Reviews & Critiques

കാലമേ… മുണ്ടൂർ സേതുമാധവൻ

അശീതിയുടെ നിറവില്‍ നിന്ന് കല്ലടിക്കോടന്‍ മലനിരകളെ നോക്കി കഥാകൃത്ത് ഹൃദയത്തില്‍തൊട്ട് വിളിച്ചു. ‘കാലമേ…’ ഒപ്പം നടക്കുകയും ശ്വസിക്കുകയും കൂട്ടുകൂടുകയും കഷ്ടതകളും ദുരിതങ്ങളും സന്തോഷങ്ങളും വാരി വിതറുകയും വീണ്ടും വേദനിപ്പിക്കുയും ചെയ്തുകൊണ്ടിരിക്കുന്ന ആ ഉറ്റ സുഹൃത്തിനോട് അനശ്വരമായ ആ ആത്മാവ് ആകുലപ്പെട്ടു. കൈവിട്ടുപോകുമെന്നറിഞ്ഞിട്ടും വെറുതേ ഒരു സമാശ്വാസം.
പൊളിഞ്ഞു തുടങ്ങിയ തേര്‍ത്തട്ടില്‍ പിന്നിയ കടിഞ്ഞാണ്‍ പിടിച്ച് മുടന്തിനടക്കുന്ന അശ്വങ്ങളെ പണ്ടേപ്പോലെ മൂര്‍ച്ചയില്ലാത്ത ചാട്ട ചുഴറ്റി തളര്‍ന്നു തുടങ്ങിയ തേരാളി നയിക്കുകയാണ്. തേര്‍ത്തട്ട് തകര്‍ന്ന് വീഴാന്‍ പോകുന്ന ദശാസന്ധികളെ മനസ്സില്‍ കണ്ട് ആത്മരോദനത്തോടെയുള്ള ആ യോദ്ധാവിന്റെ വിളി വീണ്ടുമുയര്‍ന്നു. ‘കാലമേ…’ അത് കല്ലടിക്കോടന്‍ മലനിരകളില്‍ തട്ടി പ്രതിദ്ധ്വനിച്ചു. കാലം നിശ്ശബ്ദനായ കോമാളിയെപ്പോലെ നാവു ചുഴറ്റി രസം നുകര്‍ന്നു. കാലത്തിന്റെ മുഖത്ത് അപ്പോള്‍ നിഴലിച്ചത് ഹാസ്യമായിരുന്നോ? അതോ അനുകമ്പയോ? മറുപടിയെന്നോണം ആ സഹയാത്രികന്റെ ചുണ്ടുകള്‍ ഇങ്ങനെ മന്ത്രിച്ചുവോ?
”തമേവ ശരണം ഗച്ഛ സര്‍വഭാവേന ഭാരത
തത്പ്രസാദാത്പരാം ശാന്തിം സ്ഥാനം പ്രാപ്‌സ്യസി ശാശ്വതം”

ഹേ, ഭാരതാ, ആ പരമപുരുഷന് ആത്മാര്‍പ്പണം ചെയ്യൂ. അവിടത്തെ പ്രസാദംകൊണ്ട് നീ പരമമായ ശാന്തി നേടും; ശാശ്വതമായ പരമപദം പ്രാപിക്കും.
