വൃന്ദാവനം

കൃഷ്ണൻ്റെ ജീവിതവുമായി ബന്ധപ്പെട്ട അനവധി സ്ഥലങ്ങളും മന്ദിരങ്ങളും കാണപ്പെടുന്ന പുരാതനസങ്കേതമാണ് വൃന്ദാവനം. ഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശ്രീകൃഷ്ണ ജന്മസ്ഥലവും ഗോവിന്ദരാജക്ഷേത്രവും വൃന്ദാവനവും ഗോവര്‍ദ്ധനവും അടുത്തടുത്ത പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തില്‍ അവതരിച്ച ആ പുണ്യാത്മാവിൻ്റെ ജന്മഗൃഹം ആരെയും ഭക്തിയുടെ ആനന്ദകോടിയില്‍ എത്തിക്കും.
സപ്തപുരികളിലൊന്നായ മഥുര ഉത്തര്‍പ്രദേശില്‍ യമുനയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ലോക മനസ്സിനെ പിടിച്ചുനിര്‍ത്തി പ്രാപഞ്ചിക രഹസ്യങ്ങളും ജീവിതതത്വങ്ങളും മനസ്സിലാക്കിക്കൊടുത്ത ഭഗവദ്ഗീത ശ്രീകൃഷ്ണ ഭഗവാനെ എന്നുമെന്നും ഓര്‍ക്കുന്നതിന് പര്യാപ്തമാക്കുന്നു. ബാലനായ കണ്ണന്‍ ഗോപികാഗോപന്മാരോടൊപ്പം കളിച്ച നടന്ന അനന്ത മായി വ്യാപിച്ചുകിടക്കുന്ന തുളസിത്തോട്ടമാണ് വൃന്ദാവനം. കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച ഈ പൂന്തോട്ടത്തെ കാലത്തിൻ്റെ പ്രയാണത്താല്‍ കുറെയൊക്കെ വിഴുങ്ങിയെങ്കിലും വൃന്ദാവനത്തിൻ്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് കുറച്ചുഭാഗം ഇന്നും തുളസീവനമായി നിലനില്‍ക്കുന്നു. ഉണ്ണിക്കണ്ണന്‍ മണ്ണുവാരിത്തിന്ന സ്ഥലവും ഇതിനടുത്താണ്. ഇവിടുത്തെ മണ്ണ് ഭക്തജനങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കുന്നു.
വൃന്ദാവനം എപ്പോഴും കൃഷ്ണമന്ത്രങ്ങളാല്‍ മുഖരിതമാണ്. വൃന്ദാവനത്തില്‍ സ്ഥിതിചെയ്യുന്ന ഇസ്‌കോണ്‍ ടെമ്പിളും പ്രേംമന്ദിറും വിനോദസഞ്ചാരികളടക്കം ദേശവാസികളും വിദേശവാസികളുമായ ധാരാളം ആരാധകരെ ആകര്‍ഷിക്കുന്നവയാണ്. മാര്‍ബിള്‍കൊണ്ട് തീര്‍ത്ത ഈ പുണ്യക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ ദിനംപ്രതി എത്തുന്നു. ആഗ്ര ദല്‍ഹി ദേശീയ പാതയില്‍ നിന്നും പതിനൊന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രസങ്കേതങ്ങളില്‍ എത്തിച്ചേരാം.
16ാം നൂറ്റാണ്ടില്‍ ചൈതന്യമഹാപ്രഭു ഇവിടം കണ്ടെത്തുന്നതുവരെ വൃന്ദാവനം കൊടുംവനമായിരുന്നു. 1515 ല്‍ വൃന്ദാവനം സന്ദര്‍ശിച്ച ചൈതന്യ മഹാപ്രഭു വൃന്ദാവനത്തിലെ പരിപാവനമായ വനങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് കൃഷ്ണലീലകള്‍ അരങ്ങേറിയ സ്ഥലങ്ങള്‍ കണ്ടെത്തുകയും അവിടെയെല്ലാം ക്ഷേത്രം പണിതുയര്‍ത്തുകയും ചെയ്തതായി പറയപ്പെടുന്നു. കൃഷ്ണഭക്തയായ മീരാഭായ് ഈ കാലയളവില്‍ മേവാര്‍ രാജ്യമുപേക്ഷിച്ച് ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുകയും അവരുടെ അവസാന പതിനാലുവര്‍ഷം ഇവിടെ താമസിച്ചതായും പറയുന്നു. ഹിന്ദു ഭക്തി കവയത്രികളില്‍ ഏറെ പ്രശസ്തയാണ് മീരാഭായി.
