ഇവിടം വാതിലുകൾ അടയുന്നില്ല – ഇ സുനിൽകുമാർ

കഥ കേള്‍ക്കാനും പറയാനും തല്പരരാണ് നാമോരുരത്തരും. കഥകള്‍ എപ്പോഴും ആനന്ദകരവും വിജ്ഞാനപ്രദവുമാണ്. നമ്മളില്‍ ഒരു ശ്രോതാവ് ഉണര്‍ന്നിരിക്കുന്നതുപോലെത്തന്നെ ഒരു കഥാകാരനും ഉണര്‍ന്നിരുപ്പുണ്ട്. താനനുഭവിക്കുന്ന അനുഭവങ്ങളേയും ആര്‍ജ്ജിച്ചെടുക്കുന്ന അറിവുകളേയും ശ്രോതാവിന് മടുപ്പുണര്‍ത്താതെ ആകര്‍ഷകമാക്കി പറയാനുള്ള വൈഭവമാണ് എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്നത്.
മനുഷ്യനായിരിക്കാനുള്ള നല്ല കര്‍മ്മങ്ങളില്‍ ഒന്നാണ് എഴുത്ത് എന്ന് എവിടെയോ വായിച്ചത് ഞാനിവിടെ ഓര്‍ക്കുന്നു. ജീവിതത്തിലുള്ള താല്പര്യം തന്നെയാണ് സാഹിത്യത്തില്‍ താല്പര്യമുണ്ടാകാനുള്ള കാരണം. ഭാവനയില്‍ പ്രതിഫലിച്ചുകാണുന്ന ജീവിതത്തിന് ആകര്‍ഷകത കൂടും. ഓരോ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കും കാരണം ജീവിതത്തിലുള്ള താല്പര്യമാണ്. പി കേശവദേവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ജീവിതത്തിന്റെ കുറവുകളേയും വേദനകളേയും വലുതാക്കി ആകര്‍ഷകമാക്കി കാണിക്കും. അങ്ങനെ മനുഷ്യന്റെ മരവിച്ച ഞരമ്പുകളെ തിരുമ്മി ഉണര്‍ത്തും. എന്നിട്ടോ, കുറ്റങ്ങളും കുറവുകളുമില്ലാത്തതായ സ്വപ്നങ്ങളിലേയ്ക്ക് അയാള്‍ മനുഷ്യനെ മാടിവിളിക്കും. മനസ്സിലിരിക്കുന്ന സാഹിത്യം അനുവാചകരിലേയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ആവശ്യമുള്ളിടത്തോളം എഴുതുക. ആവശ്യത്തില്‍ കവിഞ്ഞ് ഒരു വാക്കു പോലും എഴുതാതിരിക്കുക.’
ഈ സമൂഹത്തോട് എന്തെങ്കിലുമൊന്ന് പറയാനുള്ളതുകൊണ്ടാണ് എഴുതുന്നത്. എഴുതാനുള്ളത് ഏതൊക്കെ തിരക്കുകളുടെ പേരിലായാലും മാറ്റി വെയ്ക്കുന്നത് ആത്മഹത്യാപരമാണ്. കാരണം നൈസര്‍ഗ്ഗികമായ കഴിവിനെ നശിപ്പിച്ചുകളയുന്നതിലൂടെ നമ്മള്‍ എല്ലാനേട്ടങ്ങളും നിഷേധിക്കുകയാണ്. എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയാവുന്നത്, ഒരു സാധാരണക്കാരന് സ്വന്തം ജീവിതസാഹചര്യങ്ങളിലുള്ള കുറച്ചു പേരുമായി മാത്രമേ ആശയവിനിമയം ചെയ്യാനാവൂ. എന്നാല്‍ എഴുത്തുകാരന്‍ പിറക്കാനിരിക്കുന്ന കുഞ്ഞുമായിപോലും ആശയവിനിമയം നടത്താന്‍ പ്രാപ്തനാണ്. ഭാവനാസമ്പന്നരായവരുടെ കഥകള്‍ വായിച്ചെടുക്കുമ്പോള്‍ ആ അനുഭൂതിദായകമായ സവിശേഷലോകത്തില്‍ നേരിട്ട് പരിചിതരല്ലാതിരുന്നിട്ടുപോലും അവരും അതിലലിഞ്ഞു ചേരുന്നു.
