സ്വരങ്ങള്‍ – അഡ്വ.അഗസ്റ്റിൻ കോലഞ്ചേരി

എന്റെ സുഹൃത്തും തൃശൂര്‍ സി ജെ എം കോടതിയില്‍ ജോലി ചെയ്യുന്ന സമയം എന്റെ ശിരസ്തദാറുമായിരുന്ന അഗസ്റ്റിന്‍ കോലഞ്ചേരിയുടെ ആദ്യകഥാസമാഹാരമായ ”സ്വരങ്ങള്‍” എന്ന പുസ്തകം സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ വെച്ച് 2019 ഡിസംബര്‍ 15 ന് പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. പുലിറ്റ്‌സര്‍ ബുക്‌സ് കൊടുങ്ങല്ലൂരാണ് പുസ്തകത്തിന്റെ പ്രസാധനം നടത്തിയിരിക്കുന്നത്. പ്രസ്തുത ചടങ്ങില്‍ ഞാനും പങ്കെടുക്കുകയുണ്ടായി. പുസ്തകം കയ്യില്‍ കിട്ടിയതും വേഗത്തില്‍ വായിച്ചുതീര്‍ക്കാനായി. എഴുത്തിന്റെ ലാളിത്വം കൊണ്ടും ചുരുക്കി കാര്യങ്ങള്‍ പറയുന്ന ശൈലിയായതിനാലും ഗഹനമായ കാര്യങ്ങള്‍ പോലും നര്‍മ്മത്തിന്റെ രസകൂട്ടുകള്‍ ചേര്‍ത്ത് മനോഹരമായി പറയുന്ന അദ്ദേഹത്തിന്റെ കഥാകഥനരീതി ആരേയും ആകര്‍ഷിക്കുന്നവയാണ് എന്ന് പറയാതെ വയ്യ.
പതിനാലുകഥകള്‍ കോര്‍ത്തിണക്കിയ സ്വരങ്ങള്‍ എന്ന സമാഹാരത്തിലെ ആദ്യകഥതന്നെ മനുഷ്യന്റെ അന്യവല്‍ക്കരണത്തിന് മതിലുകള്‍ എങ്ങനെ സഹായകമാകുന്നു എന്നതാണ്. കാര്‍ഷികസംസ്‌കാരത്തിന്റെ സുതാര്യത മനുഷ്യരില്‍ നിന്നും കൈമോശം വരുകയും പഴയകാലത്തെ ജൈവവേലികളോ, മുള്‍വേലികളോ, വേലിയില്ലായ്കള്‍ക്കോ പകരം ഇന്ന് ഓരോ വീടിനു ചുറ്റിലും ഉയര്‍ന്നുപൊങ്ങുന്ന കൂറ്റന്‍ മതിലുകളും ഇരുമ്പുപട്ടകളാല്‍ തീര്‍ത്ത ഗേറ്റുകളും മനുഷ്യരെ മറ്റുള്ളവരില്‍ നിന്നും എങ്ങനെയെല്ലാം മാറ്റിനിര്‍ത്തുന്നു എന്ന് എഴുത്തുകാരന്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങളായി വരഞ്ഞിടുന്നു. സ്വയം പടുത്തുയര്‍ത്തുന്ന അന്യതയുടെ മതില്‍കെട്ടിനകത്ത് അകപ്പെട്ടുപോകുകയും ഹൃദയത്തിനകത്തും അത്തരം മതില്‍കെട്ടുകള്‍ സ്വയം പടുത്തുയര്‍ത്തുകയും ചെയ്തീട്ട് സ്വന്തം പ്രവൃത്തികളെ സ്വയം ശപിക്കുന്ന അവസ്ഥയിലാണ് നമ്മള്‍ ഓരോരുത്തരും എത്തിപ്പെട്ടിരിക്കുന്നതെന്ന് കഥാകാരന്‍ ഓര്‍മ്മപ്പെടുത്തുന്നു. മതിലുകള്‍ വന്നതോടെ നൈതികതയില്‍ നിന്നും താനെത്രമാത്രം അകന്നുമാറികഴിഞ്ഞെന്ന് ഇതിലെ കഥാപാത്രം വേദനയോടെ മനസ്സിലാക്കുന്നു. മതില്‍ നാം സ്വയം പടുത്തുയര്‍ത്തുന്ന ജയിലറയാണ്. അതിലെ അന്തേവാസിയും ജയിലറും താന്‍ തന്നെ.
