നഞ്ചമ്മ എന്ന പാട്ടമ്മ – വി എച്ച് ദിരാർ
(പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവചരിത്രം)

ഗ്രീന്‍ ബുക്‌സിനുവേണ്ടി ശ്രീ. വി എച്ച് ദിരാര്‍ തയ്യാറാക്കിയ നഞ്ചമ്മ എന്ന പാട്ടമ്മ എന്റെ മേശപ്പുറത്ത് ഇപ്പോഴും തുറന്നിരിപ്പാണ്. വളരെ പരിമിതമായ വാക്കുകളില്‍ ഒരു വ്യക്തിയെ വരച്ചുകാട്ടുന്നതിലൂടെ ഒരു ഭൂപ്രദേശത്തേയും അതിലെ ജനവിഭാഗങ്ങളേയും അനാവരണം ചെയ്യുന്നതില്‍ ശ്രീ. വി എച്ച് ദിരാര്‍ പ്രകടിപ്പിച്ച പാടവം അഭിനന്ദനാര്‍ഹമാണ്. അതിനാല്‍ത്തന്നെയാകണം അതിന്റെ വായനയും സുഖകരമായിത്തീരുന്നത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവചരിത്രം എഴുതേണ്ടി വരുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്നതാണ്. ഇന്നുവരെ ആരുമറിയാതെ ചിലയിടങ്ങളില്‍ മാത്രം ഒതുക്കപ്പെട്ടവരില്‍ ചിലര്‍ ഒരു സുപ്രഭാതത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ നിവര്‍ന്നുനിന്ന് വിളിച്ചുപറയും. ഞാനും ഇവിടെ ജീവിക്കുന്നു. നിങ്ങളുടെ സമൂഹത്തിന്റെ അവഹേളനങ്ങളും അവജ്ഞകളും ഏറ്റുവാങ്ങിയീട്ടും തളരാതെ തളര്‍ത്താനാകാതെ നിങ്ങള്‍ ആട്ടിപ്പായിച്ച ഈ കോണില്‍ ഞങ്ങള്‍ ജീവിക്കുന്നു. അത്യപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അത്തരത്തിലൊരു അവതാരമായാണ് നഞ്ചമ്മ നമ്മുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നത്.
ആടിനെമേച്ചും കാര്‍ഷികവൃത്തികളിലേര്‍പ്പെട്ടും ഊരിലെ ഉത്സവങ്ങളില്‍ ആടിയും പാടിയും നിത്യവൃത്തിയ്ക്ക് പെടാപാടുപെടുന്നവരില്‍ ഒരാള്‍. പ്രകൃതി കനിഞ്ഞരുളിയ താളലയങ്ങള്‍ ഹൃദയത്തില്‍ ആവാഹിച്ച് അവയിലലിഞ്ഞുചേര്‍ന്ന് ഗാനവും താളവും ശ്വാസവും ഒന്നായിചേര്‍ന്ന് അത്ഭുതങ്ങള്‍ വിരിയിച്ച ഒരാള്‍. ഇന്ന് നമ്മുടെ ഹൃദയത്തിന്റെ അകത്തളങ്ങളില്‍ ഒരാളായി വിരുന്നെത്തിയിരിക്കുന്നു. എല്ലാ അവഗണിക്കപ്പെട്ടവരിലേയ്ക്കും നമ്മുടെ ഹൃദയത്തില്‍ നിന്നും കാരുണ്യങ്ങളുടെ അടിയൊഴുക്കുകള്‍ ഉണ്ടാകട്ടേ എന്നാശിക്കാം.
എന്റെ സഹപാഠിയും നാട്ടുകാരനും സുഹൃത്തുമായ വി എച്ച് ദിരാറിന്റെ കോവിഡ് കാലത്തെ ഒരു നല്ല ഉദ്യമമാണ് ‘നഞ്ചമ്മ എന്ന പാട്ടമ്മ’. സാധാരണ ജീവിതത്തില്‍ അസാധാരണമായി ചിലത് സംഭവിക്കുമ്പോഴാണ് ഒരു ജീവിതം ലോകത്തിന് മുന്നില്‍ പ്രസക്തമാകുന്നത് എന്ന ആമുഖത്തിലെ വാക്കുകള്‍ ഇവിടെ തീര്‍ത്തും പ്രസക്തമാണ്. ഒരൊറ്റ പാട്ടുകൊണ്ട് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് ഇരിപ്പിടം കിട്ടി. കേരളത്തിലെ ഏറ്റവും പിന്നോക്കപ്രദേശങ്ങളിലൊന്നായ, ധാരാളം നല്ല കാര്യങ്ങള്‍ നടക്കുമ്പോഴും ചീത്തകാര്യങ്ങള്‍ കേള്‍ക്കാന്‍ പൊതുസമൂഹം കൂടുതല്‍ കാതുകൂര്‍പ്പിക്കുന്ന അട്ടപ്പാടിയുടെ മലമടക്കുകളില്‍ നിന്നാണ് അവര്‍ നമ്മുടെ മനസ്സുകളിലേയ്ക്ക് നടന്നുവന്നത് എന്നത് ഏറെ പ്രശംസനീയമാണ്. ഇപ്പോള്‍ ആളുകള്‍ അട്ടപ്പാടിയില്‍ വരുന്നത് അവിടത്തെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ വേണ്ടി മാത്രമല്ല, നഞ്ചമ്മയെ കാണാനും കൂടിയാണ്. നഞ്ചമ്മ അട്ടപ്പാടിയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു.
