Travel & Views

വൃന്ദാവനത്തിലെ ജഗന്നാഥമന്ദിരം

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഒറീസ്സയിലെ പുരിയില്‍ ഉണ്ടായിരുന്നതാണ്. അവിടത്തെ വിഗ്രഹങ്ങള്‍ പ്രത്യേക അവസരങ്ങളില്‍ മാറ്റുകയും പകരം പുതിയത് പ്രതിഷ്ഠിക്കുകയും ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ പഴയതിനെ സമുദ്രത്തില്‍ കൊണ്ടു പോയി കളയുകയാണ് പതിവ്. വൃന്ദാവനധാമത്തില്‍ നിന്നും ഭക്തര്‍ ജഗന്നാഥനെ കാണാന്‍ പുരിയിലേക്ക് വരേണ്ടതില്ലെന്നും പുരിയില്‍ തന്റെ പ്രതിഷ്ഠ മാറ്റുന്ന സമയത്ത് അതവിടെനിന്നും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചാല്‍ മതിയെന്നും ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, വൃന്ദാവനത്തില്‍ വസിക്കുകയും യമുനാതീരത്ത് പ്രപഞ്ചനാഥനായ ജഗന്നാഥനായി ഭഗവാന്റെ രൂപത്തെ ധ്യാനിക്കുകയും ചെയ്തുകൊണ്ടിരുന്ന ഹരിദാസന്‍ എന്ന ഭക്തന് ഭഗവാന്‍ ദര്‍ശനത്തില്‍ അരുളിചെയ്തു. ഭഗവാന്‍ ജഗന്നാഥന്റെ ദര്‍ശനത്തിനായി രാവും പകലും കരഞ്ഞുപ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു ഭക്തനായിരുന്നു പരിദാസന്‍. ഒടുവില്‍ ഭഗവാന്‍ ജഗന്നാഥന്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോള്‍, ശ്രീ ജഗന്നാഥന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി, അദ്ദേഹത്തെ നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അധികനേരം നോക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പെട്ടെന്ന്തന്നെ അദ്ദേഹം ബോധരഹിതനായി. ബോധം വന്നയുടനെ ഹരിദാസന്‍ ജഗന്നാഥന്റെ പാദങ്ങളില്‍ വീണു. ഭഗവാന്‍ ജഗന്നാഥന്‍ പറഞ്ഞു, ഹരിദാസാ, നിങ്ങളുടെ ഭക്തിയില്‍ ഞാന്‍ സന്തുഷ്ടനാണ്, നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ സേവനത്തിനായി ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ജഗന്നാഥപുരിയില്‍ പോകൂ. ഈ വര്‍ഷം ആഷാഢമാസത്തില്‍ ജഗന്നാഥന്റെ തിരുസ്വരൂപം മാറും. നിങ്ങള്‍ പഴയരൂപത്തെ വൃന്ദാവനത്തിലേക്ക് കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിച്ച് സേവിക്കുക. അതേതുടര്‍ന്ന് ഹരിദാസന്‍ എന്ന ഭക്തന്‍ അദ്ദേഹത്തെ വൃന്ദാവനത്തിലേക്ക് കൊണ്ടുവരാന്‍ ഒരുക്കങ്ങള്‍ ചെയ്തു. (പുരിയിലെ ജഗന്നാഥ പ്രതിഷ്ഠ ഓരോ 36 വര്‍ഷത്തിലും മാറ്റപ്പെടുന്നു). പ്രതിഷ്ഠയെ വൃന്ദാവനത്തിലേക്ക് കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ച