കൊളോണിയല്‍ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളെ ഇന്നും താലോലിച്ചുനടക്കുന്ന ചില ജുഡിഷ്യല്‍ ഉദ്യോഗസ്ഥരുടെ സബോര്‍ഡിനേറ്റുമാരോടുള്ള പെരുമാറ്റരീതികളില്‍ വീര്‍പ്പുമുട്ടി കഷ്ടതയനുഭവിക്കുന്നവരുടെ കഥയാണ് കഥാകാരന്‍ ‘കാതോര്‍ക്കുന്നവര്‍’ എന്ന കഥയില്‍ ചിത്രീകരിക്കുന്നത്. ജനാധിപത്യത്തിന്റെ സുവര്‍ണ്ണകാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഇക്കാലത്ത്‌പോലും അത്തരത്തില്‍ ഫ്യൂഡലിസത്തിന്റെ അഴുക്കുകള്‍ പേറുന്നവരുണ്ടെന്ന സത്യം ഈ കഥയിലെ പ്യൂണ്‍ ആയി ജോലിക്കുചേര്‍ന്ന ജീവനക്കാരന്റെ ആദ്യദിവസത്തെ ഓഫീസ് ദിനചര്യയിലൂടെ വളരെ സുതാര്യമായിതന്നെ വരച്ചിടുന്നു. കുട്ടികളെ സ്‌ക്കൂളില്‍ കൊണ്ടുപോകുക, കൊണ്ടുവരിക, വീട്ടിലേക്ക് ഇറച്ചി, മീന്‍, പച്ചക്കറികള്‍ എന്നിവ വാങ്ങുക. വീട്ടിലെ പട്ടിയെ കുളിപ്പിക്കുക, കാര്‍ കഴുകുക, കിടയ്ക്ക പൊടിത്തട്ടി വിരിച്ചുകൊടുക്കുക തുടങ്ങി അനവധി ജോലികളാണ് ഇത്തരക്കാര്‍ അവരെകൊണ്ട് ചെയ്യിക്കുക. പരാതികളുമായി പോയാല്‍ ദൂരേയ്ക്കുള്ള സ്ഥലമാറ്റമോ, അല്ലെങ്കില്‍ നേരത്തേ വിളിച്ചുവരുത്തുകയും സമയത്തിന് വീട്ടില്‍ പറഞ്ഞുവിടാതെ കഷ്ടപ്പെടുത്തുകയുമാണ് ഫലമെന്നതിനാല്‍ അധികമാരും ഇതില്‍ പരാതിപ്പെടാറില്ല എന്നതാണ് സത്യം. എന്നാല്‍ നല്ല മനുഷ്യസ്‌നേഹികളും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുമായ അനേകം പേര്‍ ഉണ്ട് എന്നത് ഈ കഥയ്‌ക്കൊരു മറുമൊഴിയാണ്. അത്തരത്തിലുള്ളവരുടെ എണ്ണം ഇപ്പോള്‍ കൂടുതലായി ഉണ്ടെന്നതും ആശ്വാസകരമാണ്. എന്നാലും പലതരത്തിലുള്ള മാനസികസമ്മര്‍ദ്ദങ്ങളാല്‍ വീര്‍പ്പുമുട്ടി മനോരോഗികളായവരും ഈ മേഖലകളില്‍ കാണാനാകും. അത്തരത്തിലുള്ള കഥാകാരന്റെ നേരിട്ടുള്ള അനുഭവം തന്നെയാകണം ‘കാതോര്‍ക്കുന്നവര്‍’ എഴുതുന്നതിന് കഥാകാരന് പ്രചോദനമായിട്ടുണ്ടാവുക. ചീത്തവിളികള്‍ ഭയന്ന്, ശിക്ഷാവിധികള്‍ ഭയന്ന് കണ്ണും കാതും മനസ്സും ഒന്നിലേയ്ക്ക് മാത്രം തുറന്നുവെച്ച് സ്വന്തം അസ്തിത്വം തന്നെ ഇല്ലാതായ സബോര്‍ഡിനേറ്റിന്റെ ജീവിതമാണ് ഈ കഥയില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഇതില്‍ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതിന്റെ അച്ചടക്കവും ലാളിത്വവും ഹാസ്യത്മകതയും ഒരു കാവ്യം പോലെ ഇതിനെ മനോഹരമാക്കുന്നു.
