Reviews & Critiques

വുതറിങ് ഹൈറ്റ്സ്

രണ്ടാം ലോക്ഡൗണിന്റെ ആലസ്യത്തില്‍ ഒരിക്കല്‍ കൂടി ഞാന്‍ എമിലി ബ്രോന്‍ടിയുടെ വൂതറിങ് ഹൈറ്റ്‌സ് വായിക്കാനെടുത്തു. ഭീകരമായ പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും കഥ പറയുന്ന ഈ പുസ്തകം മുമ്പ് ഒരിക്കല്‍ വായിച്ചിരുന്നു. അന്നത് കുറേ നാളത്തേയ്ക്ക് മനസ്സിനെ വേട്ടയാടിക്കൊണ്ടുനടന്നു. അസാധാരണമായ പരുക്കന്‍ സ്വഭാവം പുലര്‍ത്തുന്ന മൂറും അവിടെ താമസിച്ചിരുന്ന രണ്ടു കുടംബങ്ങളുടെയും കഥ പറയുന്ന എമിലി ബ്രോന്‍ടി ഈ രചനയിലൂടെ ഓരോ മനുഷ്യനിലേയും വൈവിധ്യമാര്‍ന്ന സ്വഭാവങ്ങളെ പുറത്തു കൊണ്ടുവന്നിരിക്കുന്നു. ഈ പുസ്തകം ഒരിക്കലും ശാന്തമായ മാനസികാവസ്ഥയിലൂടെ വായിച്ചു തീര്‍ക്കാനാകില്ല. മൂറില്‍ ആഞ്ഞടിക്കുന്ന ഹിമക്കാറ്റുപോലെ മനസ്സിനെ മരവിപ്പിച്ചു കളയുന്നതാണ് ഇതിന്റെ ആഖ്യാനരീതി. മൂറിന്റെ പ്രകൃതിപോലെത്തന്നെ അതിലെ പ്രണയവും. ഒന്നും പ്രവചിക്കാനാവാത്ത വിധം വായനക്കാരനെ മുന്നോട്ടു വലിച്ചുകൊണ്ടുപോകുന്നു. ആദ്യത്തെ വായനയില്‍ സ്വയം ആസ്വദിക്കാനാണ് താല്പര്യം കാണിച്ചതെങ്കില്‍ ഇത്തവണ അതെല്ലാം ഒരുക്കൂട്ടി ഒരു വായനാക്കുറിപ്പ് തയ്യാറാക്കണം എന്ന് നിശ്ചയിക്കുകയായിരുന്നു.
വൂതറിങ് ഹൈറ്റ്‌സ് എന്ന ഒറ്റ നോവല്‍കൊണ്ടു മാത്രം ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഉന്നതിയില്‍ സ്ഥാനമുറപ്പിച്ച എഴുത്തുകാരിയാണ് എമിലി ബ്രോന്‍ടി. പ്രേമവും കാമവും പ്രതികാരവാസനയും മോഹങ്ങളും മോഹഭംഗങ്ങളും ഏകാന്തതയും നിര്‍വ്വികാരതയും ആത്മനശീകരണവാസനയും അക്രമാസക്തിയുമെല്ലാം നിറഞ്ഞ വൈകാരിക ലോകവും അതിന്റെ പശ്ചാത്തലമായി നില്‍ക്കുന്ന വിജനവും അനന്തവുമായ ചതുപ്പുനിലവും നോവലിന്റെ ചരിത്രത്തിലെത്തന്നെ അപൂര്‍വ്വതകളിലൊന്നാണ്. വൂതറിങ് ഹൈറ്റ്‌സിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം അതിലെ ഭൂപ്രകൃതി തന്നെയാണ്. അമ്ലാംശമുള്ള മണ്ണും കൃഷിയില്ലാത്ത നിലങ്ങളും വല്ലാത്ത കാലാവസ്ഥയുമുള്ള ആ പ്രദേശത്തിന്റെ സ്വഭാവം നോവലിലെ ഓരോ കഥാപാത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്നുണ്ടെന്ന് പറയാതിരിക്കാനാവില്ല.
