ഒറ്റവിരലക്ഷരങ്ങള്‍ – സലിം/പ്രദീപ

സമൂഹമാധ്യമങ്ങളുടെ വരവോടെ സാഹിത്യരചനയിലേര്‍പ്പെടുന്നതിനുള്ള ദുര്‍ഗ്രാഹ്യത അതിവേഗം പിന്തള്ളപ്പെട്ടുകഴിഞ്ഞു. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനക്ഷമമാകുന്നതിനുമുമ്പ് ഒരാള്‍ക്ക് തന്റെ രചനാവൈഭവങ്ങള്‍ പുറംലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പത്രങ്ങളുടേയും വാരികകളുടേയും മാസികകളുടേയുമൊക്കെ എഡിറ്റര്‍മാരുടെ ദയാദാക്ഷിണ്യം ആവശ്യമായിരുന്നു. മനോഹരമായി എഴുതുന്നവരുടെ കൃതികള്‍പോലും ചവറ്റുകുട്ടയിലെറിയപ്പെടുന്ന അക്കാലത്ത് ഒരാള്‍ക്ക് എഴുത്തില്‍ ശോഭിക്കുന്നതിന് അവരുടെ സാഹിത്യാഭിരുചി മാത്രം മതിയായിരുന്നില്ല.
സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് യാഥാസ്ഥിതിക എഡിറ്റര്‍മാരുടെ പരമാധികാരത്തിന്റെ സീമകളെ അതിലംഘിച്ചുകൊണ്ട് എഴുത്തുകാര്‍ക്ക് മുന്നേറുന്നതിനുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് തുറന്നു നല്‍കിയിരിക്കുന്നത്. നിഷ്‌കര്‍ഷകള്‍ വെയ്ക്കാനോ തള്ളാനോ എഡിറ്റര്‍മാരില്ലാത്ത ഈ എഴുത്തിടങ്ങളില്‍ എഴുത്തുകാരന്‍ തന്നെയാണ് അവസാനത്തെവാക്ക്. വായയ്ക്കു തോന്നിയത് കോതയ്ക്ക്പാട്ട് എന്നപോലെ എന്തെഴുതിയാലും സാഹിത്യമെന്ന് സ്വയം പ്രഖ്യാപിക്കാനുള്ള സാഹചര്യം ഇതിന്റെ ഏറ്റവും വലിയ കുറവായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നിരുന്നാലും തല്പരരായ എല്ലാവര്‍ക്കും സാഹിത്യപ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഏര്‍പ്പെടാനാകുമെന്നത് അതിന്റെ മേന്മയാണ്.
തൃശൂര്‍ ജില്ലയിലെ റവന്യു വകുപ്പിലെ ജീവനക്കാര്‍ക്കിടയിലെ അത്തരം അഭിരുചികളെ പുറത്തെടുക്കുന്നതിന് അവസരമൊരുങ്ങിയത് സോഷ്യല്‍ മീഡിയയുടെ കരുത്തുകൊണ്ടുകൂടിയാണ്. ഇവര്‍ നേരംപോക്കിനും വിനോദത്തിനുമായി തുടങ്ങിയ ‘തൂലിക’ എന്ന പേരിലുള്ള വാട്ട്‌സ് ആപ് കൂട്ടായ്മയിലൂടെ പങ്കുവെച്ച ഓര്‍മ്മക്കുറിപ്പുകളില്‍ ശ്രദ്ധേയമായ ഇരുപത്തിയൊമ്പത് കുറിപ്പുകളാണ് ”ഓര്‍മ്മകളുടെ ഒറ്റവിരലക്ഷരങ്ങള്‍” എന്ന പേരില്‍ ഇവിടെ പ്രകാശിതമാകുന്നത്. ഓരോ സന്ധ്യകളിലും തൂലികയില്‍ അവരുടെ ഒറ്റവിരലുകളുപയോഗിച്ച് എഴുതിയും കീകള്‍ അമര്‍ത്തി വിരിയീച്ചെടുത്തതുമായ സൃഷ്ടികള്‍ എല്ലാവരും വായിക്കുകയും ചര്‍ച്ച ചെയ്യുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ക്രമാനുഗതമായി എഴുത്തിന്റെ പാതയിലേയ്ക്ക് കയറിവന്നവരാണ് ഇതിലെ പതിനേഴ് എഴുത്തുകാരും. പകല്‍സമയത്തെ ജോലിഭാരങ്ങളെല്ലാം ഒതുക്കിവെച്ച് സന്ധ്യകളില്‍ അവരൊത്തുകൂടുമ്പോള്‍ തങ്ങളുടെ ഹൃദയത്തിന്റെ കൊച്ചുകൊച്ചുകോണുകളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഇഷ്ടങ്ങളും സന്തോഷങ്ങളും കയ്പുകളും വേദനകളും ഉന്മേഷം നല്‍കുന്ന പുതുചിന്തകളും നര്‍മ്മങ്ങളുമെല്ലാം തങ്ങളുടെ സ്വകാര്യതകളിലിരുന്ന് എല്ലാവരുടേയും പൊതുനിരത്തായ മീഡിയയിലേയ്ക്ക് തുറന്നുവെയ്ക്കുമ്പോള്‍ ജീവിതത്തിന്റെ നിരാലംബതയ്ക്കും നിസ്സഹായതകള്‍ക്കും ഇതൊരു മറുമരുന്നാണ്. ഓരോരുത്തരും പരസ്പരം ചര്‍ച്ച ചെയ്യുകയും ചെയ്യപ്പെടുകയും ചെയ്യുന്നതോടെ ശാരീരികഅകലങ്ങള്‍ക്കതീതമായി ആത്മീയഅടുപ്പം വളര്‍ത്തിയെടുക്കുന്നതിന് ഗുണകരമാണ്. ആത്മപ്രകാശനത്തിന് അത് വാതായനങ്ങള്‍ തുറന്നുവെയ്ക്കുന്നു. അത്തരത്തിലുള്ള ആത്മപ്രകാശനങ്ങളാണ് ‘ഓര്‍മ്മകളുടെ ഒറ്റവിരലക്ഷരങ്ങ’ളില്‍ പ്രകാശിതമായിരിക്കുന്നത്.