ബിസിനസ്സില്‍ ഉയരുന്ന ലാഭകണക്കില്‍ കാഴ്ചമങ്ങി ആര്‍ത്തിമുഴുത്ത് മോഷണമുതലാണെന്നറിയാതെ, അല്ലെങ്കില്‍ അതറിയാന്‍ ശ്രമിക്കാതെ മോഷണത്തിനുകൂട്ടുനിന്നതിന് ജയിലിലായ ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇരുട്ട്. അനര്‍ഹമായ ലാഭം നേടിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ അയാളറിഞ്ഞില്ല താനും രാജദ്രോഹപരമായ മോഷണപരമ്പരയിലെ ഒരാളായിത്തീരുകയാണെന്ന സത്യം. സമൂഹത്തിനുള്ള ഒരു ദിശാസൂചികയും മുന്നറിയീപ്പുമാണ് ഈ കഥ മുന്നോട്ടു വെയ്ക്കുന്നത്.
അറിഞ്ഞുകൊണ്ടുതന്നെ നാം ചെയ്യുന്ന ചില തെറ്റുകള്‍ അത് പലപ്പോഴും ജീവിതത്തെ ദുസ്സഹമാക്കുമെന്ന സത്യം പറയാതെ പറയുകയാണ് ‘മദ്യപാനം ഹാനികരമാണ്’ എന്ന കഥയിലൂടെ. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന് ക്ഷണിച്ചുവരുത്തിയ സുഹൃത്തുക്കളെ സന്തോഷിപ്പിക്കുന്നതിനായി അയാള്‍ ചെയ്യുന്ന പ്രവൃത്തികള്‍ അയാള്‍ക്കുതന്നെ വിനയായി മാറുന്ന അവസ്ഥ. ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന ഒരു ശീലം അതെത്ര മൂടിവെച്ചാലും അത്യാസന്നഘട്ടത്തില്‍ അത് മറ നീക്കി പുറത്തുവരികതന്നെ ചെയ്യും. എന്ന കാര്യം ഈ കഥയിലൂടെ അടിവരയിടുന്നു. മദ്യപാനം അത്തരത്തില്‍ സംഭവിച്ചുപോകുന്ന ഒരവസ്ഥയാണ്. മദ്യം ആരോഗ്യത്തിനും അഭിമാനത്തിനും അഭിവൃദ്ധിക്കും ഹാനികരമാണെന്ന് കഥാകൃത്ത് ‘മദ്യപാനം ഹാനികരമാണ്’ എന്ന കഥയില്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. അതിനായി തിരഞ്ഞെടുത്ത പ്രമേയവും ഇതിവൃത്തവും കഥാപാത്രങ്ങളും സംഭാഷണങ്ങളും പശ്ചാത്തലവും സംഘര്‍ഷങ്ങളും എല്ലാം കാഥികന്റെ ക്രാഫ്റ്റ് വെളിപ്പെടുത്തുന്നവയാണ്.