കൊടുംവേനലില്‍ ദാഹം തീര്‍ക്കാന്‍ മോരിന്‍വെള്ളവും ലസിയും (മോരില്‍ പഞ്ചസാര കലര്‍ത്തിയ പാനീയം) കിട്ടും. കൃഷ്ണഭക്തിയില്‍ ചെറിയ ഇടനാഴികളിലൂടെ കൃഷ്ണഭജനകള്‍ പാടിയാടുന്ന സംഘത്തെയും ചിലപ്പോഴൊക്കെ കാണാന്‍ കഴിയും. ക്ഷേത്രത്തിനുള്ളില്‍ എപ്പോഴും തിരക്കാണ്. കാളിന്ദീതീരത്തായി കാണുന്ന പുരാതനമായ ഗോവിന്ദരാജ ക്ഷേത്രവും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.
വൃന്ദാവനത്തിലെ ഇസ്‌കോണ്‍ ക്ഷേത്രം ശ്രീകൃഷ്ണ ബലരാമ ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. 1975 ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീകൃഷ്ണന്‍ മറ്റ് കുട്ടികളുമൊത്ത് കളിച്ച അതേ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. ഭഗവാന്‍ ശ്രീകൃഷ്ണൻ്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള നിരവധി മനോഹരങ്ങളായ പെയിൻ്റിംഗുകൾ ക്ഷേത്രത്തിലുണ്ട്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വിശ്വാസികള്‍ ഇവിടെ വരുന്നത് പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല ധ്യാനിക്കുന്നതിനും ഹിന്ദു പവിത്ര ഗ്രന്ഥമായ ഭഗവത് ഗീത പഠിക്കുന്നതിനും കൂടി വേണ്ടിയാണ്. വിശ്വാസികളില്‍ ചിലര്‍ ഇവിടെ സേവയായി വിവിധ പണികളില്‍ ഏര്‍പ്പെടാറുമുണ്ട്. ഇവിടെ മൂന്ന് പ്രധാന ആരാധനാ വേദികളാണുള്ളത്. കൊത്തു പണികളാലും ചിത്രങ്ങളാലും അലങ്കരിച്ചതാണ് ക്ഷേത്രത്തിൻ്റെ ഭിത്തികള്‍. ഇന്ത്യക്കാരെപോലെ വിദേശികളെയും ക്ഷേത്രം ആകര്‍ഷി ക്കുന്നു.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ബാല്യകാലം ചെലവഴിച്ച നഗരം എന്ന നിലയില്‍ ഹിന്ദുമത വിശ്വാസികളുടെ പൂജനീയ സ്ഥലമാണ് വൃന്ദാവനം. രാധാകൃഷ്ണ പ്രണയത്തിന് വേദിയാകാന്‍ ഭാഗ്യം ലഭിച്ച വൃന്ദാവന്‍ സ്‌നേഹത്തിൻ്റെ പ്രതീകം എന്ന നിലയിലാണ് ലോകത്തിന് മുമ്പില്‍ നില്‍ക്കുന്നത്. ശ്രീകൃഷ്ണന്‍ നൃത്തമാടിയതിനും ഗോപികമാരുടെ ചേല കവര്‍ന്നതിനും സാക്ഷ്യം വഹിച്ച നഗരമാണിതെന്ന് പുരാണങ്ങള്‍ സാക്ഷ്യപെടുത്തുന്നു. കൃഷ്ണന്‍ രാധയ്‌ക്കൊപ്പം രാസലീലകളാടി ലോകത്തിന് സ്‌നേഹത്തിൻ്റെ സന്ദേശം നല്‍കിയതും ഇവിടെ വച്ചാണ്. നിരവധി അസുരന്‍മാരെ കൃഷണന്‍ വധിച്ചതും വൃന്ദാവനത്തില്‍ വച്ചാണ്. ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ വൃന്ദാവനത്തിലെ ക്ഷേത്രങ്ങളുടെ എണ്ണം അയ്യായിരത്തില്‍ ഏറെയാണ്. പല ക്ഷേത്രങ്ങളും പിന്നീട് നഷ്ടമായെങ്കിലും 1515 ല്‍ ഇവിടം സന്ദര്‍ശിച്ച ഭഗവാന്‍ ചൈതന്യ മാഹാപ്രഭു ഇവയെല്ലാം വീണ്ടെടുക്കുകയുണ്ടായി. വൃന്ദാവനത്തിലെ പാവനഭൂമിയിലൂടെ അലഞ്ഞു നടന്ന അദ്ദേഹം ദിവ്യശക്തിയാല്‍ അവിടുത്തെ പുണ്യ സ്ഥലങ്ങളെല്ലാം വീണ്ടും കണ്ടെത്തുകയായിരുന്നു. വൃന്ദാവനം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇവിടുത്തെ ജനങ്ങള്‍ അവരുടെ ദൈനദിന ജീവിതത്തിലും രാധാകൃഷ്ണനുമായി ബന്ധപ്പെട്ടുള്ള സ്തുതിഗീതങ്ങള്‍ ആലപിക്കുന്നത് കാണാന്‍ കഴിയും. അയ്യായിരത്തിലേറെ ക്ഷേത്രങ്ങളുള്ള ഏറ്റവും പ്രധാന ഹിന്ദു തീര്‍ത്ഥാടനകന്ദ്രങ്ങളില്‍ ഒന്നാണ് വൃന്ദാവനം. ഈ ക്ഷേത്രങ്ങളില്‍ പലതും വളരെ പുരാതനമാണ്. പല ക്ഷേത്രങ്ങളും മുഗള്‍ ഭരണകാലത്ത് പ്രത്യേകിച്ച് ഔറംഗസേബിൻ്റെ കാലത്ത് നശിപ്പിക്കപ്പെട്ടു. എന്നാല്‍, ഭഗവാന്‍ ശ്രീകൃഷണൻ്റെ ജീവിതത്തില്‍ നിന്നുള്ള കഥകള്‍ക്ക് ജീവന്‍ പകര്‍ന്നുകൊണ്ട് ഇപ്പോഴും അവ നിലനില്‍ക്കുന്നു. ബങ്കെ ബിഹാരി ക്ഷേത്രം, രംഗ്ജി ക്ഷേത്രം, ഗോവിന്ദജി ക്ഷേത്രം, മദനമോഹനക്ഷേത്രം എന്നിവയാണ് ഇവയില്‍ പ്രമുഖമായിട്ടുള്ളത്. ഇക്കൂട്ടത്തില്‍ അടുത്തിടെയായി കൂട്ടിച്ചേര്‍ത്ത ക്ഷേത്രങ്ങളാണ് ഇസ്‌കോണ്‍ കൃഷ്ണബലരാമ ക്ഷേത്രവും പ്രേംമന്ദിരവും. വേദ സംബന്ധമായ അറിവുകളും ശ്രീമദ് ഭഗവത് ഗീതയും ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ പഠിപ്പിക്കുന്നുണ്ട്. ശ്രീകൃഷ്ണൻ്റെ സഖിയായിരുന്ന രാധയ്ക്കു വേണ്ടിയും ഇവിടെ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്. രാധാ ഗോകുലാന്ദ ക്ഷേത്രം, ശ്രീ രാധ രാസ് ബിഹാരി, അഷ്ടസഖി ക്ഷേത്രം എന്നിവയാണവ. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയത്തില്‍ പ്രധാന പങ്ക് വഹിച്ച രാധയുടെ എട്ട് സുഹൃത്തുക്കളാണ് അഷ്ടസഖിമാര്‍.