ശേഷം ജഗന്നാഥന്‍ അപ്രത്യക്ഷനായി. ഹരിദാസന്‍ ഭഗവാന്റെ കല്‍പ്പന ഓര്‍ത്ത് പുരിയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങി. അക്കാലത്ത് യാത്രാസൗകര്യങ്ങള്‍ കുറവായിരുന്നു. അതിനാല്‍ ചില ശിക്ഷ്യരോടൊപ്പം അദ്ദേഹം കാല്‍നടയായി പുരിയിലേക്ക് പോയി. കാടുകളും നദികളും കടന്ന്, എല്ലാ സമയത്തും ഭഗവാന്റെ മഹത്വം പാടി. അദ്ദേഹം ജഗന്നാഥപുരിയില്‍ എത്തിയപ്പോള്‍, ജഗന്നാഥ പ്രതിഷ്ഠയെ മാറ്റുന്ന ഉത്സവം ആഘോഷിക്കാനെത്തിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാല്‍ നഗരം സജീവമായിരുന്നു. ഹരിദാസന്‍ ക്ഷേത്രത്തിലെ അധികാരികളോട് വൃന്ദാവനത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി പഴയ പ്രതിഷ്ഠ ചോദിച്ചു. അവര്‍ പറഞ്ഞു. ‘ദൈവത്തെ ആര്‍ക്കും നല്‍കാന്‍ എനിക്ക് അധികാരമില്ല. നീ രാജാവിനെ സമീപിച്ചോളൂ.’ ഹരിദാസന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു. രാജാവ് ഹരിദാസന് പ്രണാമം ചെയ്തു, അദ്ദേഹം കാര്യങ്ങള്‍ തിരക്കി. ഹരിദാസന്‍ ജഗന്നാഥന്റെ കല്‍പ്പനയെക്കുറിച്ച് പറഞ്ഞു. പഴയ പ്രതിഷ്ഠ തനിക്ക് വൃന്ദാവനത്തിലേക്ക് കൊണ്ടുപോകാനായി തരണമെന്ന് പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ രാജാവ് കുഴങ്ങി. അദ്ദേഹം പറഞ്ഞു. ജഗന്നാഥന്‍ നിങ്ങളോട് ആജ്ഞാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എനിക്ക് അങ്ങനെയൊരു കല്‍പ്പന നല്‍കിയിട്ടില്ല. വളരെക്കാലമായി നിലനില്‍ക്കുന്ന പാരമ്പര്യമനുസരിച്ച്, ഓരോ തവണയും ദേവനെ മാറ്റുമ്പോള്‍, പഴയ പ്രതിഷ്ഠ കടലിലേക്ക് കൊണ്ടുപോയി ഒഴുക്കിക്കളയണമെന്നാണ്. ഹരിദാസന്‍ അപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു. അങ്ങനെയെങ്കില്‍ പഴയ ജഗന്നാഥന്റെ പ്രതിമയുടെ കൂടെ എന്റെ ശരീരവും കടലിലേക്ക് കൊണ്ടുപോയിക്കൊള്ളൂ. അതുപറഞ്ഞ് ഹരിദാസ് അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രതിജ്ഞയെടുത്തു. ജഗന്നാഥന്റെ രൂപവുമായി കടലില്‍ മുങ്ങിമരിക്കുന്ന സമയവും കാത്ത് അയാള്‍ കടല്‍ത്തീരത്ത് ഇരുന്നു. അന്നുരാത്രി, ജഗന്നാഥന്‍ രാജാവിന്റെ മുമ്പില്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു. എന്റെ കല്‍പ്പനപ്രകാരം എന്റെ രൂപം ചോദിക്കാന്‍ എന്റെ ഭക്തന്‍ നിങ്ങളുടെ അടുക്കല്‍ വന്നു. നിങ്ങള്‍ അവനെ പിന്തിരിപ്പിച്ചത് ശരിയായില്ല. അവനിപ്പോള്‍ കടല്‍ത്തീരത്ത് ഉപവാസത്തിലാണ്. പോയി