കഥയുടെ അടിസ്ഥാനഗുണം എന്നത് അതിന്റെ ഏകാഗ്രതയാണ്. ഒരു വികാരത്തിനു മാത്രമേ അവിടെ സ്ഥാനമുള്ളൂ. ഒരു വികാരം, ഒരു ഭാവം, ഒരു ചലനം, ഉള്ളില്‍ തട്ടുന്ന ഒരു ചിത്രം. ഇതൊക്കെയാണ് ഒരു കഥ കൊണ്ട് മൊത്തത്തില്‍ സാധിക്കുന്നത്. ആയതിനാല്‍ ആ വികാരത്തിന്, ഭാവത്തിന്, ചലനത്തിന്, ഭംഗം വരുത്താതെ മേല്‍ക്കുമേല്‍ ഉദ്ദീപിപ്പിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകണം. ഏകാഗ്രതയ്ക്ക് ഭംഗമുണ്ടാക്കുന്ന യാതൊരു ഘടകത്തേയും കഥയില്‍ ഉള്‍പ്പെടുത്താതെ നോക്കണം.
ഇ സുനില്‍കുമാറിന്റെ ആദ്യകഥാസമാഹാരമായ ‘സ്‌നേഹവീടി’ല്‍ പതിനൊന്നു കഥകളാണുള്ളത്. പ്രമേയത്തിന് പ്രാധാന്യം നല്‍കുന്നവയാണ് അതിലേറെയും. സമൂഹജീവിയെന്ന നിലയില്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിനും ജനത്തിനും അവരുടെ ജീവിതത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള എഴുത്തിന്റെ രീതിയാണ് അദ്ദേഹത്തിന്റേത്. കഥയിലെ പ്രമേയം സംഭവങ്ങളിലേയ്ക്കും കഥാപാത്രങ്ങളിലേയ്ക്കും കാര്യകാരണബന്ധത്തോടുകൂടി വികസിപ്പിച്ച് യുക്തിഭദ്രമായി ഒരുക്കിയെടുക്കുന്നത് നമുക്ക് ഈ കഥകളില്‍ കാണാനാകും. കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളാണ് പ്രമേയത്തെ ഇതിവൃത്തമായി വികസിപ്പിക്കാന്‍ ഈ കഥകളെ പ്രധാനമായും സഹായിക്കുന്നത്.
ഇതിലെ ആദ്യകഥയായ ‘ഭയം ഒരു അപകടം’ നോക്കാം. നഗരത്തിലെ തിക്കും തിരക്കും. അതിനിടെ ചീറിപാഞ്ഞു വരുന്ന ആംബുലന്‍സ്. ഓരോ ദിവസവും നടക്കുന്ന അത്യാഹിതങ്ങളെക്കുറിച്ച് ഭയചകിതനാകുന്ന വിനായക് തന്റെ വാഹനം ഒരരികുപറ്റി ഒതുക്കിനിര്‍ത്തുന്നു. ആംബുലന്‍സ് കടന്നു പോയതിനുശേഷം അയാള്‍ വീണ്ടും വാഹനത്തെ സ്റ്റാര്‍ട്ട് ചെയ്ത് റോഡിലേയ്ക്ക് കയറാന്‍ ശ്രമിക്കുന്നു. എന്നാല്‍ അയാളിലെ ഭയം കാരണം അതിനുകഴിയുന്നില്ല. പകരം സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത വാഹനം തട്ടിമറിഞ്ഞ് റോഡില്‍ വീഴുന്നു. മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗതടസ്സമാകുന്നതിന് അത് കാരണമാകുന്നു. ഇതുകണ്ട് ശാസിക്കാനും കേസെടുക്കാനും ഓടിയെത്തിയ പോലീസുകാരന്‍ അയാളുടെ രേഖകളെല്ലാം പരിശോധിക്കുന്നു. വാഹനമോടിച്ച് ഏറെ പരിചിതനാണയാളെന്ന് മനസ്സിലാക്കുന്ന പോലീസുകാരന്‍ അയാളുടെ പ്രശ്‌നം മനസ്സിലാക്കി കേസെടുക്കാതെ ധൈര്യപ്പെടുത്തുന്നു. അയാള്‍ ആ ഊര്‍ജ്ജത്താല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വണ്ടിയോടിച്ചു പോകുന്നു. ഏതൊരു ഉത്തരവാദിത്വവും ഭയരഹിതമായി ചെയ്യുന്നതിലൂടെയാണ് അതിനെ നേട്ടമാക്കി മാറ്റാനാവൂയെന്ന് ഇതിലൂടെ കഥാകാരന്‍ വായനക്കാരനെ ഉദ്‌ബോധിപ്പിക്കുന്നു. വളരെ ചെറിയ ഒരു കഥയാണിത്. എന്നാല്‍ വലിയൊരു ആശയത്തെ അത് മുന്നോട്ടു വെയ്ക്കുന്നു. ഇതിലെ ഭാഷയും വളരെ ലളിതമാണ്.