ക്ഷേത്രങ്ങള്‍ക്ക് പുറമെ കേശി ഘട്ട് പോലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇവിടെ നിന്നും യമുനാനദിയിലേക്കിറങ്ങാന്‍ കല്‍പടവുകള്‍ കെട്ടിയിട്ടിട്ടുണ്ട്. ഹിന്ദു വിശ്വാസ പ്രകാരം യുമനാനദിയില്‍ ഒരു തവണയെങ്കിലും മുങ്ങുന്നത് സര്‍വപാപങ്ങളും ഇല്ലാതാകാന്‍ കാരണമാകുമെന്നാണ്. ഇവിടെ നിരവധി പേര്‍ സ്‌നാനം ചെയ്യുന്നതിനായി എത്താറുണ്ട്. നിരവധി ആചാരനുഷ്ഠാനങ്ങളും സന്ധ്യാദീപ ആരാധനയും ഇവിടെ നിത്യവും നടക്കുന്നു.
വ്രജയിലെ പന്ത്രണ്ട് പുണ്യവനങ്ങളില്‍ ഏറ്റവും പ്രസിദ്ധവും പ്രധാനവുമാണ് വൃന്ദാവനം എന്ന് ആദിവരാഹപുരാണത്തില്‍ പറയുന്നു. ‘ഹേ പൃഥിവീ, വൃന്ദാവനത്തിലെ ഈ വനം എല്ലാ ദുര്‍ഗുണങ്ങളെയും നശിപ്പിച്ച് വൃന്ദാദേവിയാല്‍ സംരക്ഷിക്കപ്പെടുന്നു. തീര്‍ച്ചയായും ഇത് എൻ്റെ പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടെ ഞാന്‍ ഗോപന്മാരോടും ഗോപികളോടുമൊപ്പം പ്രശസ്തവും മനോഹരവുമായ എല്ലാസ്ഥലങ്ങളിലും വിനോദങ്ങള്‍ നടത്തും.
വൃന്ദാവനം വ്രജഭൂമിയുടെ വടക്കന്‍ ദളത്തില്‍ സ്ഥിതി ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു, കൂടാതെ പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു വ്യക്തിഗത പരിക്രമപാതയുമുണ്ട്. വൃന്ദാവനത്തിന് ചുറ്റും പരിക്രമം നടത്തുന്ന പാരമ്പര്യം ആദ്യം ആരംഭിച്ചത് ഭഗവാന്‍ ചൈതന്യ മഹാപ്രഭുവാണ്. വിവിധ ഗൗഡിയ ഗോസ്വാമികളും അവരുടെ അനുയായികളും അത് ഇന്നും തുടരുന്നു. ഇന്ന്, വൃന്ദാവനത്തിലെ പരിക്രമം ഇന്ത്യയിലെ എല്ലാ പരിക്രമങ്ങളിലുംവെച്ച് ഏറ്റവും പ്രചാരമുള്ളതാണ്. ഏകാദശിയിലും മറ്റ് മതപരമായ ഉത്സവദിവസങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ വിശുദ്ധവനത്തെ പ്രദക്ഷിണം വെയ്ക്കുന്നു.
നിലാവുള്ള രാത്രികളില്‍ രാസലീല ആടിയിരുന്ന സേവകുഞ്ച സ്ഥിതി ചെയ്യുന്ന വനം എന്നാണ് വൃന്ദാവനം അറിയപ്പെടുന്നത്. ആ സന്ദര്‍ഭങ്ങളില്‍, കൃഷ്ണന്‍ വ്രജയിലെ സുന്ദരികളായ ഗോപികമാരോടൊപ്പം അത്യന്തം ആനന്ദത്തില്‍ നൃത്തം ചെയ്യുമായിരുന്നു. കൃഷ്ണൻ്റെ അതീന്ദ്രിയമായ ഓടക്കുഴല്‍ നാദംകേട്ട് ആകര്‍ഷിതരായി വരുന്ന ആയിരക്ക ണക്കിന് ഗോപികമാര്‍ വൃന്ദാവനത്തില്‍ ഒത്തുകൂടും. രാസലീല വേളയില്‍, കൃഷ്ണന്‍ ഓരോ ഗോപികളുമൊത്ത് നൃത്തം ചെയ്യാന്‍ സ്വയം എണ്ണത്തില്‍ അവര്‍ക്കൊപ്പമാകും. രാസനൃത്തം