Reviews & Critiques

ബുദ്ധ – ഒരു നോവല്‍ – ചന്ദ്രശേഖര്‍ നാരായണന്‍

ഏതൊരു സത്യാന്വേഷിയുടേയും ഉറവ വറ്റാത്ത ശ്രോതസ്സാണ് ബദ്ധന്‍. ഓരോ നിമിഷവും നവീകരിക്കപ്പെട്ടുകൊണ്ടുരിക്കുന്ന ഒരു ഊര്‍ജ്ജശ്രോതസ്സ്. അതിന്റെ ശീതളിമയിലെത്തുന്നവന്റെ മനസ്സിനും കരളിനും കുളിര്‍മ നല്‍കുന്ന, തിരിച്ചറിവിന്റെ നോവുകള്‍ സമ്മാനിക്കുന്ന ജേതവനങ്ങളാണെല്ലാം. ചന്ദ്രശേഖര്‍ നാരായണന്റെ ‘ബുദ്ധ ഒരു നോവല്‍’ – ‘സിദ്ധാര്‍ത്ഥനില്‍ നിന്നും തഥാഗതനിലേക്കുള്ള യാത്ര’ എന്ന പുസ്തകം ഒരു നോവല്‍ എന്ന സങ്കേതത്തിനുമപ്പുറം തത്വചിന്തയുടെ പ്രപഞ്ചത്തെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു കൃതിയായേ വിലയിരുത്താനാവൂ. വളരെ ലളിതമായി ബുദ്ധനെ തുറന്നു വെയ്ക്കുന്ന ഭാഷയുടെ കരവിരുതായി ഞാനതിനെ കാണുന്നു. ഭാഷയെ ഇത്രയേറെ ചുരുക്കി, ബുദ്ധന്റെ മൗനംപോലെ കുറുക്കിയെടുക്കുന്നതില്‍ ചന്ദ്രശേഖര്‍ നാരായണന്‍ കാണിച്ച കയ്യൊതുക്കം ശ്ലാഘനീയം തന്നെ. ബുദ്ധനെ സാംശീകരിക്കുകയും ബുദ്ധനോളം ഉയരാന്‍ ശ്രമിക്കുകയും ചെയ്യുന്ന എഴുത്തുകാരനെ നമുക്കിവിടെ ദര്‍ശിക്കാനാകും.

ആനന്ദനോടുള്ള ബുദ്ധന്റെ വാക്കുകള്‍ ഓരോ സത്യാന്വേഷിയോടുമുള്ളതാണ്. നീ നിന്റെ വെളിച്ചമായി മാറുക. നിനക്ക് നീ തന്നെയാണ് ശരണം. നിനക്ക് നീ തന്നെയാണ് ധര്‍മ്മവും അതിനാല്‍ നീയും ഒരു ബുദ്ധനായിതീരുക. രക്ഷകനെ കാത്തിരിക്കുന്ന സാമാന്യജനത്തിന് അതിന്റെ പൊരുള്‍ കണ്ടെത്താനാകില്ല. പക്ഷെ ഒരു അന്വേഷകന് അവന്റെ ത്വരയ്ക്ക് തീ പിടിപ്പിക്കുവാന്‍ ഇത് ധാരാളമാണ് അതില്‍ എഴുത്തുകാരന്‍ വിജയം വരിച്ചീട്ടുണ്ട്.
കുശിനാരയിലെ കൊല്ലപണിക്കാരനായ ചുന്ദന്റെ വീട്ടിലേയ്ക്ക് അയാളുടെ മകള്‍ പൃഥിവി ബുദ്ധനെ ആനയിച്ചുകൊണ്ടുപോകുന്നതിന്റെ വിവരണമാണ് ഇതിന്റെ ഇതിവൃത്തമായി വര്‍ത്തിക്കന്നതെന്നു പറയാം. ആ യാത്രയില്‍ കാണുന്ന ആട്ടിടയനായ ബാലകനേയും, മത്സ്യം പിടിച്ചുവിറ്റ് ജീവിക്കുന്ന അരയക്കുടിലിലെ മുക്കുവനേയും, നിലമുഴുത് കൃഷിയിറക്കുന്ന ഒരു കര്‍ഷകനേയും, മണ്‍കലങ്ങളുണ്ടാക്കുന്ന കുശവനേയും, ശ്മശാനഭൂമിയില്‍ ശവം സംസ്‌കരിക്കുന്ന ചണ്ഡാലനേയുമെല്ലാം അവതരിപ്പിച്ചുകൊണ്ട് ബുദ്ധിസത്തിന്റെ ആകതുകയെത്തന്നെ അനാവരണം ചെയ്യുന്ന രീതി എഴുത്തുകാരനെ മുന്‍നിര സാഹിത്യകാരന്മാരില്‍ ഒരാളാക്കി മാറ്റുന്നുണ്ട് എന്നതില്‍ സംശയമില്ല. അതിനാല്‍തന്നെ മലയാള നോവല്‍ സാഹിത്യത്തിലെ ഒരു മഹത്തായ കൃതിയാണ് ‘ബുദ്ധ ഒരു നോവല്‍’ എന്നു നിസ്സംശയം പറയാന്‍ സാധിക്കും.