ലോക്ഡൗണില്‍ വീട്ടിലടയ്ക്കപ്പെട്ട ഒരു പ്രാരാബ്ധക്കാരന്റെ ദിവാസ്വപ്നങ്ങളാണ് ‘ആശയും ചിന്തയും’ കാഴ്ച വെയ്ക്കുന്നുത്. ഇന്നത്തെ മുരടിപ്പിന് മാറ്റമുണ്ടാകുമെന്നും നാട് വളരുമെന്നും ആ വളര്‍ച്ചയ്ക്കനുസരിച്ച് താനും വളരുമെന്നും അതിനനുസരിച്ച് വീട്ടിലെ അവസ്ഥകളും മക്കളുടെ വിദ്യാഭ്യാസവും മെച്ചപ്പെടുത്തണമെന്നും നാട്ടിലെ പൊതുകാര്യങ്ങളില്‍ തന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ച് നാട്ടില്‍ പേരും പെരുമയും ഉള്ള ഒരാളായി മാറണമെന്നും സ്വപ്നം കണ്ടിരിക്കുന്ന പച്ചയായ ഒരു മിഡില്‍ക്ലാസ്സ് വ്യക്തിയേയും അയാളിലെ സ്വപ്നങ്ങളേയുമാണ് ഇവിടെ അനാവൃതമാക്കുന്നത്. സമൂഹം എന്നത് നിശ്ചലമായ ഒരു കുളമല്ലെന്നും അതിന് നിരന്തരമായ അലയൊലികളുണര്‍ത്താനാകുമെന്നും ഇപ്പോഴത്തേത് താല്ക്കാലികമായ ഒരു പ്രതിസന്ധിയാണെന്നും അതെന്നും അങ്ങനെയായിരിക്കില്ലെന്നും പ്രതീക്ഷ നല്‍കുന്നു. വരാനിരിക്കുന്ന പൂക്കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കഥ അവസാനിപ്പിക്കുന്നത്. ജീവിതത്തിന്റെ ചാലകശക്തിയും ഇത്തരം പ്രതീക്ഷകളല്ലാതെ മറ്റൊന്നല്ല എന്നാണ് കഥാകാരന്‍ ഈ കഥയിലൂടെ പറഞ്ഞുവെയ്ക്കുന്നത്.
ആലങ്കാരികമായ കെട്ടുപാടുകളില്ലാതെ ലളിതമായ രീതിയില്‍ പറഞ്ഞുപോകുന്ന ഒരു കഥയാണ് ‘നടയടി’ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുള്ള പാലിയേറ്റീവ് അവാര്‍ഡ് ജേതാവായി സദസ്സിലിരിക്കുന്ന ചന്ദ്രമോഹന്‍ അവിടെയിരുന്നുകൊണ്ട് താനിതിന് അര്‍ഹനാണോയെന്ന് സ്വയം വിലയിരുത്തുന്നു. മാനസികവൈകല്യത്തിലൂടെ കൊലപാതകിയായി മാറിയ അയാള്‍ വായനയിലൂടെ നന്മയിലേയ്ക്കും അതുവഴി മനുഷ്യസ്‌നേഹത്തിന്റെ പൂര്‍ണ്ണതയിലേയ്ക്കും വളര്‍ന്നു വന്നു. എന്നാല്‍ താന്‍ ചെയ്തുകൂട്ടിയ പാതകങ്ങള്‍ അയാളിലെ നന്മയിലേയ്ക്കു വളര്‍ന്ന മനസ്സിനെ വ്യാകുലപ്പെടുത്തുന്നു. അതിനാല്‍ ആദരിക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്വയം വെളിപ്പെടുത്താന്‍ അയാള്‍ തയ്യാറാവുന്നു. താനാരായിരുന്നെന്ന് മനസ്സിലാക്കിയതിനുശേഷം തനിയ്ക്കു ജനങ്ങള്‍ നല്‍കുന്ന ഏത് ശിക്ഷയും ഏറ്റു വാങ്ങുന്നതിന് അയാള്‍ തയ്യാറാകുന്നു. ഒരാള്‍ എത്ര ഉന്നതിയിലെത്തിയാലും തന്റെ പ്രവൃത്തികളാണ് തന്നോടൊപ്പം എപ്പോഴും ഉണ്ടാകുകയെന്ന് ഈ കഥ വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്നു. അടിത്തട്ടു മുതല്‍ ശുചീകരണം നടത്തിയാലേ അതില്‍ നിന്നും മോചനം നേടാനാവൂ എന്നും കഥാകരന്‍ ഇവിടെ വ്യക്തമാക്കുന്നു. അവാര്‍ഡുകള്‍ വാങ്ങുന്നതിനേക്കാള്‍ സുഖം തന്റെ പ്രവൃത്തികളുടെ ഏറ്റു പറച്ചിലുകളിലൂടെ ലഭിക്കുന്ന ശിക്ഷകളാണെന്നും അതുവഴി തന്റെ മനസ്സിനെ ശുദ്ധമാക്കാമെന്നും അയാള്‍ ആഗ്രഹിക്കുന്നു. ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുമ്പോള്‍ തടവുപുള്ളികള്‍ക്ക് ആചാരമായി നല്‍കി വരുന്ന നടയടി വാങ്ങാന്‍ താനും യോഗ്യനാണെന്ന് അയാള്‍ ഇവിടെ സ്വയം വെളിപ്പെടുത്തുകയാണ്. വായന എങ്ങനെ ഒരാളെ നവീകരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനും വായനയുടെ പ്രാധാന്യം എത്രമാത്രം വിലപ്പെട്ടാതണെന്നും ഈ കഥയിലൂടെ കഥാകാരന്‍ നമ്മളോട് ശക്തമായി വിളിച്ചു പറയുന്നുണ്ട്.
ഈ സമൂഹത്തിലെ ഏറ്റവും വലിയ ദാരിദ്ര്യം ഓരോരുത്തരിലും നിലകൊള്ളുന്ന സ്‌നേഹത്തിന്റെ പട്ടിണിയാണ് എന്ന് വളരെ ലളിതമായി ഹാസ്യരൂപേണ നാടകീയമായി കഥാകാരന്‍ ‘പട്ടിണി’ എന്ന കഥയില്‍ വരച്ചുവെയ്ക്കുന്നു. അയല്‍ക്കാരനും അയാല്‍ക്കാരനും തമ്മില്‍, മക്കളും രക്ഷിതാക്കളും തമ്മില്‍, മക്കളും മക്കളും തമ്മില്‍, മനുഷ്യനും മനുഷ്യനും തമ്മില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ സത്യം പരസ്പരസ്‌നേഹത്തിന്റെ അഭാവമാണെന്ന് മനോഹരമായി പറഞ്ഞു വെയ്ക്കുന്നു. ഉച്ചയോടെ പൊട്ടിപുറപ്പെട്ട വേലുനായരുടെ മരണവാര്‍ത്തയും അകാലത്തില്‍ മരണമടയാനുള്ള കാരണങ്ങളന്വേഷിച്ചുള്ള നാട്ടുകാരുടെ ജിജ്ഞാസയും പോലീസ് അന്വേഷണവും കഥയെ ഒരു അപസര്‍പ്പകകഥയുടെ മട്ടിലാണ് മുന്നോട്ടുകൊണ്ടു പോകുന്നത്. പോലീസ് അന്വേഷണങ്ങളിലൂടെ കാരണം വ്യക്തമായതിനാല്‍ ‘വേലുനായര്‍ സ്‌നേഹത്തിന്റെ പട്ടിണി മൂലം മരണം സംഭവിച്ചു’ എന്നെഴുതി എഫ് ഐ ആര്‍ ക്ലോസ് ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.
ആചാരാനുഷ്ഠാനങ്ങളിലെ കാപട്യം തുറന്നുകാട്ടുന്നതിനാണ് ”ഏകാദശി’ എന്ന കഥയിലൂടെ ശ്രമിക്കുന്നത്. അനുഷ്ഠാനങ്ങള്‍ അതിന്റെ ശരിയായ ഉദ്ദേശലക്ഷ്യങ്ങള്‍ മനസ്സിലാക്കി അനുഷ്ഠിച്ചാല്‍ തന്നില്‍തന്നെയുള്ള ഈശ്വരന്‍ ഉണരുമെന്നും അത് സമൂഹത്തിന് ഏറെ ഗുണകരമായിരിക്കുമെന്നും കഥാകാരന്‍ ഈ കഥയില്‍ വെളിപ്പെടുത്തുന്നു. ആശയങ്ങളുടേയോ അനുഷ്ഠാനങ്ങളുടേയോ കുറവുകളോ പ്രശ്‌നങ്ങളോ അല്ല, അത് ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാത്തതാണ് കാരണമെന്ന് ആ കഥയിലൂടെ കഥാകാരന്‍ പറയാന്‍ ശ്രമിക്കുന്നു. ‘അഹം ബ്രഹ്മാസ്മി’ ‘തത്വമസി’ എന്നെല്ലാം പറയുന്നത് തിരിച്ചറിയാനുള്ള മനസ്സില്ലാത്തതാണ് ഇവിടത്തെ എല്ലാ വര്‍ഗ്ഗീയപ്രശ്‌നങ്ങള്‍ക്കും സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരുന്നതെന്ന് ഈ കഥ നമ്മളോട് പറയാതെ പറയുന്നുണ്ട്.