ഉത്തര ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെയറില്‍ മൂര്‍ എന്നറിയപ്പെടുന്ന ജനവാസം കുറഞ്ഞ പ്രദേശത്ത് കര്‍ക്കശകാരനായ ആംഗ്ലിക്കന്‍ പുരോഹിതന്റെ മകളായി ജനിച്ച് മുപ്പതുവയസ്സുവരെ ജീവിച്ച് ക്ഷയരോഗബാധിതയായി മരിച്ച എമിലി ബ്രോന്‍ടി എന്ന ഒരു യുവതിയുടെ അസാധാരണ ഭാവനയില്‍ പിറന്ന അസുലഭമായ സൃഷ്ടിയാണ് ‘വുതറിങ് ഹൈറ്റ്‌സ്.’ അവര്‍ എഴുതിയിട്ടുള്ള ഏക ഗ്രന്ഥമാണ് ഈ നോവല്‍.
ഉത്തര ഇംഗ്ലണ്ടിലെ മൂര്‍ പീഠഭൂമിയില്‍ ജീവിച്ചിരുന്ന സാമാന്യം ധനികനായ ഒരു മാന്യനായിരുന്നു ഹേര്‍ട്ടണ്‍ ഏണ്‍ഷാ. ലിവര്‍പൂളിലെ ഒരു തെരുവില്‍ ഉടയവരാരുമില്ലാതെ കിടന്നു നിലവിളിച്ചിരുന്ന ഒരു ബാലനെ അദ്ദേഹം എടുത്തു വളര്‍ത്തി. അവന് ഹീത്ക്ലിഫ് എന്ന് പേരിട്ടു. ആ ഹീത്ക്ലിഫും ഹേര്‍ട്ടണ്‍ ഏണ്‍ഷായുടെ പുത്രി കാതറീനും തമ്മിലുണ്ടായ അസാധാരണമായ പ്രേമത്തിന്റേയും കാതറീനെ തന്നില്‍ നിന്നും അപഹരിച്ചെന്ന് താന്‍ വിശ്വസിക്കുന്നവരുടെ നേരെയുള്ള അവന്റെ പൈശാചികമായ പ്രതികാരത്തിന്റേയും കഥയാണ് സംഭ്രമജനകമാം വിധം എമിലി ബ്രോന്‍ടി തന്റെ നോവലായ വൂതറിംങ് ഹൈറ്റ്‌സില്‍ ചിത്രീകരിച്ചിരിക്കുന്നത്.
കാതറീന്റെ ഭര്‍ത്താവായിരുന്ന എഡ്ഗാര്‍ ലിന്റന്റെ വീട്ടില്‍ താമസിക്കാന്‍ വന്ന മി. ലോക്ക് വുഡ്ഢിനോട് ആ കെട്ടിടം സൂക്ഷിപ്പുകാരിയും കാതറീനോടും ഹീത്ക്ലിഫിനോടുമൊരുമിച്ച് വളര്‍ന്നവളുമായ നെല്ലി ഡീന്‍ കഥ പറയുന്ന രീതിയിലാണ് ഈ നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. ഇണക്കമില്ലാതെ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന ഉല്‍ക്കടസ്വഭാവിനിയായ കാതറീന്‍ ഏണ്‍ഷാ എഴുത്തുകാരി തന്നെയായിരിക്കണം. അതുപോലെ ഹീത്ക്ലിഫ് എന്ന കഥാപാത്രവും അവളുടെ മറ്റുമുഖമല്ലാതെ വരാന്‍ സാധ്യമല്ല. നമ്മളാരും പരിപൂര്‍ണ്ണമായ ഏകസ്വഭാവത്തോടുകൂടിയവരല്ല. ഒന്നിലധികം സ്വഭാവങ്ങള്‍ നമ്മളില്‍ അന്തര്‍ലീനമായിട്ടുണ്ട്. തന്നിലന്തര്‍ലീനമായിട്ടുള്ള വിവിധ സ്വഭാവങ്ങളില്‍ തന്റെ കഥാപാത്രങ്ങളെ വസ്തുനിഷ്ഠമായി ചിത്രീകരിക്കുന്നതിനുള്ള എമിലിയുടെ കഴിവാണ് ഈ നോവലിന്റെ വിജയം. തീഷ്ണമായ കോപവും തീവ്രമെങ്കിലും വിഫലമായിത്തീര്‍ന്ന ലൈംഗികാഭിലാഷങ്ങളും അസംതൃപ്തമായ പ്രേമത്തിന്റെ അമര്‍ഷവും അസൂയയും സഹജീവികളുടെ നേരെയുള്ള വിദ്വേഷവും അവജ്ഞയും എന്നുവേണ്ട തന്റെ ക്രൂരതയും സാഡിസവുമെല്ലാം അവള്‍ ഹീത്ക്ലിഫ് എന്ന കഥാപാത്രത്തിന് നല്‍കിയിട്ടുണ്ട്.
