Reviews & Critiques

യാ ഇലാഹി – നഫീസത്ത്ബീവി

കവിത

നഫീസത്ത് ബീവിയുടെ ‘യാ ഇലാഹി’ എന്ന കവിതാസമാഹാരം കരൂപ്പടന്നയില്‍ വെച്ച് സൂഫി ചിന്തകനും എഴുത്തുകാരനുമായ ശ്രീ ഇ എം ഹാഷിം എഴുത്തുകാരിയുടെ പിതാവായ ഖാദര്‍ഹാജിയ്ക്ക് നല്‍കികൊണ്ട് പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. പുസ്തകത്തെക്കുറിച്ചുള്ള എന്റെ ഒരു ചെറിയ കുറിപ്പ് എഴുത്തുക്കൂട്ടം അംഗങ്ങളുമായി പങ്കുവെക്കൂന്നു.
ഒന്നു മുതല്‍ അമ്പതുവരെ അക്കങ്ങളിട്ട് നിരത്തിയ ഈ പുസ്തകത്തിലെ കവിതകള്‍ അമ്പതുകവിതകളുടെ ഒരു സമാഹാരമായല്ല ഒറ്റ കവിതയായാണ് വായനയില്‍ അനുഭവപ്പെടുക. അതിന്റെ താളവും ലയവും ലക്ഷ്യവും ഒന്നിലേക്കാണ് നീളുന്നത്. ഉന്നതാത്മാവുമായി ഒന്നായ് ചേരാനുള്ള ആത്മാവിന്റെ നിരന്തരമായ പ്രയത്‌നങ്ങളാണ് മുഴുവന്‍ കവിതകളിലും നിഴലിച്ചുനില്‍ക്കുന്നത്. ആത്മാവിന്റെ സാക്ഷാത്കാരത്തിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ കവി തീര്‍ച്ചയായും തിരിച്ചറിയുന്നു എന്ന് ഈ കവിതകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.
ഇക്കാണുന്നതെല്ലാണ് ഞാന്‍ അല്ലെങ്കില്‍ ഇക്കാണുന്നതൊന്നുമല്ല ഞാന്‍ എന്ന പൊരുള്‍ കവിക്ക് ബോധ്യമുണ്ടെന്ന് ഇതിലെ വരികള്‍ വ്യക്തമാക്കുന്നുണ്ട്.
”നിന്നെ പ്രണയിച്ചു പ്രണയിച്ച്
ഞാന്‍ മാഞ്ഞുമാഞ്ഞങ്ങിനെ…”
എന്ന വരികളില്‍ മുഴങ്ങുന്നതും ആത്മാവിന്റെ ഈ അലിഞ്ഞുചേരലിന്റെ ആശ്വാസമാണ്.
ഞാന്‍ ശരീരമല്ല
വികാരവിചാരങ്ങളല്ല
ചിന്തകളല്ല
മനസ്സല്ല, മനസ്സ് എന്നത് എന്റെ അതിസൂക്ഷ്മമായ ഒരു ഉപകരണം മാത്രമാണ്.
ഞാന്‍ ആത്മാവാണ്.
ഞാന്‍ ദൈവീകമായ സ്‌നേഹവും ബുദ്ധിയും ശക്തിയുമുള്ള ആത്മീയചൈതന്യമാണ്. ഞാന്‍ ഉന്നതാത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാന്‍ അതുതന്നെയാകുന്നു. എന്നതലത്തിലേയക്ക് ‘അഹം ബ്രഹ്മാസ്മി’ എന്ന അവസ്ഥയിലേക്ക് ഉയരേണ്ടത് ഈ ജീവിതത്തിന്റെ പൂര്‍ണ്ണതക്ക് അത്യാവശ്യമാണെന്ന് കവി ഇവിടെ തിരിച്ചറിയുന്നു. ഈ തിരിച്ചറിവോടെ എഴുതിയതിനാലാകണം ഒരു മാലയിലെ പൂക്കളെപ്പോലെ ഓരോ കവിതകളും ഒന്നിനോടൊന്ന് ചേര്‍ന്നുനിന്ന് ഈ പുസ്തകത്തെ മനോഹരമാക്കുന്നതു.് ഇവ കണ്ണിനും കാതിനും മനസ്സിനും ആനന്ദം പകരുന്നവയാണ്.
ദര്‍ശനങ്ങളുടെ സഹായത്തോടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അടക്കിയൊതുക്കുകയല്ല മറിച്ച് സ്വയം ദര്‍ശനമായിതീരുകതന്നെയാണ് കവി ഇവിടെ ചെയ്തിരിക്കുന്നത്. ഹേ, മനുഷ്യാ, ജീവിതാനുഭവങ്ങളില്‍ നിന്നും ഒളിച്ചോടലല്ല, അതിലലിഞ്ഞു ചേര്‍ന്ന് അതായിത്തീരലാണ് നമുക്ക് വര്‍ത്തിക്കാനാവുന്നത് എന്ന് കവി നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു. മണ്ണിലെ വിജയങ്ങളെ ലക്ഷ്യമാക്കാതെ അതിനുമപ്പുറത്തുള്ള വിജയങ്ങളിലേക്കാണ് കവി മിഴി തുറന്നുവെക്കുന്നത്. ദിവ്യമായ ആത്മഭാഷണങ്ങള്‍ കവിതയിലലിയിച്ച് മാറിനില്‍ക്കുന്ന ഒരുവളാകുകയല്ല അതായിത്തീരുകതന്നെയാണ് നഫീസത്ത് ‘യാ ഇലാഹി’യിലൂടെ അനുഷ്ടിച്ചിരിക്കുന്നത്.
വിരഹവും വേദനയും അലോസരമായി പീഢനങ്ങള്‍ അനുഭവിക്കുന്ന ഓരോ ആത്മാക്കള്‍ക്കും സാന്ത്വനമാകാന്‍ പ്രാപ്തമാണ് ഇതിലെ കവിതകളോരോന്നും. അത് നിശ്ശബ്ദമായ സംഗീതമായി ഹൃദയത്തിന്റെ അകത്തളങ്ങളിലൂടെ അനര്‍ഗ്ഗളം ഒഴുകിനടക്കുന്നു. ഭൗതികലോകത്തിന്റെ പരിധികള്‍ ലംഘിച്ച് അതിവിശാലമായ അനന്തതയിലേക്ക് പടര്‍ന്നുകയറുന്ന അനശ്വരപ്രണയത്തിന്റെ പരന്നൊഴുകലാണ് നഫീസത്തിന്റെ ‘യാ ഇലാഹി’

പിയാര്‍കെ ചേനം

Related Articles

Back to top button