കഠിനപ്രയത്‌നത്താല്‍ ഐ എ എസ് നേടുന്ന നാരായണന്‍ എന്ന കഥാപാത്രത്തിന്റെ ദൈനംദിനജീവിതവും അതിന്റെ പരിണതിയും പറയുന്ന ‘വിയര്‍പ്പിന്റെ സുഗന്ധം’ എന്ന കഥയില്‍ ഒരു നാടിന്റെ പ്രതീക്ഷകള്‍ അതിശക്തമായി മുന്നിട്ടു നില്‍ക്കുന്നതു കാണാം. പ്രയാസങ്ങള്‍ മനസ്സിലാക്കി വളര്‍ന്നു വരുന്ന ഒരുവനേ നാടിന്റെ സ്പന്ദനമാകാന്‍ ശക്തിയുണ്ടാകൂ എന്ന് ഈ കഥ നമ്മളെ ശക്തമായി ബോധിപ്പിക്കുന്നുണ്ട്.
ശരീരം വളര്‍ന്നിട്ടും മനസ്സു വളരാത്ത രാമന്റെ കഥയാണ് ‘ദൈവം.’ അമ്മയോട് വഴക്കടിച്ചപ്പോള്‍ ‘ദൈവകോപം വാങ്ങി വെയ്ക്കണ്ട രാമാ’ എന്ന മുത്തശ്ശിയുടെ വാക്കു കേട്ട് താന്‍ വഴക്കിട്ടതെന്തിനാണ് എന്ന സത്യം തുറന്നു പറഞ്ഞ് കോപം ഒഴിവാക്കാന്‍ രാമന്‍ ദൈവത്തെ തേടിയിറങ്ങുന്നതാണ് കഥ. നര്‍മ്മത്തെ ഒളിപ്പിച്ചുവെച്ച് വളരെ സീരിയസ് ആയി കഥ പറയുന്ന കഥാകാരന്‍ കണ്‍കണ്ട ദൈവമാണ് അമ്മ എന്ന് കഥാന്ത്യത്തില്‍ വ്യക്തമാക്കുന്നു.
ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതനാകാന്‍ നില്‍ക്കുന്ന മുഹമ്മദിന്റെ കഥയാണ് ‘കാത്തിരിപ്പിന് ശേഷം’ ചര്‍ച്ച ചെയ്യുന്നത്. പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് മകളുടെ കോളേജില്‍ മകളോടൊപ്പം പോയി വരുമ്പോള്‍ ഉണ്ടായ ഒരു അനിഷ്ടസംഭവത്തില്‍ മകളെ ആക്രമിയ്ക്കാന്‍ വന്ന ആളെ അവിചാരിതമായി കൊല ചെയ്യുന്നു. ശേഷം കേസും ജയിലുമായി നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍. നാട്ടില്‍ തുണിവ്യാപാരം നടത്തി നല്ല നിലയില്‍ കഴിഞ്ഞിരുന്ന കുടുംബം. ഇരുപതുകാരിയായ മകളും ഭാര്യയുമൊത്ത് സമാധാനപരമായും സന്താഷകരവുമായിരുന്നു ആ ദിനങ്ങള്‍. ജയിലില്‍ കൃത്യമായി എല്ലാ മാസവും സന്തോഷത്തോടെയും ഉത്സാഹത്തോടെയും തന്നെ സന്ദര്‍ശിക്കാനെത്തുന്ന മകള്‍. ഉമ്മയെക്കുറിച്ചും ജീവിതകാര്യങ്ങളെക്കുറിച്ചും ചോദിക്കുമ്പോഴെല്ലാം അവള്‍ വിഷയം മാറ്റും.
