Reviews & Critiques

കറുത്ത മറുകുള്ള പെൺകുട്ടി – ആലീസ് ആൻ്റണി

ആലീസ് ആന്റണിയെ എനിക്കു മുന്‍പരിചയമൊന്നുമില്ല. അക്കാദമിയില്‍ വെച്ചു നടന്ന ഒരു പരിപാടിയ്ക്കിടെയാണ് പരിചയപ്പെട്ടത്. കുറച്ചു പേപ്പറുകളും മടക്കി പിടിച്ചാണ് എന്റടുത്തു വന്നത്.
”ഇതൊന്നു വായിച്ചു നോക്കണം. പ്രസിദ്ധീകരിച്ചാല്‍ കൊള്ളാമെന്നുണ്ട്.”
അതായിരുന്നു അവരുടെ ആവശ്യം. ചുരുട്ടിപ്പിടിച്ചിരുന്ന പേപ്പറുകള്‍ നിവര്‍ത്തി നോക്കി. അലസമായി അതിലൂടെ മിഴികളോടിച്ചു. ഉള്ളിലെവിടെയൊക്കെയോ അതു കൊളുത്തി പിടിക്കുന്നുണ്ടായിരുന്നു.
”കഥകള്‍ വായിക്കാനൊരു സുഖം തോന്നുന്നുണ്ട്. വായിച്ച് വിവരം പറയാം.”
എന്നു പറഞ്ഞ് അതു വാങ്ങി ബാഗില്‍ വെച്ചു. ഇപ്പോള്‍ ആ കഥകളിലൂടെ ഞാന്‍ തെന്നിയൊഴുകുകയാണ്.
വര്‍ണ്ണനകളുടെ ശബളിമകളില്ലാതെ, വാചക കസര്‍ത്തുകളില്ലാതെ ലളിതമായ പദങ്ങളാല്‍ അനര്‍ഗ്ഗളമായി ഒഴുക്കി വിടുന്ന ആലീസിന്റെ രചനകള്‍ ആത്മീയതയുടെ നൂലിഴ പാകി വാക്കുകളെ ഉരുക്കി ചേര്‍ക്കുന്നതില്‍ മികവു പുലര്‍ത്തുന്നു. അനുഭവങ്ങളുടെ നിറഞ്ഞൊഴുകലായി, ആശങ്കകള്‍ക്കു മേലുള്ള അതിജീവനമായി ഹൃദയത്തില്‍ നിന്നുണരുന്ന പതിനാറുകഥകളും വായനക്കാരനെ രസിപ്പിക്കുകയും സ്വയം വിമര്‍ശനത്തിന് വിധേയമാക്കുകയും ചെയ്യുമെന്നതില്‍ സന്ദേഹമില്ല. നിത്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി അവ വായനക്കാരനില്‍ തെളിഞ്ഞു നില്‍ക്കുമെന്ന് ഞാന്‍ അടിവരയിടുന്നു.
ദേഹമാസകലം കുരുക്കള്‍ നിറഞ്ഞ, കണ്ടാല്‍ അറപ്പും വെറുപ്പുമുണര്‍ത്തുന്ന ഒരു സ്ത്രീ അടുത്തിരുന്ന് യാത്ര ചെയ്യുമ്പോള്‍ ഉളവാകുന്ന അതൃപ്തമായ മനോഭാവം തികച്ചും സ്വാഭാവികം. എന്നാല്‍ സത്യാവസ്ഥകളറിയുമ്പോള്‍ അവരുടെ ദയനീയാവസ്ഥയില്‍ സഹതപിക്കുകയും ആത്മീയമായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ മനസ്സു കാണിക്കുകയും ചെയ്ത് ശുചീകരണപ്രക്രിയകള്‍ ആത്മാവിലാണ് ആദ്യം സംഭവിക്കേണ്ടതെന്ന് സൂചന നല്‍കുകയാണ് ‘കറുത്ത മറുകുള്ള പെണ്‍കുട്ടി.’ വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാതെ കഴിയുന്ന ആ കഥാപാത്രം അവഹേളനങ്ങള്‍ക്കും അറപ്പിനും വെറുപ്പിനും വിധേയമാകുന്ന ആ വേലക്കാരിയോട് ആദരവും സ്‌നേഹവും സഹാനുഭൂതിയും കാണിക്കാന്‍ തയ്യാറാകുന്നു. മുജ്ജന്മകര്‍മ്മദോഷങ്ങളെ അതു ലഘൂകരിച്ചതിനാലാകാം അവര്‍ ഗര്‍ഭിണിയും തുടര്‍ന്ന് അമ്മയുമാകുന്നു. പിറന്നു വീണ കുഞ്ഞിന്റെ നെറ്റിയില്‍ ഒരു വലിയ കറുത്ത മറുക് കാണുന്ന ആ അമ്മ, ചെറിയ കാര്യങ്ങളാണ് താന്‍ ചെയ്തതെങ്കിലും ആ പുണ്യത്തിന്റെ മഹത്വം തിരിച്ചറിയുന്നു. സ്വാഭാവികമായി പറഞ്ഞു പോകുന്ന വാക്കുകളിലൂടെ ജീവിതത്തിന്റെ മഹാതത്വം വരഞ്ഞു വെക്കുന്നതില്‍ ഈ കഥ മുന്നിട്ടു നില്‍ക്കുന്നു.
