
മലയാളഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ്റെ ജന്മസ്ഥലമാണ് തുഞ്ചന്‍പറമ്പ്. കേരളത്തിലെ വള്ളുവനാടിൻ്റെ ഹൃദയഭാഗമായ തിരൂരിലെ തിക്കണ്ടിയൂരിൻ്റെ ഭാഗമായ അന്നാര എന്ന പുണ്യഭൂമിയാണ് പിന്നീട് തുഞ്ചന്പറമ്പായിത്തീര്ന്നത്. മലയാളഭാഷയും സാഹിത്യവും ഒരു പൂങ്കാവനമായി വളര്‍ന്ന ഈ സ്ഥലം ഭാഷാ പ്രേമികളുടെ തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു. മലയാള സാഹിത്യത്തിൻ്റെ നെടുംതൂണായ എഴുത്തച്ഛൻ്റെ ഓര്‍മ്മയ്ക്കായി ഇവിടെ ഓരോ വര്‍ഷവും നിരവധി സാഹിത്യ, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു. ഈ വര്‍ഷവും എം ടി യുടെ അസാന്നിദ്ധ്യത്തിലും ഫെബ്രുവരി ഇരുപത്തിയേഴ് മുതല്‍ മാര്‍ച്ച് മൂന്നുവരെ അഞ്ചുദിവസത്തെ ആഘോഷങ്ങള്‍ അരങ്ങേറുകയുണ്ടായി.
തുഞ്ചന്പറമ്പിൻ്റെ ചരിത്രം
തുഞ്ചന്‍പറമ്പ് തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ ജന്മസ്ഥലമാണെന്നും അദ്ദേഹം ഇവിടെ ഇരുന്നാണ് തന്റെ ഗ്രന്ഥങ്ങളായ കിളിപ്പാട്ടുകള്‍ രചിച്ചതെന്നും കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ മലയാള ഭാഷയെ രൂപപ്പെടുത്തുകയും അതിന് ഒരു ലാവണ്യവും സംസ്കാരിക പാരമ്പര്യവും നല്‍കുകയും ചെയ്തു.
തുഞ്ചന്‍പറമ്പിന്റെ സുപ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മഹാഗ്രന്ഥങ്ങളെഴുതുന്നതിനായി അദ്ദേഹം ഉപയോഗിച്ചിരുന്ന ഓലക്കല്ല്. ഇത് ഒരു ശിലാചിഹ്നം മാത്രമല്ല, മറിച്ച് കേരളത്തിലെ ഭാഷാസാഹിത്യപരമായ പൈതൃകത്തിന്റെ സമ്പന്നതയെ പ്രതിനിധീകരിക്കുന്ന ഒരു പുണ്യവസ്തുവുമാണ്. എഴുത്തച്ഛന് തന്റെ കൃതികള്‍ ഇതിന്റെമേല്‍ ഓല വെച്ച് എഴുതിയതായാണ് വിശ്വാസം. കൂടാതെ, അവിടെയുള്ള വടക്കേതിരുവടി ക്ഷേത്രം, തുഞ്ചന്‍സ്മാരക ഗ്രന്ഥാലയം, എഴുത്തച്ഛന്റെ പേരിലുള്ള അദ്ധ്യയന കേന്ദ്രങ്ങള്‍ എന്നിവയും ഈ സ്ഥലത്തെ സാംസ്കാരിക പ്രാധാന്യത്തില്‍ പുതുമയേകുന്നു.
ഭാഷാ സാംസ്കാരിക പ്രാധാന്യം
തുഞ്ചന്‍പറമ്പ് ഇന്നും ഭാഷയുടെ ആധ്യാത്മിക കേന്ദ്രമായി നിലകൊള്ളുന്നു. കുട്ടികള്‍ക്ക് അക്ഷരാരംഭം നടത്തുന്നതിന് പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. വിദ്യാര്‍ത്ഥികളും ഭാഷാപ്രേമികളും എഴുത്തച്ഛന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ അക്ഷരശുദ്ധിയോടെ മുന്നേറാന്‍ ഇവിടെ എത്തുന്നു. മാതാപിതാക്കളും ഗുരുക്കന്മാരും കുട്ടികളെ ഇവിടെ കൊണ്ടുവന്ന് അക്ഷരാനുഭവം നല്‍കുന്നത് മലയാള ഭാഷയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഊട്ടിയുറപ്പിക്കുന്നു.
സന്ദര്‍ശകര്‍ക്കുള്ള ഇവിടത്തെ പ്രധാന ആകര്ഷണങ്ങള്
ഓലക്കല്ല്
എഴുത്തച്ഛന് തന്റെ കൃതികള്‍ രചിച്ചത് ഈ കല്ലില്‍ ഓല വെച്ചാണെന്നാണ് പറയപ്പെടുന്നത്.