മരണം തുറന്നിടുന്ന ഒരുപാട് കച്ചവടസാധ്യതകളുണ്ട്. മരണശേഷമുള്ള കര്‍മ്മങ്ങള്‍, പൂജാസാമഗ്രികള്‍, ആഘോഷങ്ങള്‍, സദ്യകള്‍, പൂജകള്‍, ശവപ്പെട്ടികള്‍, കല്ലറകള്‍, റീത്ത് മുതലായവ. ഇതൊന്നും മരിച്ചവന് ഒരാശ്വാസവും ഉണ്ടാക്കുന്നില്ല. എന്തിന് അയാള്‍ അറിയുന്നുപോലുമില്ല. ജീവിച്ചിരിക്കുന്നവരുടെ സ്റ്റാറ്റസും ഔന്നത്യവും പ്രകടിപ്പിക്കാനുള്ള ചില ഉപാധികള്‍ മാത്രം. ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞുനോക്കാത്തവരായിരിക്കും മരച്ചുകഴിഞ്ഞാല്‍ ഇത്തരം കാര്യങ്ങളില്‍ ആദ്യം മുന്നിട്ടിറങ്ങുക. എല്ലാം ഔപചാരികത മാത്രം. അതിനപ്പുറം മരിച്ചവന്റെ കുടുംബത്തിന്റെ കാര്യത്തിലുള്ള കരുതലോ, അവരോടുള്ള സഹാനുഭൂതിയോ, ഒന്നുമല്ലത്. സമൂഹത്തിനു മുന്നില്‍ മാന്യനെന്നു നടിക്കാന്‍ അനുവര്‍ത്തിക്കുന്ന ചില ചെയ്തികള്‍ മാത്രം. വളരെ ഹാസ്യാത്മകമായി റീത്തില്‍ ഇതെല്ലാം വരച്ചിട്ടിരിക്കുന്നു.
ഈ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് കഥാകൃത്ത് ‘ബാക്കി – അമ്പത് പൈസ’ യില്‍ വരച്ചിടുന്നത്. കണ്ടക്ടര്‍ക്ക് ചില്ലറ ബാക്കി കൊടുക്കുന്നതിലുള്ള വിരക്തി. കഥാപ്രാത്രത്തിന് അത് തിരിച്ചുവാങ്ങിയേപറ്റൂ എന്ന വാശി. നിസ്സാരമെങ്കിലും അനീതി വെച്ചുപൊറുപ്പിക്കില്ലെന്ന് അയാള്‍ ദൃഢനിശ്ചയമെടുത്തവനായി രൂപാന്തരപ്പെടുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറ്റുള്ളവര്‍. അതയാളില്‍ ആവേശം പകര്‍ന്നു. എന്നാല്‍ അവസാനം കളി കാര്യമായപ്പോള്‍ അനുകൂലിച്ചവരും പ്രതികൂലിച്ചവരും രംഗത്തുനിന്ന് പിന്‍വാങ്ങി. പ്രശ്‌നങ്ങളില്‍ കുടുങ്ങി തലയൂരാനാവാതെ രണ്ടുപേര്‍ മാത്രം അവശേഷിച്ചു. ഒരു സമൂഹത്തിന്റെ നേര്‍ചിത്രങ്ങളെ ഇത്രയും ലളിതമായി അവതരിപ്പിക്കാനായത് കഥാകൃത്തിന്റെ രചനാപാടവം ഒന്നുകൊണ്ടുമാത്രമാണ്.