തന്റെ കല്പിതകഥാപാത്രങ്ങളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ അവളില്‍ ആനന്ദത്തിന്റെ പുളകോല്‍ഗമനമുണ്ടായിരിക്കണം. കാരണം ജീവിതത്തില്‍ അവള്‍ക്കു തന്റെ സഹജീവികളില്‍ നിന്നുണ്ടായ അനുഭവം അങ്ങനെയായിരുന്നു. അതുപോലതന്നെ കാതറീനെന്ന നിലയില്‍ അവള്‍ ഹീത്ക്ലിഫിനെ വെറുക്കുകയും അവന്റെ തനിനിറം മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിലും അവനെ അങ്ങേയറ്റം സ്‌നേഹിക്കുകയും അവന്റമേല്‍ തനിക്കുള്ള സ്വാധീനശക്തിയില്‍ ആനന്ദിക്കുകയും തങ്ങളിരുവരും ഒന്നുതന്നെയെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. എമിലിയുടെ ഭാവന മലയിടുക്കുകളിലൂടെ കുലംകുത്തിയൊഴുകുന്ന കാട്ടരുവിപോലെ ഇടുങ്ങിയതും എന്നാല്‍ ശക്തിമത്തുമാണ്. വളരെകുറച്ചേ അവള്‍ കാണുന്നുള്ളൂ. എന്നാല്‍ കാണുന്നത് തികച്ചും പൂര്‍ണ്ണമാണ്. ഇത്ര തികഞ്ഞ തീഷ്ണതയോടെ ഒരെഴുത്തുകാരനും ഏതെങ്കിലുമൊരു പ്രകൃതിയെ ചിത്രീകരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. എമിലിയുടെ പ്രകൃതി ചിത്രീകരണം ആ മൂറിലും അവിടത്തെ കൊടുങ്കാറ്റിലും ആ അന്തരീക്ഷത്തിലും ഒതുങ്ങിനില്‍ക്കുന്നു. വൂതറിങ് ഹൈറ്റ്‌സ് വായിച്ചാനന്ദിക്കാനുള്ള ഒരു അസാധാരണമായ ഗ്രന്ഥമാണ്. അത് വളരെയേറെ സുന്ദരവും അതിനേക്കാളേറെ വേദനാനിര്‍ഭരവും വികാരാത്മകവുമാണ്. ചുരുക്കം ചില നോവലിസ്റ്റുകള്‍ക്കുമാത്രം സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുള്ള ശക്തി അതില്‍ തുളുമ്പി നില്‍ക്കുന്നു. പ്രേമത്തിന്റെ വേദനയും ആനന്ദവും നിഷ്ഠൂരതയും അന്ധമായ ശക്തിയും ഇത്ര അളവില്‍ ചിത്രീകരിച്ചിട്ടുള്ള മറ്റൊരു നോവല്‍ കണ്ടെത്താന്‍ പ്രയാസമാണ്.
സമൂഹത്തില്‍ നിന്നും അകന്നു താമസിക്കുന്നതിനായി 1801 ല്‍ മൂറിലെത്തുന്ന മിസ്റ്റര്‍ ലോക്ക് വുഡിന്റെ അനുഭവവിവരണമാണ് നോവല്‍. നെല്ലിഡീന്‍ എന്ന പരിചാരികയാണ് ഇതിലെ പ്രധാന ആഖ്യാതാവ്. നെല്ലി പറഞ്ഞ കാര്യങ്ങള്‍ ലോക്ക് വുഡ് അതേപ്പടി വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. മൂറിലെ രണ്ടുവീടുകളാണ് വൂതറിങ് ഹൈറ്റ്‌സും ത്രഷ് ക്രോസ് ഗ്രേഞ്ചും. ഗ്രേഞ്ചാണ് മി.ലോക്ക് വുഡ് വാടകത്തെടുത്തത്. വൂതറിങ് ഹൈറ്റ്‌സിന്റെ ഹീത്ക്ലിഫ് ആണ് ഗ്രേഞ്ചിന്റേയും ഉടമ.
