്പോള്‍ അജീഷ് സമാധാനിപ്പിക്കും.
‘സ്വാസ്ഥ്യം കണ്ടെത്താന്‍ ധ്യാനമാണ് ഏറ്റവും നല്ല മാര്‍ഗ്ഗം, സജന…’
‘പക്ഷെ, ധ്യാനം എന്നത് വേറിട്ടൊരു പ്രക്രിയയല്ല. വായന ധ്യാനമാണ്. വീട്ടുവേലകള്‍ ചെയ്യുന്നതും ധ്യാനം തന്നെ. പണമുണ്ടാക്കാനായി അജീഷ് അലിഞ്ഞു ചേര്‍ന്നിരിക്കുന്നതും ധ്യാനംതന്നെയാണ്. പക്ഷെ ഏതു നിമിഷത്തിലാണോ ഉള്ളത് ആ നിമിഷത്തിലാണ് നാം ജീവിക്കേണ്ടത്. ഇവിടെ അതു നടക്കുന്നുണ്ടോ? അതുതന്നെയാണ് ഇവിടത്തെ പ്രശ്‌നങ്ങളും. ഒന്നിച്ചു ശയിക്കുമ്പോള്‍ പോലും കൂടുവിട്ടുപായുന്ന മനസ്സിനെ മെരുക്കാതെ പുറമേ ഓടിനടക്കുന്നവനോട് എന്തു പറയാന്‍? അവിടെയും നടക്കേണ്ടത് ധ്യാനംതന്നെയാണ്. മനസ്സിനെ മറ്റു പലയിടത്തും മേയാന്‍വിട്ട് ജഡാവസ്ഥയില്‍ ചെയ്യുന്ന കര്‍മ്മങ്ങളെ എങ്ങനെ ധ്യാനമായി കാണാനാവും. വീട്ടിലെത്തിയാലെങ്കിലും വീട്ടുകാരനാവണ്ടേ… പങ്കാളിയുടെ ഗന്ധം നുകരാന്‍, ഹൃദയത്തിന്റെ മര്‍മ്മരങ്ങള്‍ ശ്രവിക്കാന്‍, അവളുടെ ഉണര്‍ച്ചകളും തളര്‍ച്ചകളും തിരിച്ചറിയാന്‍, അവളേയും തന്നിലേക്കുയര്‍ത്തി ഒന്നാക്കിത്തീര്‍ക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ എങ്ങനെ ധ്യാനമായിത്തീരും. ഇതെല്ലാം ഒരാളെ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. പറഞ്ഞുവാങ്ങിക്കേണ്ടവയാണോ ഇതെല്ലാം. ഇതുതന്നെയാണ് ആത്മാവിന്‍ ചിതയെരിച്ചു കാത്തിരിക്കുന്നവരുടെ അവസ്ഥകള്‍. ആ അഗ്നിയില്‍ സ്വയം വെന്തുരുകിത്തീരുകയല്ലാതെ മറ്റെന്തിനാണ് ഇത്തരക്കാര്‍ക്ക് സാധിക്കുക.’