അവനോട് ക്ഷമാപണം നടത്തി അവനോടൊപ്പം എന്റെ പഴയ പ്രതിഷ്ഠ വൃന്ദാവനത്തിലേക്ക് കൊടുത്തയക്കുക. രാജാവ് അതുകേട്ട് ഭയന്നുവിറച്ചു. ഉടനെത്തന്നെ ഉണര്‍ന്ന് കടല്‍ത്തീരത്തേക്ക് പോയി. അദ്ദേഹം ഹരിദാസിനോട് ക്ഷമാപണം നടത്തുകയും ദേവനെ തന്നോടൊപ്പം വൃന്ദാവനത്തിലേക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് പുതിയ പ്രതിഷ്ഠ സ്ഥാപിച്ചപ്പോള്‍ ജഗന്നാഥന്‍, ബലറാം, സുഭദ്ര എന്നിവരുടെ പഴയ പ്രതിഷ്ഠകള്‍ രഥത്തില്‍ ഇരുത്തി സൈന്യത്തിന്റെ അകമ്പടിയോടെ വൃന്ദാവനത്തിലേക്ക് കൊണ്ടുപോകാന്‍ രാജാവ് ഉത്തരവിട്ടു. വൃന്ദാവനത്തിലെ ജഗന്നാഥന്റെ സേവയ്ക്കുവേണ്ടതായ പണവും സാമഗ്രികളും അദ്ദേഹം ഹരിദാസന് നല്‍കി. ഒടുവില്‍ അവര്‍ വൃന്ദാവനത്തിലെത്തി. ഹരിദാസന്‍ യമുനയുടെ തീരത്ത് താന്‍ ഇരുന്നിരുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിതു. ആ ക്ഷേത്രമാണ് ഈ ജഗന്നാഥ് മന്ദിര്‍. ഗൈഡ് പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും ജഗന്നാഥപുരിയിലെ ദര്‍ശനം നടത്തിയിട്ടുള്ളവര്‍ ഇവിടത്തെ വിഗ്രഹത്തെ ദര്‍ശിക്കാനായി എണീറ്റു.
ജഗന്നാഥ് മന്ദിര്‍ സന്ദര്‍ശനം കഴിഞ്ഞ് എല്ലാവരും പുറത്ത് കടന്നു. ഓട്ടോ റിക്ഷകള്‍ പുറത്ത് കാത്തു കിടന്നിരുന്നു. അതില്‍ കയറി അടുത്ത സന്ദര്‍ശനസ്ഥലത്തേയ്ക്ക് റിക്ഷകള്‍ സഞ്ചരിക്കാന്‍ തുടങ്ങി. അത് ഇടുങ്ങിയ ഗല്ലികളിലൂടെയുള്ള യാത്രയായിരുന്നു. രാധാഗോപിനാഥ്ജി മന്ദിരത്തിനടുത്തുള്ള പാര്‍ക്കിംങ് ഏരിയയില്‍ എല്ലാ റിക്ഷകളും നിര്‍ത്തി. അടുത്തതായി പോകുന്നത് നിധിവനത്തിലേക്കാണെന്ന് ഗൈഡ് പറഞ്ഞു. അവിടേയ്ക്ക് ഓട്ടോറിക്ഷകള്‍ പോകില്ല. നടന്നുവേണം സ്ഥലത്തെത്താന്‍ സ്‌കൂട്ടറുകള്‍ ചിറിപ്പാഞ്ഞു പോകുന്ന ജനത്തിരക്കാര്‍ന്ന ഗല്ലികളിലൂടെ നടക്കാന്‍ തുടങ്ങിയപ്പോള്‍ കുടെയുണ്ടായിരുന്നവര്‍ക്കായി ഗൈഡ് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. വഴി തെറ്റാന്‍ സാധ്യതയുണ്ട്. അങ്ങനെ ആരെങ്കിലും വഴി തെറ്റിയാല്‍ നേരെ രാധാഗോപിനാഥ്ജി മന്ദിരത്തിലേയ്ക്ക് വന്നാല്‍ മതി. അവിടെയാണ് നമ്മള്‍ക്ക് തിരിച്ചുപോകാനുള്ള ഓട്ടോറിക്ഷകല്‍ ഉള്ളത്. കൃഷ്ണനും രാധയും സഖിമാരുംചേര്‍ന്ന് രാസലീലകളാടിയ പ്രധാനപ്പെട്ട മൂന്നു സ്ഥലങ്ങളില്‍ ഒന്നാണ് നിധിവനം. മറ്റു രണ്ടെണ്ണവും വൃന്ദാവനത്തില്‍ തന്നെയാണ് വംശിവട്ടും സേവാകുഞ്ചും.

Related Articles

Back to top button