ജന്മംകൊണ്ട് മനുഷ്യനായി പിറന്നീട്ടും മനുഷ്യരായി സമൂഹം അംഗീകരിക്കാത്തവരുടെ കഥയാണ് ‘മനുഷ്യജന്മങ്ങള്‍.’ വികൃതമായി ജനിച്ച മകളെ ഒരു മനുഷ്യജന്മമായാണ് അയാളടങ്ങുന്ന സമൂഹം കണ്ടെത്തുന്നത്. അയാളുടെ ഭാര്യ ഭാഗ്യം ചെയ്തവള്‍ ഇതൊന്നും കാണാതെ അനുഭവിക്കാതെ അവള്‍ പോയി. എങ്കിലും അയാള്‍ ആ പാപഭാരമെല്ലാം സ്വയമേറ്റെടുത്ത് മകളെ ഊട്ടിയും താലോലിച്ചും ഉറക്കിയും ആശ്വസമായി ഒപ്പമുണ്ട്. തന്റെ പിതാവിന്റെ നിത്യദുഃഖമായി നിശ്ശബ്ദം കഴിയേണ്ടിവന്ന മകളുടെ മനസ്സിലെ നീറിപുകയുന്ന തീയണക്കാന്‍ അവള്‍ അവസാനം വഴി കണ്ടെത്തുന്നു. അത് അയാളെ സമൂഹത്തിനുമുന്നില്‍ മറ്റൊരു മനുഷ്യജന്മമാക്കി പരിവര്‍ത്തനപ്പെടുത്തുന്നു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയവും അതേപ്പറ്റിയുണ്ടായിരുന്ന മുറവിളികളും സമൂഹമനസ്സിനെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന സത്യത്തെ ഹാസ്യരൂപേണ പെരിയമുല്ല എന്ന കഥയിലൂടെ കഥാകാരന്‍ ചിത്രീകരിച്ചിരിക്കുന്നു. രസചരടുകളുടെ ഇഴമുറിയാതെ നെയ്‌തെടുത്ത ഒരു മാന്ത്രികപരവതാനിയാണ് പെരിയമുല്ല എന്ന് നിസ്സംശയം പറയാം.
ജോലിത്തിരക്കുകള്‍ക്കിടയില്‍ എല്ലാം ഒരു ബാധ്യതയാണ് പ്രത്യേകിച്ച് പ്രായമായവര്‍. എങ്ങാനും വീണുപോയാല്‍ പിന്നെ എല്ലാവര്‍ക്കും വേവലാതിയാണ്. മരണം ഇറപ്പാക്കിയാലേ വേവലാതി ശമിക്കുകയുള്ളൂ. അത്തരം വേളകള്‍ ഗംഭീരമായി അഭിനയിച്ച് നല്ലവനാകുക എന്നതാണ് ഓരോരുത്തരുടേയും ചിന്തകള്‍. പ്രശ്‌നമൊന്നുമില്ലെങ്കിലോ, വിശേഷം എന്തെങ്കിലുമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി ഞാന്‍ ജോലിക്കു പോകുന്നുയെന്നുള്ള പതിവുമൊഴികളുമായി തടിത്തപ്പുന്നു. എന്നാല്‍ ഇതൊന്നും തുറന്നു സമ്മതിക്കാന്‍ നമ്മളാരും തയ്യാറല്ലെന്നുമാത്രം. അവസാനനിമിഷത്തില്‍ ഒന്നും ഉരിയാടാനാകാതെ, കിടന്നകിടപ്പില്‍ നിന്നും ഒന്നിളകാനാകാതെ മലമൂത്രവിസര്‍ജ്ജനങ്ങളില്‍ കുതിര്‍ന്ന് തനിച്ച് കിടക്കുന്ന അവസ്ഥയില്‍ മക്കള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന അവസാന ആഗ്രഹവുമായി കനപ്പെട്ട നിമിഷങ്ങള്‍ തള്ളിനീക്കുന്ന രക്ഷിതാക്കളുടെ കാര്യം കഷ്ടംതന്നെ. ചെവിട്ടോര്‍മ്മ അത്തരം സന്ദര്‍ഭങ്ങളെ അവിസ്മരിണീയമാക്കുന്നു.