സാധാരണയായി രാത്രി വൈകിയാണ് അജീഷ് എത്തുക. അപ്പോഴേക്കും കുട്ടികള്‍ അടുത്ത ദിവസത്തേക്കുള്ള അവരുടെ പാഠഭാഗങ്ങളെല്ലാം പഠിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങിയിട്ടുണ്ടാവും. കുളിച്ചതിനുശേഷം ഭക്ഷണം കഴിച്ച് സ്റ്റഡിടേബിളില്‍ ചെന്നിരുന്ന് അന്നത്തെ ബിസിനസ്സ് അവലോകനങ്ങള്‍ സ്വയം നടത്തും. ഏറെ നേരത്തെ കുത്തിക്കുറിക്കലുകളും കണക്കുകളുടെ ക്രമപ്പെടുത്തലുകളും കഴിഞ്ഞ് അകത്ത് വരുമ്പോള്‍ പറയാനുള്ള വിശേഷങ്ങളെല്ലാം ഒരുക്കൂട്ടി കാത്തിരിക്കും. നീണ്ടുനിവര്‍ന്നു കിടക്കുമ്പോള്‍ അടുത്ത് പറ്റിചേര്‍ന്ന് കിടക്കും. ആ ശരീരഗന്ധം ആസ്വദിച്ചുകൊണ്ട് പലതും കൊതിക്കും. പിന്നെ ഓരോ വിശേഷങ്ങള്‍ പുറത്തെടുക്കും. അതിന് ഓരോ മൂളലുകള്‍ മറുപടിയായി വരും. ഇപ്പോള്‍ തനിക്കുനേരെ തിരിയുമെന്നും തന്നോട് മധുരമായി സംസാരിക്കുമെന്നും തന്നെ ആ ശരീരത്തോട്, ആ ഹൃദയത്തോട്, ചേര്‍ത്തുപിടിക്കുമെന്നും കരുതി പ്രതീക്ഷയോടെ വീണ്ടുംവീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും. അപ്പോഴേക്കും മൂളലുകള്‍ക്കുപകരം കൂര്‍ക്കംവലികള്‍ ഉയരാന്‍ തുടങ്ങും. അതുവരെ തടഞ്ഞുനിര്‍ത്തപ്പെട്ട അണകള്‍ അപ്പോഴാണ് പൊട്ടിപ്പിളരുക. അതിന്റെ അലതല്ലിയൊഴുക്കില്‍ മിഴികള്‍ നിറഞ്ഞൊഴുകുകയും ഗദ്ഗദങ്ങള്‍ വിസ്‌ഫോടനങ്ങള്‍ തീര്‍ത്ത് പുറത്തേയ്ക്ക് ബഹിര്‍ഗമിക്കുകയും ചെയ്യും. തൊണ്ട വരണ്ട് നെഞ്ചുകലങ്ങി തലയിണയില്‍ മുഖംപൂഴ്ത്തി എല്ലാം ഒതുക്കും. മിഴികള്‍ അടച്ചുപിടിക്കുമ്പോഴും കാഴ്ചകള്‍ കണ്ണുകളില്‍ തെളിഞ്ഞുകത്തും. അതിന്റെ പ്രകാശത്തെളിമയില്‍ കാണാന്‍ ആഗ്രഹിക്കാത്തതെല്ലാം വ്യക്തമായി തെളിമയോടെ കാണും. പിന്നെ ഉറക്കത്തിനായി നേരം പുലരുവോളം കാത്തുകിടക്കും. അശാന്തമായ മനസ്സ് നിദ്രയെ ആട്ടിയോടിക്കാന്‍ നിതാന്തശ്രമത്തിലായിരിക്കും. എപ്പഴോ ഉറക്കത്തിലേക്ക് വഴുതിയെത്തുമ്പോഴായിരിക്കും അജീഷ് വിളിച്ചുണര്‍ത്തുക. അന്നേരം പകലിന് തീ പിടിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. പിന്നെ തിരക്കടിച്ച് അടുക്കളയിലേക്ക് ഓടും. ബ്രേക്ക്ഫാസ്റ്റ് റെഡിയാകുമ്പോഴേയ്ക്കും അജീഷ് പോകാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടാവും. മനസ്സില്‍ ഒരുക്കൂട്ടി വെച്ചിരിക്കുന്ന മോഹങ്ങളെ അപ്പോള്‍ത്തന്നെ കുഴിച്ചുമൂടും. ഇങ്ങനെ കുഴിച്ചുമൂടപ്പെട്ട അനന്തകോടി ശവങ്ങളെ അടക്കം ചെയ്ത ശ്മശാനമായി മനസ്സ് എന്നേ മാറിക്കഴിഞ്ഞു. തനിച്ചിരിക്കുമ്പോഴാണ് കഷ്ടം. കുഴി മാന്തിത്തുറന്ന് ഓരോന്നോരോന്നായി പുറത്തു വരും. അവര്‍ ചുറ്റിലും നിരന്നു നില്‍ക്കും. പിന്നെ വിചാരണയാണ്. സായംസന്ധ്യയില്‍ കോള്‍പടവിന്റെ പടിഞ്ഞാറേ കരയില്‍ നിഴല്‍ വിരിച്ചുനില്‍ക്കുന്ന തെങ്ങിന്‍ത്തലപ്പുകള്‍ക്കിടയിലൂടെ സിന്ദൂരക്കുറിയായി മാഞ്ഞുപോകുന്ന സൂര്യനെ കാണാന്‍ അജീഷുമൊത്ത് ഒരിക്കലെങ്കിലും പോകണമെന്ന മോഹമാണ് ആദ്യം വിചാരണക്കൊരുങ്ങുക.