നിരന്തരമായ വായനയും വായിച്ച കഥകള്‍ സഹതടവുകാരുമായി പങ്കുവെയ്ക്കലുകളും അയാള്‍ ആസ്വദിക്കുന്നുണ്ട്. വായന മനുഷ്യനെ നവീകരിക്കുന്നതിന്റെ സൂചന ഇവിടെ പ്രകടമാണ്. ജയില്‍ ജീവിതം സന്തോഷകരമായി പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കാത്തിരിക്കുന്ന മുഹമ്മദിന് പുറത്ത് വലിയൊരു ജീവിതം കാത്തിരിക്കുകയാണ്. അയാള്‍ നല്ലൊരു ജീവിതം സ്വപ്നം കാണുന്നുമുണ്ട്.
എല്ലാ ഉദ്യോഗസ്ഥരോടും സഹതടവുകാരോടും യാത്ര പറഞ്ഞ് തനിക്കുള്ള വേതനവും കൈപ്പറ്റി പുറത്തിറങ്ങുന്നു. എന്നാല്‍ മകള്‍ വരാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുപകരം അവളുടെ കത്തുമായി ഒരു വണ്ടിക്കാരനെ അയക്കുകയാണ് ചെയ്തത്. അയാള്‍ പുറപ്പെടും മുമ്പ് കത്തു വായിക്കുന്നു. കത്തിലെ കാര്യങ്ങള്‍ അയാള്‍ക്ക് എന്നല്ല ഈ കഥ വായിക്കുന്നവര്‍ക്കും അവിശ്വസനീയമായി തോന്നും. ഒരു കാര്യം ഇവിടെ സൂചിപ്പിക്കാനുള്ളത്. കഥയുടെ ലോകം യഥാര്‍ത്ഥലോകത്തുനിന്ന് വ്യത്യസ്തമാണ്. ജീവിതത്തില്‍ എന്തും സംഭവിക്കാം. യഥാര്‍ത്ഥ ജീവിതത്തില്‍ യുക്തിസഹമായിട്ടല്ല കാര്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ കഥയില്‍ യുക്തിയ്ക്കുചേരാത്ത ഒന്നും സംഭവിക്കാന്‍ പാടില്ല. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അസ്വാഭികത തോന്നാത്തവിധം അവതരിപ്പിക്കാന്‍ കഴിയണം. ഈ കഥയില്‍ ചില അസ്വാഭാവികതകള്‍ കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.
പഞ്ചായത്തിന്റെ ചന്തയുടെ നടത്തിപ്പ്‌ജോലി വൃത്തിയായി നോക്കി നടത്തുന്ന അവിവാഹിതനും സാമൂഹ്യസേവനങ്ങളില്‍ താല്പരനുമാണ് ‘കാലത്തിന് വിധേയപ്പെട്ടവര്‍’ എന്ന കഥയിലെ രാമു. പഞ്ചായത്തിന്റെ പെര്‍മിഷന്‍ വാങ്ങിയവര്‍ക്ക് മാത്രം അനുവദിക്കപ്പെട്ട ചന്തയില്‍ അംഗീകാരമില്ലാതെ ഒരു സ്ത്രീയും മകനും കച്ചവടത്തിന് വന്നത് രാമുവിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. അവരുടെ ദുരിതങ്ങള്‍ അറിഞ്ഞപ്പോള്‍ അവന്‍ അവരെ സഹായിക്കാന്‍ തയ്യാറാവുന്നു. അതുണ്ടാക്കുന്ന പ്രയാസങ്ങള്‍ ദുരീകരിക്കുന്നതിന് പലവഴികളും മുന്നോട്ടുവെയ്ക്കപ്പെടുമ്പോഴും ത്യാഗത്തിന്റെ മാര്‍ഗ്ഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജീവിതമെന്നത് ഓട്ടപാത്രമാണെന്നും നമ്മള്‍ സമ്പാദിച്ച് കരുതിവെയ്ക്കുന്നതൊന്നും അതില്‍ സുരക്ഷിതമല്ലെന്നും മറ്റുള്ളവര്‍ക്ക് ചെയ്യുന്ന കാരുണ്യപ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥ സമ്പാദ്യമായി തിരിച്ചു കിട്ടുന്നതെന്നും രാമു എന്ന കഥാപാത്രത്തിലൂടെ കഥാകാരന്‍ വ്യക്തമാക്കി തരുന്നു. ഉപാധികളോടെയുള്ള സ്‌നേഹമെല്ലാം മുന്നോട്ടുള്ള യാത്രയ്ക്ക് എപ്പോഴും തടസ്സങ്ങളാണെന്നും കഥാകാരന്‍ ഈ കഥയില്‍ അടിവരയിടുന്നു.