ഒരു ദിവസം മോശമായ കാലാവസ്ഥകാരണം വൂതറിങില്‍ തങ്ങേണ്ടിവന്ന ലോക്ക് വുഡിന് അവിടത്തെ താമസക്കാരുടെ രീതികളില്‍ അസ്വാഭാവികത തോന്നുന്നു. മനുഷ്യപ്പറ്റില്ലാത്ത ആ പെരുമാറ്റത്തിന്റെ കാരണം തിരക്കിയ ലോക്ക് വുഡിന് നെല്ലിഡീന്‍ വൂതറിങ് ഹൈറ്റ്‌സിന്റേയും ത്രഷ് ക്രോസ് ഗ്രേഞ്ചിന്റേയും പൂര്‍വ്വകാല കഥ പറഞ്ഞു കൊടുക്കുന്നു. വൂതറിങ് ഹൈറ്റ്‌സിലെ ഏണ്‍ഷാകളുടേയും ത്രഷ് ക്രോസിലെ ലിന്റണ്‍മാരുടേയും സ്‌നേഹദ്വേഷങ്ങളുടെ കഥയാണത്. ഹീത്ക്ലിഫ് എന്ന അനാഥന്റേയും. വൂതറിങ്ങിലെ ജന്മിയായ ഏണ്‍ഷാ ഒരു യാത്രയില്‍ ലിവര്‍പൂളിലെ തെരുവില്‍ നിന്ന് കൂട്ടികൊണ്ടു വന്ന അനാഥബാലനാണ് ഹീത്ക്ലിഫ്. വൂതറിങ് ഹൈറ്റ്‌സില്‍ എത്തിയ നാള്‍മുതല്‍ മറ്റുള്ളവരുടെ ആട്ടും തുപ്പുമേറ്റാണ് അവന്‍ കഴിഞ്ഞത്. വളര്‍ന്നപ്പോള്‍ അവനും ഏണ്‍ഷായുടെ മകള്‍ കാതറീനും അടുപ്പത്തിലായി. എന്നാല്‍ പ്രാകൃതനും മൂര്‍ഖനും ഏകാകിയുമായിരുന്ന ഹീത്ക്ലിഫിനെ വിവാഹം കഴിയ്ക്കുന്നതിനു പകരം വീട്ടുകാരുടെ ഇഷ്ടപ്രകാരം കാതറീന്‍ ഭര്‍ത്താവായി തിരഞ്ഞെടുത്തത് സംസ്‌കൃതചിത്തനും സുന്ദരനും സല്‍സ്വഭാവിയുമായ ത്രഷ് ക്രോസിലെ എഡ്ഗര്‍ ലിന്റണെയായിരുന്നു.
കാതറീന്റെ വിവാഹശേഷം ഹീത്ക്ലിഫ് നാടുവിട്ടുപോയെങ്കിലും പിന്നിടയാള്‍ കൂടുതല്‍ ശക്തനായി അവിടെ തന്നെ തിരിച്ചെത്തുന്നു. ഏണ്‍ഷാമാരുടെ വഴിവിട്ട ജീവിതരീതികളില്‍ തകര്‍ന്നു പോയ കുടുംബം ഹീത്ക്ലിഫ് തന്റേതാക്കി മാറ്റുന്നു. ഹീത്ക്ലിഫിന്റെ പിന്നീടുള്ള ജീവിതം പകയുടേതായിരുന്നു. എഡ്ഗര്‍ ലിന്റന്റെ ഭാര്യയായി കഴിയുമ്പോഴും ഹീത്ക്ലിഫിനെ മനസ്സില്‍ നിന്നും കുടിയിറക്കാനാകാതെ ജീവിച്ച കാതറീന്റെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. രോഗാതുരമായ മാനസികാവസ്ഥയില്‍ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോയിരുന്ന കാതറീന്‍ ആദ്യപ്രസവത്തില്‍ തന്നെ മരണപ്പെടുന്നു. ഏണ്‍ഷാ കുടുംബത്തിന്റെ തകര്‍ച്ച പൂര്‍ത്തീകരിച്ച ഹീത്്ക്ലിഫ് കടുത്ത പകയുമായി ലിന്റണ്‍ കുടുംബത്തെ തകര്‍ക്കുന്നു.