കുട്ടിക്കാലം മുതല്‍ മനസ്സിലിട്ട് ആരാധിച്ചു നടന്നിരുന്ന മുണ്ടൂര്‍ സേതുമാധവന്‍ സാറിന്റെ ‘കാലമേ…’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നതിന് അവസരം കൈവന്നപ്പോള്‍ അതൊരു മഹാഭാഗ്യമായും കാലത്തോട് ചെയ്യാന്‍ കിട്ടിയ നല്ല പ്രതികാരവുമായാണ് എനിക്കനുഭവപ്പെട്ടത്. കാലത്തിന്റെ കുത്തൊഴുക്കില്‍ വീണുപോകാതെ അതിശക്തമായി പിടിച്ചു നിന്ന കൗമാരത്തിന്റെ വിജയം കൂടിയായിരുന്നു അത്. പാലക്കാടന്‍ നിഷ്‌കളങ്കതയുടെ പര്യായമായ അദ്ദേഹത്തിന്റെ കഥകള്‍ വായിച്ചപ്പോള്‍ എന്റെ കഥയുടെ ബാല്യവും പാലക്കാടായിരുന്നു എന്ന് ഓര്‍ത്തുപോയി. പത്താംക്ലാസ് പഠനം കഴിഞ്ഞ് തുടര്‍പഠനത്തിന് വകയില്ലാതെ തൊഴില്‍ തേടി പതിനഞ്ചാം വയസ്സില്‍ എത്തിച്ചേര്‍ന്നത് പാലക്കാട് നഗരത്തിലായിരുന്നു. കോയമ്പത്തൂര്‍ റോഡിലെ ഹൃദയ തിയ്യറ്ററിനു സമീപത്തുള്ള എ വണ്‍ ഓട്ടോ സ്‌പെയേഴ്‌സില്‍ സെയില്‍സ് അസിസ്റ്റന്റായി തൊഴില്‍ചെയ്യാന്‍ ആരംഭിച്ച നാള്‍ മുതല്‍ പഠനകാര്യങ്ങളില്‍ ഇരുളടഞ്ഞുപോയ ഭാവിയെയോര്‍ത്ത് നെടുവീര്‍പ്പിടുകയും ജീവിതത്തിന്റെ മരുപ്പച്ച കെട്ടിപ്പടുക്കുവാന്‍ പ്രയത്‌നിക്കുകയും ചെയ്തു. അപ്പോഴെല്ലാം കാലം എന്റെ മുന്നില്‍ ഗോഷ്ടികാണിക്കുന്നതായി എനിക്കു തോന്നിയിരുന്നു. പഠിച്ചു നടക്കേണ്ട കൗമാരത്തില്‍ തുമ്പിയെപ്പോലെ ഭാരം ചുമക്കേണ്ടി വന്നതില്‍ കാലത്തോട് കടുത്ത വെറുപ്പുണ്ടായിരുന്നു. അപ്പോഴെല്ലാം കാലംതന്നെ ഓര്‍മ്മയിലെത്തിക്കുന്ന ഒരു ശ്ലോകമുണ്ട്.

”നിയതം കുരു കര്‍മ ത്വം കര്‍മ ജ്യായോ ഹ്യകര്‍മണഃ
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകര്‍മണഃ”

നിനക്ക് വിധിക്കപ്പെട്ടിട്ടുള്ള കര്‍മ്മം ചെയ്യുക. നൈഷ്‌കര്‍മ്മ്യത്തേക്കാള്‍ ശ്രേഷ്ഠമാണ് കര്‍മ്മം. കര്‍മ്മം ചെയ്യാതെ സ്വന്തം ശരീരം നിലനിര്‍ത്താന്‍പോലും ആര്‍ക്കും സാദ്ധ്യമല്ല.