ഹെര്‍മ്മന്‍ ഹെസ്സേയുടെ ‘സിദ്ധാര്‍ത്ഥ’ എന്ന വിശ്വവിഖ്യാതമായ നോവലാണ് ഈ സന്ദര്‍ഭത്തില്‍ എന്നിലേക്കോടിയെത്തുന്നത്.
ബുദ്ധന്റെ മഹാമൗനം പോലെ വാക്കുകള്‍ക്കിടയിലൂടെ സൃഷ്ടിക്കപ്പെടുന്ന മഹാമൗനങ്ങളിലൂടെ ബുദ്ധനെ അതിവിശാലമായി, അതീവ സൂക്ഷ്മമായി, അതിനേക്കാളേറെ വാചാലമായി ഇവിടെ അവതരിപ്പിക്കപ്പെടുന്നു എന്നത് അസൂയാവഹമാണ്.
വര്‍ണ്ണനകള്‍ക്ക് പ്രാധാന്യം കൊടുക്കാതെ, ആവശ്യമായ ഘടകങ്ങളെ മാത്രം കൂട്ടിയിണക്കി അതിനെ മനനം ചെയ്‌തെടുക്കാവുന്ന രീതിയില്‍ ബൂദ്ധനെ നമുക്ക് ഹൃദ്യമാക്കിത്തരുന്നു. ലുബ്ധമായ വാക്കുകളിലൂടെ വരച്ചിടുന്ന ബുദ്ധന്റേയും ബുദ്ധിസത്തിന്റേയും തലക്കുറികളായി മാറുന്ന ഈ പുസ്തകം വായനയുടെ ലോകത്തെ ബുദ്ധനിലേയ്ക്ക് തുറന്നിടുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. മനോഹരമായ ഒരു ധ്യാനം പോലെ വായനയേയും പരിവര്‍ത്തിപ്പിക്കാന്‍ കെല്‍പ്പുള്ളതാണ് ഈ പുസ്തകം.
സത്യാന്വേഷണത്തിന്റെ മഹത്വത്തിലേയ്ക്ക് മിഴിതുറക്കുന്ന നല്ല സന്ദര്‍ഭങ്ങള്‍ ധാരാളമായി എഴുചത്തുകാരന്‍ ഇതില്‍ വരഞ്ഞിടുന്നു. ചണ്ഡാലന്‍ ചിതയെരിക്കുമ്പോള്‍ പൃഥിവി ചണ്ഡാലനോട് ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും വളരെ ശ്രദ്ധേയമാണ്.