ആസാദ് കലാസമിതിയ്ക്ക് വേണ്ടി ഒരുപാട് വേദികളില്‍ അവര്‍ പാട്ടുകള്‍ പാടാന്‍ പോയിരുന്നെങ്കിലും അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടിയ ഒരൊറ്റ പാട്ടുകൊണ്ട് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് സ്ഥാനം നേടാനായി. നഞ്ചമ്മ മനസ്സില്‍ പാടിപതിപ്പിച്ച വരികള്‍ നഞ്ചമ്മ തന്നെ ഈണമിട്ട് സ്വയം പാടിയ പാട്ട്. എഴുത്തും വായനയും അറിയാത്ത അവര്‍ പാട്ടുകള്‍ സ്വന്തം ഹൃദയഭിത്തികളിലാണ് കുറിച്ചിടുന്നത്. ഓരോ ജന്മങ്ങള്‍ സാര്‍ത്ഥകമാകുന്നതിന് കാരണമായിത്തീരുന്ന ഓരോ വഴികള്‍ എന്നേ അതേപ്പറ്റി പറയാനാവൂ. നഞ്ചമ്മ ഇന്ന് അട്ടപ്പാടിയുടെ പര്യായമായി മാറിയിരിക്കുന്നു. അതിനാല്‍ത്തന്നെ നഞ്ചമ്മയെ അറിയുകയെന്നാല്‍ അട്ടപ്പാടിയെ അറിയുക എന്നതുംകൂടിയാണ്. ഈ കൃതിയിലൂടെ വി എച്ച് ദിരാര്‍ ആ കര്‍മ്മം മനോഹരമായി നിര്‍വ്വഹിച്ചിരിക്കുന്നു.
ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ ആദ്യകാലത്ത് വയനാട്ടിലും, പിന്നെ കുറേ വര്‍ഷങ്ങള്‍ അട്ടപ്പാടിയിലും പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍ നഞ്ചമ്മ എന്ന അട്ടപ്പാടിയെ അടയാളപ്പെടുത്താന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി വി എച്ച് ദിരാര്‍ തന്നെയാണ്. ഈ പുസ്തകത്തിന്റെ നിര്‍മ്മിതിയി ലേയ്ക്ക് നയിച്ച ചേതോവികാരം വി എച്ച് ദിരാര്‍ ആമുഖത്തില്‍ മനോഹരമായി ചിത്രീകരിക്കുന്നുണ്ട്.
റഫീഖ് അഹമ്മദിന്റെ അവതാരിക ‘കാടിന്റെ കുരല്‍’ തീര്‍ത്തും കാവ്യാത്മകമായാണ് ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഓരോ നിമിഷവും നവീകരിക്കപ്പെടുന്നതാണ് കാലപ്രവാഹം. ഒരു പുഴയിലേയ്ക്ക് ഒരാളും രണ്ടുവട്ടം ഇറങ്ങുന്നില്ല എന്നപ്പോലെ ‘ഒരു പാട്ടിലേയ്ക്ക് ഒരാളും രണ്ടുവട്ടം ഇറങ്ങുന്നില്ല’ എന്ന റഫീഖ് അഹമ്മദിന്റെ വാക്കുകള്‍ ഓരോ നിമിഷത്തിന്റേയും പ്രവൃത്തികളുടേയും അനന്യതയെ പ്രകടമാക്കുന്നു. പ്രകൃതിയുടെ ഭാഗമാണ് തങ്ങളെന്നുകരുതി അതിന്റെ വഴക്കങ്ങളെ അറിഞ്ഞ് അനുകൂലപ്പെട്ടും പൊരുതിയും അലംഘനീയതകള്‍ക്ക് വഴങ്ങിയും ജീവിതതാളത്തില്‍ ചേര്‍ന്ന് ഒരു വിഭാഗം, സമൂഹത്തിലെ യഥാര്‍ത്ഥഅവകാശികള്‍, അവരെ ആദിവാസിയെന്ന് പ്രകൃതിയെ കീഴടക്കുക എന്ന ഉള്‍വിളിയോടെ നശീകരണപ്രവര്‍ത്തനങ്ങളുമായി ഇറങ്ങിയവര്‍ തരംതിരിക്കുന്നുവെന്ന കാഴ്ചപ്പാട് സമൂഹചരിത്രത്തിന്റെ ഉച്ഛനീചത്വങ്ങളുടെ സത്യാവസ്ഥയാണ് എന്ന നഗ്നസത്യമാണ് റഫീഖ് അഹമ്മദ് അവതാരികയില്‍ ചൂണ്ടിക്കാട്ടുന്നത്.