പാലക്കാട് താമസം തുടങ്ങിയ നാളുകളിലെ ഞായറാഴ്ചകളില്‍ കയ്യിലൊരു പുസ്തകവുമായി മണലിയിലേക്കുനീളുന്ന വയലിന്റെ കരയിലുള്ള വീടിന്റെ മുകളില്‍ ചെന്നിരിക്കും. പടിഞ്ഞാറ് അതിവിശാലമായി കിടക്കുന്ന വയലുകള്‍… അവയ്ക്ക് കാവലെന്നോണം വരമ്പുകളില്‍ നിരയൊത്ത് നില്‍ക്കുന്ന കരിമ്പനകള്‍. അതിനുമപ്പുറം അടുപ്പൂട്ടിമലയുടെ അതിവിസ്തൃതമായ കോട്ടക്കൊത്തളങ്ങള്‍. അതിലേക്ക് മിഴി ചേര്‍ത്ത് കുറേ നേരം ഇരിക്കും. ധോണിമലയുടെ ഉത്തുംഗത്തിലേക്ക് നോക്കും. പിന്നെ കയ്യിലുള്ള പുസ്തകത്തിലേയ്ക്ക് മനസ്സിലൂറിയെത്തുന്നതെല്ലാം പകര്‍ത്തും. ആരുമറിയാതെ അവ വെള്ളപേപ്പറിലേക്ക് പകര്‍ത്തിയെഴുതും. പിന്നെ ഓഫീസിലെ കത്തുകളുമായി പോസ്റ്റോഫീസില്‍ പോകുമ്പോള്‍ ആരുമറിയാതെ ഒരു കവറിലാക്കി അഡ്രസ്സ് എഴുതി കയ്യില്‍ കരുതും. പിന്നെ കാത്തിരിപ്പാണ്. തന്റെ കഥ അച്ചടിച്ചുവന്ന മാസിക പോസ്റ്റുമാന്‍ കൊണ്ടു വന്നു തന്നപ്പോള്‍ സ്വര്‍ഗ്ഗം താഴെയിറങ്ങി വന്നതിന്റെ ആനന്ദമായിരുന്നു. 1982ല്‍ പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി കഥ അച്ചടിച്ചു വന്നത് പാലക്കാടിന്റെ മണ്ണില്‍ വെച്ചായിരുന്നു. ആദ്യമായി ഒരു എഴത്തുകാരനെ നേരില്‍ കാണുന്നതും പാലക്കാട് വെച്ചായിരുന്നു. കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരി.
‘കാലമേ…’ എന്ന കഥാസമാഹാരത്തിലെ കാലം എന്ന കഥ കൊണ്ടു വരുന്ന ഉത്കൃഷ്ഠമായ ചിന്തകള്‍ ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും പ്രകടമാകുന്ന കാലത്തിന്റെ സര്‍വ്വജനീനവും അപാരവുമായ സാന്നിദ്ധ്യമാണ്. കഥാകാരന്‍തന്നെ പറയുന്നു. ‘കാലം എന്റെ മനസ്സില്‍ ഒരു മഹാമാരിയാകുന്നു. കാലത്തിന്റെ കണ്ണീരും പുഞ്ചിരിയും ഗദ്ഗദങ്ങളും പ്രത്യാശകളും പ്രതിദ്ധ്വനികളും അവസാനം ഈ ശോകനാശിനിയുടെ മണല്‍ത്തിട്ടില്‍ വിലയിക്കുന്നു.’
കാലം എന്ന കഥയുടെ തുടക്കം തന്നെ ഇങ്ങനെയാണ്. ‘ശോകനാശിനിയിലെ നീരൊഴുക്കില്‍ മലഞ്ചെരുവിന്റെ സന്ധ്യയും സൂര്യാസ്തമയത്തിന്റെ രക്താഭയും കലര്‍ന്നു. വിനയന്‍ ശോകനാശിനിയിലേക്ക് കാലും നീട്ടി മണല്‍ത്തിട്ടില്‍ ചാരിയിരുന്നു. കാലില്‍ ശോകനാശിനിയുടെ ഖേദവും നൊമ്പരവും ചൂടും തണുപ്പുമായി ഇടകലര്‍ന്നു. വാക്കിന്റെ അര്‍ത്ഥങ്ങളിലൂടെ നദിയൊഴുകി. നദിയുടെ ഒഴുക്കില്‍ കാലം കുളിര്‍ന്നും വിറച്ചും സങ്കടപ്പെട്ടും സന്തോഷിച്ചും…’ നദി ഇവിടെ ജീവിതം തന്നെയാണ്. സങ്കടങ്ങളെ സങ്കടംകൊണ്ട് നേരിടുന്ന ജീവിതത്തിന്റെ ശക്തമായ ചോദന ഇവിടെ വ്യക്തവും പ്രകടവുമാണ്.