വിരൂപത ഭൗതികമായ സത്യമാണെങ്കിലും അത് സംഭവിക്കുന്നതും വളര്‍ന്നു വരുന്നതും അസഹ്യമാകുന്നതുമെല്ലാം മാനസികമാണ്. നിത്യസമ്പര്‍ക്കത്താല്‍ ഏതു വിരൂപതയും ആകര്‍ഷകങ്ങളായി മാറും. മനസ്സിന്റെ പൊരുത്തപ്പെടലിലാണ് ആകര്‍ഷണീയതയും വിരൂപതയും സംജാതമാകുന്നതെന്ന് ‘മാര്‍ജ്ജാരചിന്തകള്‍’ എന്ന കഥയിലൂടെ ആലീസ് അടിവരയിടുന്നു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി തിരിച്ചു പിടിക്കുന്ന കുന്തമുനകളായി ഇതിലെ പല കഥകളും മുഖം മിനുക്കി നില്‍ക്കുന്നു. അവ വായനക്കാരനെ അമര്‍ത്തി ചിന്തിപ്പിക്കുന്നതില്‍ പ്രാപ്തമാക്കുമെന്നാണ് എന്റെ വിശ്വാസം.
ജീവിതാനുഭവങ്ങളും സൂക്ഷ്മാവലോകനസാമര്‍ത്ഥ്യവും ഉള്ളവര്‍ക്കേ വ്യക്തിത്വമുള്ള കഥാപാത്രങ്ങളേയും സ്വാഭാവികവും മനുഷ്യോചിതമായ പ്രവര്‍ത്തികളേയും അവതരിപ്പിക്കാനാകൂ. കഥാകാരി പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും ലാളിത്യവുമാണ് ഈ കഥകളെ ജ്വലിപ്പിച്ചു നിര്‍ത്തുന്നത്. സര്‍വ്വജനീനവും സര്‍വ്വലൗകികവുമായ ജീവിതത്തിന്റെ പ്രകടിതരൂപങ്ങളാണ് ആലീസിന്റെ മിക്ക കഥകളിലും നമുക്കു ദര്‍ശിക്കാനാകുന്നത്. അതിലൂടെയുള്ള സഞ്ചാരം ഓരോ വായനക്കാരനേയും ചിന്തയുടെ ഔന്നത്വത്തിലെത്തിക്കുമെന്നതില്‍ സംശയമില്ല.
നമ്മളില്‍ നിന്നും പടിയിറങ്ങിപ്പോയ ഹൃദയഭാഷയെ – കത്തെഴുതലുകളെ – വേദനയോടെ സ്മരിക്കുകയും അതു തിരിച്ചു പിടിക്കേണ്ടതിന്റേയും അതുവഴി ഹൃദയവും ഹൃദയവും തമ്മിലുള്ള സംവേദനം നിലനിര്‍ത്തേണ്ടതിന്റേയും മഹത്വത്തെ ‘ഒരു കത്ത്’ ഓര്‍മ്മപ്പെടുത്തുന്നു. കത്തുകളിലൂടെ ആത്മഗതങ്ങളും ഓര്‍മ്മക്കുറിപ്പുകളും എന്നു തുടങ്ങി ഹൃദയത്തിന്റെ നേര്‍ത്ത മിടിപ്പുകള്‍പ്പോലും കേള്‍ക്കുവാന്‍ നമുക്കു സാധ്യമാകുന്നുവെന്ന് അതോര്‍മ്മപ്പെടുത്തുന്നു.
ഇതിലെ ഓരോ കഥകള്‍ക്കും നിങ്ങളോടു സംവദിക്കാന്‍ ഓരോ വിഷയങ്ങളുണ്ട്. അവ നിങ്ങളുമായി നേരിട്ട് സംവദിക്കുക തന്നെ ചെയ്യും. കാരണം അതെല്ലാം നിങ്ങളുടെ കൂടി അനുഭവങ്ങളാണ്. അല്ലെങ്കില്‍ നിങ്ങളുടെ മിഴിവട്ടത്തില്‍ നടന്നുക്കൊണ്ടിരിക്കുന്നവയാണ്. മലയാളകഥാസാഹിത്യത്തിലേയ്ക്കുള്ള ആലീസിന്റെ പ്രവേശത്തെ നിങ്ങള്‍ കരഘോഷങ്ങളോടെ വരവേല്‍ക്കുമെന്ന പ്രത്യാശയോടെ…

പിയാര്‍കെ ചേനം
നെടുപുഴ

Related Articles

Back to top button