‘അഞ്ചുമിനിറ്റു നടന്നാല്‍ തരിശുപടവിന്റെ തീരത്തെത്താം. പത്തു മിനിറ്റ് അവിടെയിരുന്നാല്‍ ആ സിന്ദൂരപ്പൊട്ട് താഴ്ന്നുപോകുന്നത് കാണാനാവുമായിരുന്നല്ലോ… അല്പസമയം മാത്രമല്ലേ അതിന് കരുതേണ്ടത്. അതുപോലും നിനക്കുനിഷേധിക്കുന്നവന്റെ കൂടെ നീ എന്തിനിനിയും കഴിയണം?’
‘എന്റെ മക്കള്‍…’
‘ആ ചിന്ത അവനും ബാധകമല്ലേ?’
‘അതും ശരിയാണ്.’
‘പിന്നെ എന്തിന് ഒരാള്‍ മാത്രം ഇതെല്ലാം താങ്ങി നടുവൊടിക്കണം?’
ശരിയാണ് അലസമായ കുറച്ചു നിമിഷങ്ങള്‍ കൊണ്ടുവരുന്ന നയനമനോഹരമായ ആ നിമിഷങ്ങള്‍ അനുഭവിക്കാന്‍പോലും തനിക്ക് യോഗമില്ലാതെപ്പോയി. കാഴ്ച കാണുന്നതിലല്ല, കൂടെ നടക്കുന്നതിലാണ്. തനിക്കു വേണ്ടപ്പെട്ടവന്റെ സാന്നിദ്ധ്യത്തില്‍… അവനെ തൊട്ടുരുമ്മി, ചിന്തകളെ കാന്തികവൈദ്യുതിയാക്കി അവന്റെ ഹൃദയത്തിലേക്ക് കൈമാറാന്‍ കഴിയുകയെന്നതാണ് പ്രധാനം. തന്റെ ഹൃദയമര്‍മ്മരങ്ങളിലേക്ക് കാതുചേര്‍ക്കാന്‍ ഒരു മനസ്സ്… തന്റെ നിശ്വാസത്തിന്റെ ചൂടിലൂടെ ഉള്ളം പകുത്തറിയുകയെന്നതാണ് മുഖ്യം. കാഴ്ചകള്‍ തനിച്ചുപോയാലും കാണാം. പക്ഷെ, അതിലോലമായ ആ കാന്തികപ്രഭയെ തന്റെ മറുപാതിയോടൊത്ത് അലിഞ്ഞിരുന്ന് സ്വന്തമാക്കാന്‍ ഒരു മോഹം. ആ അനുഭവം സമ്മാനിക്കാന്‍ പ്രാപ്തനായ ഒരുവന്റെ അഭാവമാണ് ഇന്നത്തെ കൊടുംവേദനയായി ഹൃദയത്തെ നീറ്റിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാമാണ് എപ്പോഴും ചിന്തകളില്‍ തീ പടര്‍ത്തി ചുട്ടുപൊള്ളിക്കുന്നത്. അനന്തതയിലേക്കെന്നോണം പച്ചവിരിച്ചു കിടക്കുന്ന പടിഞ്ഞാറന്‍ കോള്‍പ്പടവിന്റെ വരമ്പിലൂടെ കുറച്ചുദൂരം സജീഷിനോടൊപ്പം കൈകോര്‍ത്തുപിടിച്ച് നടക്കണമെന്ന മോഹം ഇത്തരം ചിന്തകളുടെ പ്രേരണയാവാം. പ്രകൃതിയ്ക്ക് തുറന്നുകൊടുക്കാന്‍ കഴിയാത്ത വാതിലുകളില്ലല്ലോ? ഈ സുക്ഷ്മപ്രപഞ്ചത്തില്‍ ഒരു മോഹവും നിഷ്ഫലമല്ല, ഒരാഗ്രഹവും അസാദ്ധ്യവുമല്ല. അതിനെല്ലാം അനേകം പ്രതിസ്ഫുരണങ്ങളുണ്ടാക്കാനുള്ള മാസ്മരിക ശക്തിയുണ്ട്. കോള്‍പടവിന്റെ ഹരിതാഭ നിറഞ്ഞ തുറസ്സായ ഇടങ്ങളിലേക്ക് വിരുന്നെത്തുന്ന ഞാറയും മുണ്ടിയും പവിഴക്കാലിയും വാലുകുലുക്കിയും അനേകതരത്തിലുള്ള ഹെറോണുകളും ഐബിസും മറ്റനേകം പേരറിയാത്ത പക്ഷികളും ഇത്രയും ദൂരം സഞ്ചരിച്ചെത്തുന്നതും ഇതൊക്കെ തിരഞ്ഞുതന്നെയാണ്. അല്ലായിരുന്നെങ്കില്‍ അവയെല്ലാം സൈബീരിയയിലോ നൈല്‍ത്തടങ്ങളിലോ ഹിമാലയസാനുക്കളിലോ മാത്രം നിത്യവും കുടിയിരുന്നാല്‍ മതിയായിരുന്നില്ലേ…