രണ്ടുപുരുഷന്മാര്‍ക്കിടയില്‍ ഇരുവരോടും ഇഷ്ടവുമായി കഴിയേണ്ടി വന്ന കാതറീനും അടങ്ങാത്ത പകയുമായി കഴിയുന്ന ഹീത്ക്ലിഫും തിങ്ങിനിറയുന്ന വികാരങ്ങളും അസാധാരണമാണ്. സ്വത്വസംഘര്‍ഷത്താല്‍ ഉഴറുന്ന കഥാപാത്രമാണ് കാതറീന്‍ ഏണ്‍ഷാ. പ്രകൃതിയുടേയും മെരുങ്ങാത്ത പ്രാകൃതത്വത്തിന്റേയും പ്രതിരൂപമാണ് ഹീത്ക്ലിഫ്. എഡ്ഗര്‍ ലിന്റണാകട്ടെ സംസ്‌കാരത്തിന്റെ പ്രതീകവും. പ്രകൃതിയ്ക്കും സംസ്‌കൃതിക്കുമിടയില്‍ തന്റെ സ്വത്വത്തിന്റെ സംഘര്‍ഷങ്ങള്‍ കാതറീന്‍ തീവ്രമായി അനുഭവിക്കുന്നു. എഡ്ഗാര്‍ ലിന്റണെയാണ് കാതറീന്‍ വിവാഹം കഴിച്ചതെങ്കിലും ഹീത്ക്ലിഫില്‍ നിന്നും വിട്ടുപോകാന്‍ കാതറീന് കഴിയുന്നുമില്ല. വൂതറിങ് ഹൈറ്റ്‌സ് ഭവനം നിലകൊള്ളുന്ന രൂക്ഷപ്രകൃതിയുടെ തനിസ്വരൂപമാണ് ഹീത്ക്ലിഫ്. ജീവിതാനുഭവങ്ങള്‍ കഠിനമായിരുന്നതിനാലാകാം വന്യതയായിരുന്നു അയാളുടെ അടയാളം. ആര്‍ക്കും വേണ്ടാത്തവന്റേയും ഭ്രഷ്ടന്റേയും കലഹവ്യഗ്രവും പ്രതികാരോദ്യുക്തവുമായ ഇരുണ്ട മനോനിലയിലാണ് അയാള്‍ ഓരോ ദിനങ്ങളും തള്ളിനീക്കിയിരുന്നത്. കാതറീനു വേണ്ടി വിലപിക്കുന്ന ഒരു നല്ല ഹൃദയവും അയാള്‍ക്കുണ്ട്. അതിതീവ്രമായ ആ വികാരവിക്ഷുബ്ധാവസ്ഥകളില്‍ കാതറീനെയോര്‍ത്ത് അയാള്‍ കാതരമാവുന്നു. അയാള്‍ ഓരോ നിമിഷവും തന്നോടൊത്ത് കാതറീനും ഉണ്ടെന്ന വിശാസത്തോടെ കാതറീനോടൊത്തുചേരാന്‍ വെമ്പല്‍ കൊള്ളുന്നു. അയാള്‍ക്ക് വിശപ്പ് അന്യമാകുന്നു. മൂറിലെ വിജനതയില്‍ കാതറീനെ അയാള്‍ തേടി നടക്കുന്നു. അയാളും അവളോടൊത്തുചേരുന്നു.
വയനക്കാരന്റെ മനസ്സില്‍ വെറുതേ കോറി വരഞ്ഞുണ്ടാക്കുന്ന ചില മുറിവുകള്‍ പുസ്തകവായനയ്ക്കു ശേഷവും അവശേഷിക്കുന്നു. കൃഷിയിറക്കപ്പെട്ടിട്ടില്ലാത്ത മൂറിലെ മണ്ണുപോലെ പകയുടെ മുള്‍ക്കാടുകള്‍ മാത്രം നിറഞ്ഞു വളരുന്ന ഓരാള്‍രൂപമായി ഹീത്ക്ലിഫ് ഈ നോവലിന്റെ ആദ്യാവസാനം വരെ നിറഞ്ഞു നില്‍ക്കുന്നു. പ്രേമവും കാമവും അക്രമവാസനുമെല്ലാം ഇടകലരുന്ന വൂതറിങ് ഹൈറ്റ്‌സിനെ കറുത്ത കാല്പനികതയുടെ ഉല്പന്നമാണെന്ന് വിലയിരുത്താം.

പിയാര്‍കെ ചേനം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles

Back to top button