ശരീരത്തിന്റെ പാട്ട് ആട്ടമായും മനസ്സിന്റെ ആട്ടം പാട്ടായും പരിവര്‍ത്തനപ്പെടുത്തിയവര്‍. അതില്‍ അലിഞ്ഞുചേര്‍ന്നവര്‍. അവരിലൊരാള്‍ ഈ സമൂഹത്തിന്റെ ഹൃദയത്തിലിടം നേടുന്നതിന്റെ ചരിത്രം രേഖപ്പെടുത്തേണ്ട ഒന്നുതന്നെയാണ്. ഒരു ആദിവാസിക്കെന്തുജീവചരിത്രം എന്നുചോദിക്കുന്നവരോട് അത് തിരിച്ചുചോദിച്ചാല്‍ അവരെവിടെയാണ് ഉത്തരം തിരയുക. ഒരു കൂട്ടര്‍ സംരക്ഷണത്തിന്റെ, കാരുണ്യത്തിന്റെ സംരക്ഷണം തീര്‍ക്കുന്നവര്‍ എന്നാല്‍ അതിന്റെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ചവരോ നിഷ്‌കരുണം അതെല്ലാം തകര്‍ത്തെറിയുന്നവരും. ഇവിടെയാണ് ഒരു ആദിവാസിയുടെ ജീവചരിത്രം പ്രസക്തമാകുന്നത്. പ്രകൃതിയെ, മനുഷ്യനെ, മറ്റു ജീവജാലങ്ങളെ എല്ലാം മാറോടടുക്കി സ്‌നേഹം പൊഴിക്കുന്നവന്റെ ജീവചരിത്രത്തിന് പ്രസക്തി ഏറെയാണ്.
നമ്മളിലെ സംസ്‌കാരസമ്പന്നര്‍ ദുരമൂത്ത് വെട്ടിവെളുപ്പിച്ച് മൊട്ടക്കുന്നുകളാക്കി മാറ്റിയ അട്ടപ്പാടിയിലെ ജീവിതം ദുസ്സഹമാക്കിത്തീര്‍ത്തവരാണ്. അത്തരത്തില്‍ ജീവിതം ദുസ്സഹമായിത്തീര്‍ന്നവരില്‍ ഒരാള്‍ ഹൃദയം നിറയെ പാട്ടുമായി ആ കുന്നുകളിറങ്ങി വന്ന് നമ്മുടെ ഹൃദയങ്ങളില്‍ കുടിയേറിയെങ്കില്‍ നമ്മളിലെ ആര്‍ത്തിയുടെ മതില്‍ക്കെട്ടുകളെ അവര്‍ അവരുടെ നിഷ്‌കളങ്കമായ സ്‌നേഹത്താല്‍ തകര്‍ത്തുകളഞ്ഞു എന്നതാണ് അതിനുള്ള മറുപടി.
അട്ടപ്പാടിയുടേയും അവിടത്തെ ജനവിഭാഗങ്ങളേയും അവരുടെ ജീവിതക്രമങ്ങളേയും വ്യക്തമായി മനസ്സിലാക്കുന്നതിന് തികച്ചും പ്രാപ്തമാണ് ദിരാറിന്റെ ‘നഞ്ചമ്മ എന്ന പാട്ടമ്മ’ ജീവചരിത്രഗ്രന്ഥം എന്നുമാത്രം ഞാന്‍ ഇതിനെ ഇവിടെ രേഖപ്പെടുത്തുന്നു. വളരെ വേഗത്തില്‍ വായിച്ചുതീര്‍ക്കാവുന്ന ഹൃദ്യമായ ഭാഷ പുസ്തകം വായിക്കുന്നതിന് മടിപ്പുണര്‍ത്തുന്നില്ല. അരികുജീവിതങ്ങളെ അടുത്തറിയുന്നതിന്, താഴിട്ടുപൂട്ടിയ നമ്മുടെ സ്വാര്‍ത്ഥജീവിതങ്ങളിലേയ്ക്ക് അല്പം പ്രകാശം പരത്തുന്നതിന് ഈ പുസ്തകം ഗുണകരമായിത്തീരും. തീര്‍ച്ച.
പിയാര്‍കെ ചേനം.