മുടക്കുദിവസങ്ങളില്‍ അങ്ങോട്ടെല്ലാം പോകണമെന്ന് പലപ്പോഴും അജീഷിനോട് പറയാറുണ്ട്. എന്നാല്‍ അതിനുള്ള അവസരം വരുമ്പോഴെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഓരോ പുതിയ തീരങ്ങളിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അങ്ങേര്‍ക്ക് തന്നോട് നീതി പുലര്‍ത്താനാകാറില്ല. സമ്പത്ത് ഒരുക്കൂട്ടി വെയ്ക്കുന്നതിലാണ് എപ്പോഴും ശ്രദ്ധ. ഉപയോഗിക്കാത്ത സമ്പാദ്യങ്ങള്‍കൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മനസ്സിലാക്കുമ്പോഴേയ്ക്കും കാലം കടന്നുപോയിരിക്കുമെന്ന് പലവട്ടം പറഞ്ഞുനോക്കിയിട്ടുണ്ട്. പക്ഷെ അതെല്ലാം ഉള്‍ക്കാഴ്ചയായി തെളിഞ്ഞുകത്തണ്ടേ?
മടുത്തു. ഇനി വേണ്ട. മക്കള്‍ എന്റേതുമാത്രമല്ലല്ലോ… ഞാനുണ്ടായിട്ടും ഒന്നും പ്രത്യേകിച്ച് ഈ ലോകത്ത് സംഭവിക്കാത്തതുപോലെ, ഞാനില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. തന്നെത്തന്നെ പ്രണയിച്ച് കഴിഞ്ഞുകൂടാന്‍ പരിശീലിക്കുന്ന ഇന്നത്തെ തലമുറയോട് ഒത്തുപോകാന്‍ ഒരിക്കലുമാകുന്നില്ല. ശരീരത്തില്‍നിന്നും പ്രപഞ്ചത്തിലേക്ക് വ്യാപിച്ചുകിടക്കുന്ന വ്യക്തിപ്രഭാവത്തിന്റെ തിരകള്‍ എല്ലാ അചേതനസചേതനവസ്തുക്കളുമായി കൂടിക്കലര്‍ന്നിരിക്കുന്നു. പ്രപഞ്ചം മുഴുവന്‍ ഒന്നായി ചേര്‍ന്നുനില്‍ക്കുന്ന ആവാസവ്യവസ്ഥയെ ആര്‍ക്കാണ് ലംഘിക്കാനാവുക? ആത്മാവിന്റെ മിഴികള്‍ തുറന്ന് അടുത്തുള്ളവയെ കണ്ടറിയാനും സ്‌നേഹിക്കാനുമാണല്ലോ ഓരോ ജന്മങ്ങളും. കാഴ്ചകള്‍ തെളിഞ്ഞു കത്തുമ്പോള്‍ അതിനുവിപരീതമായി എങ്ങനെ മുന്നോട്ടു പോകാം. ഇല്ല, എനിക്കിനിയും ഇങ്ങനെ മുന്നോട്ടു പോകാനാവില്ല. കുട്ടികള്‍ സ്‌കൂളില്‍ പോയിരിക്കുകയാണ്. അജീഷ് പാതിരയാവാതെ വീടെത്താന്‍ സാദ്ധ്യതയില്ല. ആണ്‍കുട്ടികളായതിനാല്‍ അമ്മയുടെ വിയോഗം അവര്‍ വേഗംതന്നെ തരണം ചെയ്‌തേക്കാം.