കഥയിലെ കഥാപാത്രം വിനയനിലേക്ക് സന്ധ്യയുടെ ഇളംകാറ്റില്‍ ഏതോ ഒരു ഗാനം ഒഴുകി വരുന്നു. കാലങ്ങള്‍ക്കപ്പുറത്തെ അടയ്ക്കാമണിയന്‍ പാടത്ത് വൈകുന്നേരങ്ങളില്‍ തന്നോടൊപ്പം പവിഴമല്ലിപ്പൂക്കള്‍ പെറുക്കിയ ബാല്യത്തിലെ കൂട്ടുകാരി വനജ. അവളുടെ പാദസ്വരം പൊട്ടിച്ചിരിക്കുകയാണോ… അതോ തേങ്ങുകയോ? വിനയന് അതൊന്നും വ്യക്തമാകുന്നില്ല. കാലം അവനുമുന്നില്‍ തിരശ്ശീല പിടിച്ചിരിക്കുന്നു. മറ്റൊരിക്കല്‍ നദീതടത്തിലൂടെ തെച്ചിപ്പൂങ്കുലയുമായി വനജ വരുന്നത് അവനോര്‍ക്കുന്നു. അവന്‍ പറഞ്ഞു. വനജ ചന്തക്കാരിയാണ്. ആ വാക്കിന്റെ അര്‍ത്ഥങ്ങളിലൂടെ നദിയൊഴുകി. നദിയുടെ ഒഴുക്കില്‍ കാലം കുളിര്‍ന്നും വിറച്ചും സങ്കടപ്പെട്ടും സന്തോഷിച്ചും. തൊണ്ടയിലെ ശബ്ദമണ്ഡലത്തില്‍ കടുപ്പും കദനവും നിറയലേ, കാലത്തിന്റെ മറ്റൊരു പവിഴമല്ലിക്കു താഴെ മലഞ്ചെരുവിലെ മറ്റൊരു സന്ധ്യക്ക് ഇതാ വനജ. ഇപ്പോഴവള്‍ കോളേജുകാരിയാണ്. അവളുടെ കണ്ണുകളില്‍ ആകാശം ഇറങ്ങിയെത്തി. ചുണ്ടുകളില്‍ സ്വപ്നങ്ങളുടെ സാന്ദ്രനിസ്വനം. കൈകളില്‍ വീണ്ടും വീണ്ടും വായിക്കുന്ന കൃതികള്‍. വിനയന്‍ ചോദിക്കുന്നു.
‘വനജ രാജലക്ഷ്മിയെ വായിച്ചുവോ?
അവള്‍ മറുപടി പറഞ്ഞു. ‘രാജലക്ഷ്മി എന്നുകേട്ടാല്‍ എനിക്കു സങ്കടം വരും.’
‘സങ്കടം മാറാന്‍ എന്താണ് വേണ്ടത്?’
‘ഞാന്‍ വീണ്ടും രാജലക്ഷ്മിയെ വായിക്കും. അത്രതന്നെ.’ മറ്റൊരിടത്ത് വിനയന്‍ ചോദിക്കുന്നു.
‘വനജാ, നിനക്കീസുഗന്ധം എങ്ങനെ കിട്ടി?’
‘സുഗന്ധം എനിക്കല്ല. എന്റെ മനസ്സിനാണ്. ഞാന്‍ ഒരു കവിത വായിക്കുമ്പോള്‍ പാതിരകളില്‍ വേര്‍ഡ്‌സ്വര്‍ത്തും കീറ്റ്‌സും ഷെല്ലിയും സുഗന്ധമായി വരുന്നു. എന്നെ പൊതിയുന്നു. അവരുടെ സാമിപ്യത്താല്‍ ഞാന്‍തന്നെ സുഗന്ധമാകുന്നു. ഇതുപറയുമ്പോള്‍ അവളുടെ മിഴികളില്‍ ആഴ്ന്നുകിടക്കുന്ന നീലാകാശത്തേക്കുനോക്കി വിനയന്‍ അന്തംവിട്ടു നിന്നു. വനജ അവന് വിസ്മയമായി മാറി. അതവന്റെ ജീവിതക്കാഴ്ചയായി മാറി. വിനയനോര്‍ത്തെടുത്തു. അവള്‍ അടുത്തുവരുമ്പോള്‍ എനിക്ക് അദൃശ്യയാകുന്നു. അവള്‍ അകലുമ്പോള്‍ ഹേമന്തത്തിലെ കുളിരുപോലെ ഒരു സംഗീതമായി എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. കാലത്തിന്റെ കയത്തില്‍ കല്ലിട്ടു കല്ലിട്ട് ഓളവട്ടം വ്യാപ്തി കൂട്ടുന്നതിനിടയില്‍ മറ്റൊരു സന്ധ്യക്ക് ആകസ്മികമായി വിനയന്‍ വനജയുടെ വീട്ടിലെത്തുന്നു. നിത്യപരിചയത്തിന്റെ അധികാരത്തില്‍ കതക് തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചു. കതകിലൂടെ ഉള്ളിലെത്തിയ കാലം കാറ്റായി പുറത്തേക്കുകുതിച്ചു. കിതച്ചുകൊണ്ട് തിരിഞ്ഞു നടക്കുമ്പോള്‍ വിനയന്‍ ഓര്‍ത്തു. വനജാ, ഞാന്‍ വരാന്‍ പാടില്ലായിരുന്നു. നിന്റെ ശരീരത്തില്‍ നിന്നും സര്‍പ്പങ്ങളെപ്പോലെ പുളഞ്ഞുയര്‍ന്ന തീജ്ജ്വാലകള്‍ എന്നെ ചകിതനാക്കിക്കളഞ്ഞു. വിനയന്‍ വിനയനോടുതന്നെ പറഞ്ഞു. കാലമാണ് തെറ്റു ചെയ്തത്. നാം സാക്ഷികള്‍ മാത്രം.
വാര്‍ദ്ധക്യത്തിന്റെ ഒരു പിടി ചാരം മനസ്സില്‍ കൊട്ടിത്തൂവി വിനയന്‍ എഴുന്നേറ്റപ്പോള്‍ ശോകനാശിനിയുടെ താളവട്ടങ്ങളില്‍ എവിടെയോ നിന്ന് വനജ വരുന്നു. ചൂടാറിയ മണലിന്റെ നിസ്സംഗതയോടെ ആ രൂപത്തോട് ചോദിച്ചു. ‘വനജാ, നീയെന്റെ ആരാണ്? ഞാന്‍ നിന്റെ ആരാണ്? ആരുമല്ല. ആരുമാവാന്‍ വയ്യ. നാം രണ്ടു സമാന്തരരേഖകള്‍. മലയില്‍ നിന്നും ശേകനാശിനിയിലൂടെ ഒഴുകിപ്പോകുന്ന രണ്ടു ചിറ്റോളങ്ങള്‍. അത്രമാത്രം. വിനയന്‍ പറഞ്ഞു. എങ്കിലും എന്നില്‍ നിന്നെക്കുറിച്ചുള്ള സ്മരണകളുണ്ടാവും. എന്തിനാണെന്നറിയാത്ത സ്മരണകള്‍…
കാലത്തിനെ അതിജീവിക്കുവാന്‍ നമുക്കാവില്ല. ജീവിതത്തിന്റെ തിരക്കഥ രചിക്കുന്നതും അവ രംഗത്ത് അവതരിപ്പിക്കുതും കാലം തന്നെ. എങ്കിലും നമ്മളില്‍ സ്മരണകളുണ്ടാവും. കാലത്തിനതീതമായ സ്മരണകള്‍… കാലത്തിനുമേല്‍ നമുക്ക് ചൊരിയാന്‍… ഈ സ്മരണകള്‍തന്നെ ധാരാളം. കാലമേ… നീയത് കരുതിവെച്ചാലും.
കാലം മുന്നില്‍ മഹാമേരുവായി നിവര്‍ന്നു നില്‍ക്കുമ്പോഴും പിന്നില്‍ കല്ലടിക്കോടന്‍ മലനിരകളായി ധോണിമലകളായി ജീവിതത്തെ മുന്നോട്ടു നയിക്കും. കല്ലടിക്കോടന്‍ മലനിരകള്‍ മുണ്ടൂര്‍ സേതുമാധവന്‍ എന്ന കഥാകാരനെ രൂപപ്പെടുത്തുന്നതില്‍ ഉള്‍ക്കരുത്തായി നിലകൊള്ളുന്നു.

പിയാര്‍കെ ചേനം

Related Articles

Back to top button