പുതുവര്‍ഷപിറവിയെ വരവേല്‍ക്കാന്‍ തുടങ്ങുന്ന ഹരിയുടെ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് മോനേ, നാളെ നിന്റെ ജന്മദിനമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന അമ്മയുടെ കോള്‍. അതും തിക്കിലും തിരക്കിലും ഓരോ ദിനങ്ങളെ നേരിടുന്നതിന്റെ സൗകര്യത്തിനായി വൃദ്ധസദനത്തില്‍ കൊണ്ടുനടതള്ളിയ തന്റെ സ്വന്തം അമ്മയുടെ കോള്‍. തിരക്കു പിടിച്ച ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് തീരെ വിലയില്ലാതായിക്കൊണ്ടിരിക്കുന്ന സത്യം തിരിച്ചറിയുന്ന ഹരിയുടെ ചിന്തകളിലൂടെ ‘സ്‌നേഹവീട്’ എന്ന കഥ മുന്നേറുന്നു. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയറായ ഹരിയും തിരക്കേറിയ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ രതിയും അവരുടെ മക്കള്‍ ഗോപികയും ഗോപനും അടങ്ങുന്ന കുടുംബം. സാമ്പത്തികവും സ്റ്റാറ്റസും വേണ്ടത്രയുണ്ടായിട്ടും പരസ്പരം സ്‌നേഹിക്കാനോ സംസാരിക്കാനോ സമയമില്ലാതെ വീര്‍പ്പുമുട്ടുന്നവര്‍. എന്തൊക്കയോ കുറവുകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ എല്ലാ തിരക്കുകളേയും മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുന്നു. അയാള്‍ മക്കളെ സ്‌നേഹത്തോടെ അടുത്തിരുത്തുന്നു. സ്‌നേഹത്തിന്റെ അശ്രുക്കള്‍ പൊടിയാന്‍ തുടങ്ങിയതോടെ അയാളുടെ തിരക്കുകള്‍ ആവിയായി പോകുന്നു. അയാള്‍ പുതിയൊരു ക്രമത്തിനായി ഇടപെടുന്നു. വൃദ്ധസദനത്തിലുള്ള അമ്മയേയും കൂട്ടി നാട്ടിലെ സുഖശീതളമായ കുടുംബവീടിന്റെ ദിനങ്ങളിലേയ്ക്ക് തിരിച്ചുപോകാന്‍ തയ്യാറാവുന്നു. രക്ഷിതാക്കള്‍ ശല്യമായി മാറുന്ന നമ്മുടെ വര്‍ത്തമാനജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സ്‌നേഹവീടിന്റെ സന്ദേശം മഹത്തരമാണ്. വൃദ്ധസദനത്തിലാണെങ്കിലും സേവനതല്പരതയാല്‍ അവിടത്തെ മാറ്റിനിര്‍ത്താനാവാത്ത ഒരംഗമായി ആ അമ്മ മാറുന്നത് അതിലേറെ അവിസ്മരണീയമാണ്. വാര്‍ദ്ധക്യം ഒരു രോഗമല്ലെന്നും എല്ലാ അറിവുകളേയും ഉപയോഗിക്കാനുള്ള നല്ല അവസരമാണതെന്നും ആ അമ്മ ബോധ്യപ്പെടുത്തികൊടുക്കുന്നു. കഥ പറയാന്‍ അറിയാം എന്ന് വ്യക്തമാക്കുന്ന നല്ല കഥയാണ് ‘സ്‌നേഹവീട്.’
ഒരു കഥ എഴുതുകയെന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുകയല്ല ഒരുപാടുചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ചോദ്യങ്ങള്‍ക്ക് പ്രസക്തി കുറയും. അതിനാല്‍ ലക്ഷ്യം എന്ത് എന്ന് കഥ ആരംഭിക്കുന്നതിനു മുമ്പുതന്നെ വ്യക്തമായ രൂപരേഖ വേണം. അതറിയുമെങ്കില്‍ വഴികള്‍ സ്വയം തെളിഞ്ഞു വരും. കഥ സ്വയം വികസിച്ചുകൊള്ളും. എഴുത്തിലേയ്ക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ തന്നെ ആരോ പിടിച്ചുകൊണ്ടുപോകുന്നതുപോലെ എഴുത്തുകാരന് അനുഭവപ്പെടാം. രചന എഴുത്തുകാരന്റെ നിയന്ത്രണത്തില്ല, മറ്റേതോ ശക്തിയുടെ പ്രേരണയാലാണ് മുന്നോട്ടുപോകുന്നത് എന്നു തോന്നാം. അപ്പോള്‍ എഴുത്ത് ഒരു ധ്യാനമാണ് എന്ന് അനുഭവപ്പെടാം. അവിടെ വെളിപ്പെടുന്നതാണ് എഴുത്തിലൂടെ തെളിഞ്ഞു വരുന്നത്. നല്ല വായനയും സമൂഹത്തോടുള്ള സഹജമായ സ്‌നേഹവും തെളിഞ്ഞ അവബോധവും വാക്കുകളെ കാച്ചിക്കുറുക്കാനുള്ള കഴിവും ഇവിടെ പ്രധാനമാണ്.