അവള്‍ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു. അതിനായി ബെഡ്‌റൂമിലെ സീലിംഗ് ഫാനിന്റെ ഹുക്കില്‍ സാരിയെടുത്ത് കുരുക്കി. ഡ്രോയിംഗ് റൂമില്‍ കിടന്നിരുന്ന ടീപോയ് കട്ടിലിനുമുകളില്‍ കൊണ്ടുവന്നുവെച്ചു. ഉയരം ശരിയാക്കി അവള്‍ തയ്യാറായി നിന്നു. കുരുക്കുകള്‍ കഴുത്തില്‍ മുറുക്കി കാലുകളാല്‍ ടീപോയ് മറിച്ചിടുന്നതോടെ എല്ലാം തീരണം. ഒരു നിമിഷം അവള്‍ തന്റെ മാതാപിതാക്കളെ ഓര്‍ത്തു. ചെറുപ്പത്തില്‍ത്തന്നെ ഏകാന്തതയുടെ തടവുകാരിയാക്കി തന്നെ വിട്ടുപോയ അമ്മയുടെ മുഖമാണ് വ്യക്തമായി തെളിഞ്ഞുനിന്നത്. ആരോടും ഒന്നും പറയാതെയാണ് അമ്മയും ഇവിടം വിട്ടുപോയത്. പിന്നെ മറ്റൊന്നും ചിന്തിക്കാന്‍ നിന്നില്ല. ഒരു നിമിഷം ആരോടെന്നില്ലാതെ പ്രാര്‍ത്ഥിച്ചു. കുരുക്ക് കഴുത്തില്‍ ശരിയായ സ്ഥാനത്തല്ലെയെന്ന് ഒരിക്കല്‍കൂടി പരിശോധിച്ചു. ഒരൊറ്റ ആഴലില്‍ തീരണം. അല്ലെങ്കില്‍ കഴുത്തുമുറുകി കണ്ണുതള്ളി വെപ്രാളപ്പെടേണ്ടി വരും. കാണുന്നവര്‍ക്ക് അത് ഭീകരത നല്‍കും. എല്ലാം ഭദ്രമെന്ന് ഉറപ്പായപ്പോള്‍ കാലുകള്‍ ടീപോയില്‍ ചലിപ്പിച്ചു. തട്ടിമറിക്കാന്‍ ഒരു കാല്‍ ഉയര്‍ത്തിയതും കോളിംഗ്‌ബെല്‍ ശക്തമായി അടിച്ചു. ആരായിരിക്കും. ഈ നേരത്ത് ആരും വരാനില്ലല്ലോ… ആരെന്നറിയാന്‍ ജിജ്ഞാസയായി. അജേഷ് പാതിരാത്രിയേ എത്തൂ. മക്കള്‍ നാലുമണിക്കും. അപ്പോള്‍ ആരായിരിക്കും ഈ നേരത്ത് വന്നിട്ടുണ്ടായിരിക്കുക. അറിയാനുള്ള കൗതുകം മനസ്സില്‍ കത്തിപ്പടര്‍ന്നു. വേഗം താഴെ ഇറങ്ങി. ബെഡ് റൂമിന്റെ വാതില്‍ അടച്ചു. പുറത്തെ വാതിലിനടുത്തേക്ക് നടന്നു. വാതില്‍ തുറന്നപ്പോള്‍ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കണ്‍മുന്നില്‍ അജീഷ് നില്‍ക്കുന്നു. അവന്‍ ചെറിയൊരു പരിഭ്രമത്തോടെയാണ് തന്നെ നോക്കുന്നത്. ഉള്ളിലെ വെപ്രാളത്തെ കപടമായി ഒതുക്കി അവനോടാരാഞ്ഞു.
‘എന്തേ അവിചാരിതമായി?’