തെരുവുപട്ടികള്‍ – റോ ഡോഗ്‌സ് – സംസ്‌കൃതരല്ലാത്തവര്‍. മാലിന്യങ്ങള്‍ ഉള്ളിടത്തെല്ലാം അവ നിറയുന്നു. മാലിന്യങ്ങള്‍ക്കായി അവ കടിപിടികൂടുന്നു. മാലിന്യങ്ങള്‍ വിസര്‍ജിക്കുന്നവര്‍ക്കായി അവര്‍ കാത്തിരിക്കുന്നു. അവ നല്‍കാന്‍ പ്രാപ്തരല്ലാത്തവരെ അവര്‍ കടിച്ചുകീറുന്നു. നഗരത്തിലും ഗ്രാമത്തിലും മാത്രമല്ല. കാമ്പസ്സുകളും അവര്‍ കയ്യടക്കിയിരിക്കുന്നു. മനസ്സില്‍ മാലിന്യങ്ങള്‍ നിറച്ചു വരുന്നവരെ കരുതിയിരിക്കുക. അവിടേയും സംസ്‌കൃതരഹിതരുണരും. ആര്‍മാദിക്കും. ആക്രമിക്കും. അതൊന്നും ശീലമില്ലാത്തവര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകും. സമൂഹത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹിക അവസ്ഥകളെ ഐറണിക്കലായി, വളരെ ലളിതമായി കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നു. ഇന്നത്തെ സമകാലിക ഇന്ത്യയില്‍ വളരെ പ്രസക്തമാണ് ‘കാമ്പസ് പട്ടികള്‍’ എന്ന ഈ കഥ.
നല്ല കൈവഴക്കത്തോടെയാണ് ‘ബലിതര്‍പ്പണം’ കഥാകൃത്ത് കൈകാര്യം ചെയ്തിരിക്കുന്നത്. പരിമിതമായ വാക്കുകള്‍ തന്റെ അച്ഛനെക്കുറിച്ചുള്ള സുചനകള്‍ പലപ്പോഴും അറിയാതെയെന്നോണം ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ക്ലൈമാക്‌സിലെത്തുമ്പോള്‍ വായനക്കാരന്റെ മിഴിനനയ്ക്കാന്‍ മാത്രം പ്രാപ്തി കഥാകൃത്തിന്റെ വാക്കുകള്‍ക്കുണ്ട്. അതിനുള്ള കരുത്ത് എഴുത്തുകാരന്‍ ആര്‍ജ്ജിച്ചെടുത്തിരിക്കുന്നു.
കാണേണ്ടത് കാണാതെ, കാണാകാഴ്ചകള്‍ കാണുന്നവരാണ് നമ്മുടെ സഹജീവികള്‍. യാഥാര്‍ത്ഥ്യങ്ങളെ ആര്‍ക്കും ആവശ്യമില്ല. വളരെ ലാഘവത്തോടെ പറഞ്ഞുപോകുന്ന ജീവിതസത്യങ്ങളിലൂടെയാണ് ‘രചിക്കാത്ത കഥകള്‍’ വികസിക്കുന്നത്. ‘നാട്ടില്‍ അപ്പോഴേയ്ക്കും കാമുകികാമുകന്മാര്‍ പുഴയില്‍ ചാടിയ കഥകളും കവിതകളും നോവലുകളും നിര്‍മ്മിക്കാത്ത സീരിയലുകളും സിനിമകളും വരെ പുറത്തിറങ്ങികഴിഞ്ഞിരുന്നു എന്ന വാക്യത്തിലൂടെ ഈ കഥയുടെ ക്ലൈമാക്‌സ് പുറത്തുചാടുന്നു ഒപ്പം സമകാലിക സമൂഹത്തിന്റെ വൈകൃതങ്ങളും.
എഴുത്തുകാരന്‍ ഇതിലെ കഥകള്‍ക്കായി തിരഞ്ഞെടുത്ത പ്രമേയങ്ങള്‍ നിത്യജീവിതത്തിലെ വളരെ നിസ്സാരമെന്നു കരുതുന്ന ചില ജീവിതാനുഭവങ്ങളെയാണ്. പ്രമേയങ്ങളെ സംഭവങ്ങളിലൂടെ, കഥാപാത്രങ്ങളിലൂടെ കാര്യകാരണബന്ധങ്ങളോടുകൂടി വികസിപ്പിച്ച് യുക്തിഭദ്രമായി അവതരിപ്പിക്കുന്നതില്‍ വിജയം വരിച്ചിരിക്കുന്നു എന്നു പറയാതിരിക്കാനാവില്ല. അത്തരത്തിലുള്ള ശില്പഗോപുരങ്ങളാണ് അഗസ്റ്റിന്‍ കോലഞ്ചേരിയുടെ ഈ പതിനാലുകഥകളും.
പിയാര്‍കെ ചേനം