അവസാനിച്ചതിനുശേഷം, കൃഷ്ണന്‍ ഗോപികമാരോടൊപ്പം നീന്തുകയും യമുനാനദിയിലെ തണുത്തവെള്ളത്തില്‍ കളിക്കുകയും ചെയ്യും. കൃഷ്ണന്‍ രാധാറാണിയെ സേവാകുഞ്ജയില്‍ ശുശ്രൂഷിച്ച സ്ഥലം കൂടിയാണ് വൃന്ദാവനം. കൃഷ്ണന്‍ വ്യക്തിപരമായി രാധയുടെ പാദങ്ങള്‍ ചുവന്ന യവക കൊണ്ട് അലങ്കരിച്ചും, അവളുടെ നീണ്ട കറുത്ത മുടി ജടകളാക്കി, വന പൂഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ചും അവളുടെ മനോഹരമായ മുഖത്ത് പലതരം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പുരട്ടിയും അവളുടെ മൃദുലവും അതിലോലവുമായ അവയവങ്ങള്‍ സ്വര്‍ണ്ണാഭരണങ്ങളും രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങളുംകൊണ്ട് അലങ്കരിച്ചും വൃന്ദാവനത്തിലെ പുണ്യവനത്തില്‍, രാധയും കൃഷ്ണനും, രാസനൃത്തമാടിയശേഷം, ഗോപികമാര്‍ തയ്യാറാക്കിയ പുഷ്പദളങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കട്ടിലില്‍ കിടന്ന്, പരസ്പരം ആശ്ലേഷിച്ച് രാത്രി മുഴുവന്‍ ചെലവഴിക്കും.
വൃന്ദാവനത്തിലെ പവിത്രമായ വനം കൃഷ്ണനുവേണ്ടിയുള്ളതാണ്. ഗൗതമിയ തന്ത്രത്തില്‍ ഭഗവാന്‍ തന്നെ പറയുന്നു, താന്‍ ഒരിക്കലും വൃന്ദാവനം വിട്ടുപോകുന്നില്ല. ‘ഇത് എൻ്റെ സുന്ദരമായ വൃന്ദാവനം, എൻ്റെ അതീന്ദ്രിയ വാസസ്ഥലം. ഈ വനം എൻ്റെ സ്വന്തം രൂപമാണ്. ഈ സ്ഥലത്ത് ദേവന്മാരും ഋഷിമാരും സൂക്ഷ്മരൂപങ്ങളില്‍, എപ്പോഴും വസിക്കുന്നു. ദേവന്മാരുടെ യജമാനനായ ഞാന്‍ ഒരിക്കലും ഈ വനം വിട്ടുപോകുന്നില്ല, യുഗത്തിനുശേഷമുള്ള യുഗത്തിലും ഞാന്‍ ചിലപ്പോള്‍ ദൃശ്യവും ചിലപ്പോള്‍ അദൃശ്യവുമായി ഇവിടെ ഉണ്ടാവും. ഭൗതികനേത്രങ്ങള്‍ക്ക് എൻ്റെ ദിവ്യമായ അതീന്ദ്രിയരൂപം കാണാന്‍ കഴിയില്ല. ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്ന അഞ്ച് യോജനകള്‍ വൃന്ദാവനത്തിൻ്റെ മുഴുവന്‍ വിസ്തൃതിയുള്ള സേവകുഞ്ജ മുതല്‍ നന്ദഗ്രാമ വരെയുള്ള പ്രദേശത്തെ സൂചിപ്പിക്കുന്നു.
നന്ദഗ്രാമത്തില്‍ ഗോവര്‍ദ്ധന, രാധാകുണ്ഡം, ബര്‍സാന, കൂടാതെ യമുനയുടെ പടിഞ്ഞാറന്‍ തീരത്തുള്ള രാമഘട്ടം, അക്ഷയവട (ഭണ്ഡീര വട), ചിരഘട്ട, നന്ദഘട്ടന്‍, വത്സവനം എന്നിവയുള്‍പ്പെടെ വടക്ക് കേളന്‍വനം വരെയുള്ള മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ഈ പ്രദേശത്തെ പുരാണങ്ങളില്‍ നന്ദൻ്റെ വ്രജ എന്നാണ് പരാമര്‍ശിക്കുന്നത്.