‘മനസ്സിന് തീരെ സുഖമില്ല. ഒരു മടുപ്പ്, ലീവെടുത്ത് പോന്നു.’
‘അങ്ങനെ സംഭവിക്കാത്തതാണല്ലോ?’
‘എന്റെ സജി… ഇന്നലെ വരെയുള്ള ഞാനല്ല ഇപ്പോള്‍. ജീവിതത്തിലേക്ക് കണ്ണുതുറന്നത് ഇപ്പോഴാണ്. അല്ലെങ്കില്‍ രമേഷ് എന്റെ കണ്ണു തുറപ്പിച്ചു എന്നുപറയാം.’
‘രമേഷ് എന്തുചെയ്‌തെന്നാ?’
‘അവന്‍ ആത്മഹത്യ ചെയ്തു. ഇത്രയും നാള്‍ ഓടിനടന്ന് സമ്പാദിച്ചിട്ടും ഒരിടത്തുമെത്താതെ അവന്‍ എല്ലാം അവസാനിപ്പിച്ചു. സത്യത്തില്‍ അവനായിരുന്നല്ലോ എന്റെ ഗുരു. അവന്‍ പണം സമ്പാദിക്കുന്നതുകണ്ടാണല്ലോ ഞാനും ഇങ്ങനെയൊക്കെ ഓടിക്കൊണ്ടിരുന്നത്.’
അവള്‍ മിഴിച്ചുനിന്ന് എല്ലാം കേട്ടു. പിന്നെ രണ്ടുപേരും അകത്തേക്കുകടന്ന് സെറ്റിയില്‍ ഇരുന്നു. അജീഷ് തുടര്‍ന്നു.
‘രമേഷിന്റെ വീട്ടില്‍ തലതാഴ്ത്തി ഒഴിഞ്ഞ ഒരിടത്ത് എന്തൊക്കയോ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആരോ എന്റെ തോളില്‍ത്തട്ടിയുണര്‍ത്തിയത്. എന്റെ ഒരു പഴയ സഹപാഠിയായിരുന്നു. രമേഷിന്റെ മരണവാര്‍ത്തയറിഞ്ഞ് വന്നതായിരുന്നു. അവന്‍ പറഞ്ഞു. നമുക്ക് ശരീരം മാത്രമല്ല ഒരു മനസ്സുമുണ്ട്, ഹൃദയമുണ്ട്, ആത്മാവുണ്ട്. ഈ ലോകത്തിലെ എല്ലാ ഓട്ടങ്ങളും ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണ്. ആത്മാവിന്റെ സൗഖ്യം ആരും തിരിച്ചറിയുന്നില്ല, ശ്രദ്ധിക്കുന്നില്ല. ഇങ്ങനെ ഓരോരുത്തര്‍ വീണുപോകുമ്പോഴെങ്കിലും കാര്യങ്ങളെ പുനര്‍വിചിന്തനം ചെയ്യണം. രമേഷ് ഇത്രയും കാലം ഓടിനടന്ന് ഉണ്ടാക്കിയതെല്ലാം ഇപ്പോള്‍ വ്യര്‍ത്ഥമായില്ലേ? അവന്റെ ജീവിതം ആര്‍ക്കുവേണ്ടിയാണ് ബലിയര്‍പ്പിക്കപ്പെട്ടത്?’ ഞാനപ്പോഴാണ് എന്റെ ഒടുങ്ങാത്ത ഓട്ടത്തെക്കുറിച്ചും വീടിനെക്കുറിച്ചുമോര്‍ത്തത്. ശരീരംപോലെത്തന്നെ പ്രധാനമാണ് മനസ്സ്, ചിന്തകള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ശാന്തി, സമാധാനം എല്ലാം… എന്നാല്‍ നമ്മള്‍ ശരീരത്തിനപ്പുറം കടക്കുന്നുണ്ടോ? സ്വന്തം കാര്യത്തിനുമാത്രമല്ലേ പ്രാധാന്യം? നിന്റെ മുഖം വീര്‍പ്പിക്കലിന്റെയും കണ്ണുനീരിന്റെയും കാരണങ്ങളിലേയ്ക്ക് എന്നെ വലിച്ചുകൊണ്ടുവന്നത് ആ ചിന്തയാണ്. ഞാനെന്തൊരു ദ്രോഹിയായിരുന്നു. എന്നെ മാത്രം സ്‌നേഹിച്ച് ഓടി നടന്ന ഒരു വിഡ്ഢി.’ ഒന്നു നിര്‍ത്തിയശേഷം അജീഷ് തുടര്‍ന്നു. ‘നമുക്കിന്ന് നിന്റെ ഇഷ്ടാനുസരണം എവിടെയാണെങ്കില്‍ പോകാം. പണസമ്പാദനം മാത്രം ലക്ഷ്യമാക്കിയ ഓട്ടങ്ങള്‍ ഞാന്‍ നിര്‍ത്തുകയാണ്. കണ്ണുള്ളപ്പഴേ കാണാനാവൂ. കാതുള്ളപ്പഴേ കേള്‍ക്കാനാവൂ. ശരീരത്തില്‍ നിന്നു പുറത്തേക്കൊഴുകുന്ന, നീ പറയാറുള്ള ആ ഏഴുവര്‍ണ്ണങ്ങള്‍ എനിക്കും തിരിച്ചറിയണം. നമ്മളറിയാത്ത ആ അദൃശ്യപ്രപഞ്ചങ്ങളെ എനിക്കറിയണം. എനിക്കുപ്രണയിക്കണം. എന്നെത്തന്നെ… എന്റെ പരിസരങ്ങളെ… എനിക്കു ചുറ്റിലുമുള്ള സര്‍വ്വചരാചരങ്ങളെ… നിന്നെ, മക്കളെ, ഈ വീടിനെ… കുറച്ചെങ്കിലും കാറ്റുംവെളിച്ചവും കടന്നുവരുന്നതിനായി എന്റെ ഹൃദയകവാടങ്ങള്‍ ഞാന്‍ തുറന്നിടുവാന്‍ തീരുമാനിച്ചുകഴിഞ്ഞു. സമ്പത്ത്, സൗന്ദര്യം, ഭോഗവസ്തുക്കള്‍ അതിനെല്ലാമതീതമായി പ്രപഞ്ചം മുഴുവന്‍ നിറയുന്ന പ്രണയത്തിന്റെ മാധുര്യം എനിക്കും ആസ്വദിക്കാനാവണം. അതിന് നല്‍കലാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. നമ്മള്‍ നല്‍കുന്നതാണ് നമ്മളിലേക്ക് തിരിച്ചെത്തുന്നത്. നല്‍കുന്ന അതേ അളവിലല്ല. ആയിരം മടങ്ങ് ഇരട്ടിയായി അവ നമ്മളെ തേടിയെത്തും. പ്രകൃതി എത്ര ഉദാരമതിയാണ്. ഇന്നത്തെ ദിനം എന്റെ മനസ്സ് തുറപ്പിച്ചു. എന്നെ പലതും പഠിപ്പിച്ചു.’
അജീഷ് എണീറ്റ് അകത്തേയ്ക്ക് നടന്നു. പിറകെ നടുക്കത്തോടെ സജനയും അവള്‍ അജീഷിനെ ഡൈനിംഗ് ടേബിളിലേയ്ക്ക് ആനയിച്ചെങ്കിലും അവന്‍ ബെഡ്‌റൂമിലേക്കുള്ള വാതില്‍ തുറന്ന് അകത്തേക്കു കടന്നു. സജന പുറത്തു തന്നെ നിര്‍വ്വികാരയായി കാത്തുനിന്നു.
അല്പം കഴിഞ്ഞതും അജീഷ് പുറത്തേയ്ക്ക് പാഞ്ഞുവന്നു. അവന്റെ മിഴികളില്‍ അതുവരെ കാണാതിരുന്ന ഒരു ഭാവം അവള്‍ കണ്ടു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും നീര്‍ച്ചാലുകള്‍ അവിടെ ഉറവയെടുത്തിരുന്നു. അവന്‍ സജനയെ നെഞ്ചോട് ചേര്‍ത്ത് അല്പനേരം നിശ്ചലനായി നിന്നു. ഉരുകിയൊഴുകി അവള്‍ അവനിലലിഞ്ഞുനിന്നു.