കഥയ്ക്ക് ഒരു പ്രമേയം ഉണ്ടാവണം. പ്രമേയം എന്നാല്‍ കഥയുടെ കേന്ദ്ര ആശയമാണത്. കഥയ്ക്ക് ആവശ്യമായ ആശയങ്ങള്‍ നിത്യജീവിതത്തില്‍ എവിടെനിന്നും കണ്ടെത്താനാകും. ഒരു ആശയം കണ്ടെത്തി അതിനെ സംഭവങ്ങളിലൂടേയും കഥാപാത്രങ്ങളിലൂടേയും സംഭാഷണങ്ങളിലൂടേയും വികസിപ്പിച്ച് ആവശ്യമായ വിവരണങ്ങളിലൂടെ ആഖ്യാനം ചെയ്യുമ്പോഴാണ് കഥ ജനിക്കുന്നത്. പ്രമേയത്തിന്റെ തിരഞ്ഞെടുപ്പ്, ഇതിവൃത്തത്തിന്റെ വികാസം, ഘടനയിലൂടെ രൂപപ്പെട്ടുവരുന്ന ശില്പം, കഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണം, സംഭാഷണങ്ങളുടെ അവതരണം, സംഘര്‍ഷങ്ങളുടെ സവിശേഷതകള്‍, വീക്ഷണകോണുകളുടെ തിരഞ്ഞെടുപ്പ്, ഫ്‌ളാഷ്‌ബേക്കുകളുടെ ഉപയോഗം, പശ്ചാത്തലചിത്രീകരണത്തിലൂടെ രൂപം കൊള്ളുന്ന അന്തരീക്ഷസൃഷ്ടി, ആഖ്യാനതന്ത്രങ്ങള്‍, ഭാഷയുടേയും ശൈലിയുടേയും പ്രയോഗം, പ്രതീകാത്മകത, ഇങ്ങനെ കഥയുടെ ആന്തരികവും ബാഹ്യവുമായ ഘടകങ്ങള്‍ അനവധിയാണ് നമുക്ക് ശ്രദ്ധിക്കാനുള്ളത്.
കഥയുടെ രീതിശാസ്ത്രങ്ങളെപ്പറ്റി എത്രമാത്രം അവഗാഹം ഉണ്ടെന്നതിലല്ല. കഥയുടെ മര്‍മ്മം അറിയാവുന്ന കഥാകൃത്താണ് ഇ സുനില്‍കുമാര്‍ എന്ന് ഈ സമാഹാരത്തിലെ പതിനൊന്നു കഥകളും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ സാംസ്‌കാരികമേഖലകളില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനസജ്ജമായിട്ടുപോലും ഇത്തരത്തില്‍ കഥകളെഴുതാന്‍ സാധിക്കുന്നു എന്നത് അദ്ദേഹത്തിലുള്ള സാഹിത്യാഭിരുചിയുടെ പ്രകടമായ തെളിവാണ്. വരും നാളുകളില്‍ സാഹിത്യലോകത്ത് തിളങ്ങാനാകും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അതോടൊപ്പം അദ്ദേഹത്തിന് സാഹിത്യമേഖലയില്‍ ശോഭനമായ ഭാവി ആശംസിക്കുന്നു. അതോടൊപ്പം രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കിടയ്ക്കും കഥയേയും അതിന്റെ സഹജ സ്വഭാവമഹിമകളേയും നന്നായി അടുത്തറിയുന്നതിന് കൂടുതല്‍ വായിക്കാനുള്ള അവസരങ്ങള്‍ കണ്ടെത്തുമെന്നും പ്രത്യാശിക്കുന്നു.
പിയാര്‍കെ ചേനം
9495739943