വട്ടപ്പാറ
തുഞ്ചത്തെഴുത്തച്ചന് തന്റെ ശിഷ്യന്മാരെ ചുറ്റിലുമിരുത്തി ഉപദേശങ്ങള്‍ നല്‍കുന്നതിനും പാരായണങ്ങള്‍ നടത്തുന്നതിനും ഉപയോഗിച്ചിരുന്ന കല്ലാണ് വട്ടപ്പാറ. വട്ടപ്പാറയ്ക്കു ചുറ്റിനുമിരുന്ന് ശിഷ്യര്‍ തുഞ്ചന്റെ ഉപദേശങ്ങള്‍ ശ്രവിക്കുകയും സംവദിക്കുകയും ചെയ്തിരുന്നതായാണ് ഐതിഹ്യം. മലയാള ഭാഷയുടെയും കാവ്യത്തിന്റെയും വളര്‍ച്ചക്ക് അടിത്തറയിട്ട ഇടം എന്ന നിലയില്‍ വട്ടപ്പാറ പ്രസിദ്ധമാണ്. ഇന്ന് തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കുന്നവര്‍ ഈ വട്ടപ്പാറ വണങ്ങുകയും അതിനരികെ പുണ്യബോധത്തോടെ അക്ഷരാരാധന നടത്തുകയും ചെയ്യുന്നു. മലയാള ഭാഷയുടെ തനിമയേയും പൈതൃകത്തേയും ഓര്‍മിപ്പിക്കുന്ന ഒരു പ്രതീകമായി വട്ടപ്പാറയെ കരുതുന്നു. ഇത് ഭാവി തലമുറകള്‍ക്ക് ഭാഷയോടുള്ള ബഹുമാനവും പരിഷ്കാരബോധവും പരിപോഷിപ്പിക്കാന്‍ പ്രചോദനം നല്കുന്നു.
തുഞ്ചന്‍സ്മാരക ഗ്രന്ഥാലയം
ഭാഷാ പണ്ഡിതര്‍ക്കും ഗവേഷകര്‍ക്കുമുള്ള ഒരു അറിവിന്റെ ഭണ്ഡാരമാണ് ഇത്.
വരക്കളരി
കുട്ടികള്‍ക്കായി സംഘടിപ്പിക്കപ്പെടുന്ന ചിത്രകലാസാഹിത്യ ശില്പശാലകളാണ് ഇവിടത്തെ വരക്കളരികള്.
എഴുത്തച്ഛന് പാത
എഴുത്തച്ഛന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള വിവരങ്ങളും ചരിത്ര പദയാത്രകളും ഉള്‍ക്കൊള്ളുന്ന ഒരു സ്മാരക പാതയാണിത്. ഈ പാത തുഞ്ചത്തെഴുത്തച്ചന്റെ ജീവിതയാത്രയേയും സാഹിത്യപരമായ സംഭാവനകളേയും പ്രതിനിധീകരിക്കുന്നു. ഭാഷാപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യാനുഭൂതി പ്രചോദിപ്പിക്കുന്ന ഒരു തീര്ഥാടനപാതയാണ് ഇത്. തുഞ്ചന്‍പറമ്പിലെ പ്രധാന സ്മാരകങ്ങളായ വട്ടപ്പാറ, ഓലക്കല്ല്, തൂലികാകാട് എന്നിവ ഈ പാതയിലൂടെ പരസ്പരം ബന്ധിച്ചിരിക്കുന്നു. മലയാളഭാഷയുടെ പൈതൃകം, സംസ്കാരപാരമ്പര്യം, സാഹിത്യവികാസം എന്നിവയെ ഓര്‍മിപ്പിക്കുന്ന പ്രഭാഷണഫലകങ്ങളും ശിലാലിഖിതങ്ങളും ഈ പാതയിലൂടെ കാണാം. മലയാളഭാഷയുടെ നാള്‍വഴികളെ മനസ്സിലാക്കുന്നതിനും തുഞ്ചന്റെ സാഹിത്യവൈഭവം തിരിച്ചറിയുന്നതിനും ഈ പാത ഒരു മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കുന്നു. മലയാള ഭാഷാദിനാചരണങ്ങള്‍, അക്ഷരാരാധന, സാഹിത്യസമ്മേളനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പാത വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഭാവി തലമുറയ്ക്ക് മലയാള ഭാഷയുടെ മഹത്വം ബോധ്യപ്പെടുത്തുന്നതിന്റെ ഒരു വിദ്യാഭ്യാസപരമായ കേന്ദ്രം കൂടിയാണ് ഇത്.
സാഹിത്യവും കലയും കൂടിക്കാഴ്ച ചെയ്യുന്നതിനുള്ള ഒരു വേദിയായാണ് എല്ലാ വര്‍ഷവും തുഞ്ചന്‍ ഫെസ്റ്റിവല്‍ ആഘോഷിക്കുന്നത്. മലയാള ഭാഷയുടെ ചുവടൊച്ചകളെ അനുസ്മരിച്ചുകൊണ്ടുള്ള തുഞ്ചന്‍പറമ്പ്, ഭാഷാപ്രേമികള്‍ക്ക് അക്ഷര ദീപ്തിയുടെ ശാന്തിപ്രദമായ ഒരു കേന്ദ്രമായി നിലകൊള്ളുന്നു. ഇന്ന് പ്രാചീനമായ ഈ കാവ്യഭൂമി സംരക്ഷിക്കപ്പെടുകയും നൂതന തലമുറകള്‍ക്ക് ഭാഷാപ്രസക്തി യുടെയും മൂല്യങ്ങളുടെയും സന്ദേശം നല്‍കുകയും ചെയ്യുന്നു. തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കുന്ന ഓരോരുത്തര്‍ക്കും മലയാളത്തിന്റെ മഹത്വം മനസ്സിലാക്കാനുള്ള അതുല്യാനുഭവം നല്കുന്നു. അതിനാല്‍, മലയാള ഭാഷയുടെ ഈ പുണ്യഭൂമിയിലേക്ക് ഒരു സന്ദര്‍ശനം നടത്തുകയെന്നത് ഒരു ഭാഷാസ്നേഹിയെ സംബന്ധിച്ചിടത്തോളം നിര്വൃതികരമാണ്. മലയാളഭാഷയോടുള്ള ആദരസൂചകമായി തുഞ്ചന്‍പറമ്പ് ഇന്നും ശക്തമായി നിലകൊള്ളുന്നു, അതിന്റെ മഹത്വം ഇന്നും തെളിഞ്ഞുനില്ക്കുന്നു.