”മഹാത്മന്‍ ചിതയിലെ വെളിച്ചത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ”
”ജ്ഞാനത്തിന്റെ വെളിച്ചമാണത്.”
”ആത്മാവിന്റെ ചിതയെന്നാല്‍ എന്താണ്”
”മരണമാണ്.”
”മരണമെന്നാല്‍ എന്താണ്”
”വൃക്ഷത്തലപ്പുകളില്‍ നിന്നും പഴുത്തൊരില കാറ്റേറ്റ് പൊഴിയുന്നപോലെ പ്രകൃതിയുമായുള്ള ഒരു ലയനമാണത്.”
”ലയനത്തിന് അവസാനമെന്നൊന്നുണ്ടോ.”
”മഹാശൂന്യത മാത്രമാണുള്ളത്.”
”മഹാശൂന്യതയെന്നാല്‍ എന്താണ്”
”ജീവിതമാണത്.”
”ജീവിതമെന്നാല്‍”
”പ്രകൃതിയോടൊട്ടിയുള്ള ഒരു യാത്ര.”
”പ്രകൃതിയെന്നാല്‍”
”നമ്മള്‍ത്തന്നെ”
”നമ്മളിലാണോ പ്രകൃതി”
”അല്ല,”
”പിന്നെ”
”രണ്ടും ഒന്നുതന്നെ”
”രണ്ടെന്നൊന്നില്ലേ”
”ഇല്ല.”
”അപ്പോള്‍ ജനനമെന്നാല്‍ എന്താണ്”
”ജനനമെന്നത് ഏതൊന്നിന്റേയും അവസാനമാണ്.”
”അപ്പോള്‍ തുടക്കമേതാണ്”
”മരണമാണ്.”
”അവസാനത്തിന് എങ്ങനെയാണ് തുടക്കമുണ്ടാവുന്നത്”
”എല്ലാ അവസാനങ്ങളും തുടക്കത്തിലേക്കുള്ള യാത്രകളാണ്.”
”മരണത്തേയും അതിജീവിക്കുന്നയൊന്നുണ്ടോ”
”സ്‌നേഹമാണത്.”
”ചിതയില്‍ വെച്ചാലും അവസാനിക്കാത്ത ഒന്നുണ്ടോ”
”സൗഹൃദമാണത്.”
”അഗ്നിയ്ക്ക് ദഹിപ്പിക്കാനാവാത്തയൊന്നുണ്ടോ”
”വിശ്വാസമാണത്.”
”വെണ്ണീറായിത്തീരാത്തയൊന്നുണ്ടോ”
”അറിവാണത്.”
”അറിവെന്നാല്‍”
”വെളിച്ചമാണ്.”
”വെളിച്ചമോ”
”പ്രകൃതിയിലെ വെളിച്ചം. ശുദ്ധമായ പ്രകൃതിയല്ലാതെ നാം മറ്റൊന്നല്ല.”
”പ്രകൃതി തന്നെയാണോ അങ്ങേയ്ക്ക് ധ്യാനവും”
”സഹജമായ പ്രകൃതിയ്ക്ക് ലഭ്യമായിരിക്കുന്നതാണ് എനിക്ക് ധ്യാനം.”

ഇത്രയും മനോഹരമായി പ്രകൃതിതത്വങ്ങളേയും ബുദ്ധിസത്തിന്റെ സത്തയേയും സമന്വയിപ്പിച്ച് വളരെ ചുരുക്കം വാക്കുകളുടെ സഹായത്തോടെ ഒരു വലിയ ക്യാന്‍വാസ് നിറച്ചുവെയ്ക്കാന്‍ മഹര്‍ഷിതുല്യമായ ധ്യാനത്തിലൂടെ എഴുത്തുകാരന്‍ കടന്നുപോയീട്ടുണ്ടാവണം തീര്‍ച്ച. ഇതുപോലെ മനോഹരമായ അനേകം മുഹുര്‍ത്തങ്ങളിലൂടെയാണ് ഇതിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കടന്നുപോകുന്നത്. ഭൗതികതയുടെ പുറകേ നടന്നുനടന്ന് ഒന്നുമാവാതെ കൊഴിഞ്ഞു പോകുന്നവര്‍ക്കും അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും പിന്‍തുടര്‍ന്ന് തകര്‍ന്നു പോകുന്നവര്‍ക്കും ബുദ്ധന്‍ എന്നും ഒരു ദര്‍പ്പണമാണ്. അതില്‍ സൂക്ഷ്മതയോടെ ദര്‍ശിക്കാന്‍ അല്പം ക്ഷമ കാണിക്കണമെന്നു മാത്രം.

ശരീരവും ആത്മാവും ഒന്നുചേര്‍ന്നു പോകുന്ന വ്യക്തിത്വംപോലെ ഭൗതികതയും ആത്മീയതയും ഇഴചേര്‍ന്നുപോകുന്ന സമൂഹമാണ് സമതുലിതമായത്, സമഭാവനയുള്ളത്, എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുള്ളത് എന്ന സത്യം തുറന്നു പറയുന്ന ബുദ്ധന്റെ പരമ്പര പിന്‍തുടരേണ്ടത് ഇന്നിന്റെ ആവശ്യം കൂടിയാണ്.
വായനക്കാരനിലെ ആത്മീയചിന്തകള്‍ക്ക് തിരിതെളിയീക്കുന്നതിന് ഈ പുസ്തകം ഒരു നിമിത്തമായി ഭവിക്കട്ടേ എന്ന ശുഭപ്രതീക്ഷയോടെ…

Related Articles

Back to top button