സുധീര്‍ ആറ്റാമ്പുള്ളിയുടെ വെയില്‍നാഗങ്ങള്‍ ആരുടേയും മനസ്സിനെ ആര്‍ദ്രമാക്കുന്ന ഹൃദ്യമായ ആവിഷ്‌കാരത്തിന്റെ വാക്ചിത്രങ്ങളാണ്. കൊട്ടിഘോഷിക്കപ്പടലുകളില്ലാതെ, ആഘോഷപൂര്‍വ്വകമായ വാചകകസര്‍ത്തുകളില്ലാതെ ബാലമനസ്സില്‍ പതിഞ്ഞ ഹൃദയഹാരിയായ ഒരനുഭവനാണ് ഇവിടെ ആലേഖനം ചെയ്യപ്പെടുന്നത്. ബാലമനസ്സിലെ നന്മയും സാമൂഹികബോധവും ഒരൊറ്റ കാഴ്ചയിലൂടെ സുധീര്‍ അനാവൃതമാക്കുന്നു.
എണ്‍പതുകള്‍ക്കുമുമ്പ് നമ്മുടെ ഗ്രാമങ്ങളില്‍ ആകാശവാണി മാത്രമായിരുന്നു വിനോദോപാധിയായി ഉണ്ടായിരുന്നുത്. അന്നത്തെ ആ ദിനങ്ങളില്‍ പ്രഭാതത്തിലെ സൂഭാഷിതങ്ങള്‍ മുതല്‍ രാത്രിയിലെ നാടകങ്ങള്‍ വരെയുള്ള ഓരോ പരിപാടികളും ഓര്‍ത്തെടുത്ത് നര്‍മ്മരസത്തോടെ വളരെ മനോഹരമായി ഒരു കടലോളംപാട്ടില്‍ സുധീര്‍ അടയാളപ്പെടുത്തുന്നു.
കഥപറയാനുള്ള വാക്ചാതുരി പ്രകടമാക്കുന്ന രചനകളാണ് യാമിനിയുടെ ചോപ്പത്തിയും പല്ലൊട്ടിമിഠായികളും. ഹൃദ്യമായ ഭാഷയും സൗമ്യമായ ആലേഖനവും മുഖമുദ്രയായി കാണാം. ബാല്യകാലസ്മരണകള്‍ ഓളം വെട്ടുന്ന ഓരോ കുസൃതികളും അതിലെ ഓരോ സന്ദര്‍ഭങ്ങളും വളരെ മനോഹരമായി ചിത്രീകരിച്ചീട്ടുണ്ട്. ഓര്‍മ്മകള്‍ പൊടിത്തട്ടിയെടുക്കുന്നതിന്റെ സുഗന്ധം ടീനയുടെ ചെമ്പിയും ജിഞ്ചര്‍മത്തായിയും നല്‍കുമ്പോള്‍ വല്ലുമ്മയെക്കുറിച്ചുള്ള സ്മരണകളിലെ നൊമ്പരങ്ങള്‍ മുഹമ്മദ് റഫീക്കിന്റെ പള്ളിപ്പുറത്തെ കുട്ടിക്കാലസ്മരണകളിലും നിറഞ്ഞുതുളുമ്പുന്നു. കാതോര്‍ത്താല്‍ നൊമ്പരങ്ങളുടെ ചില വിതുമ്പലുകള്‍ അവയില്‍ നിന്നും മുഴങ്ങിക്കേള്‍ക്കാം.
പ്രിയയുടെ പ്രളയാനുഭവങ്ങള്‍ 2018ലേതാണെന്ന് വ്യക്തമാണ്. എന്നാലതുവായിക്കുമ്പോള്‍ തെണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ചെഴുതിയ തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയാണ് ഓര്‍മ്മയിലെത്തുക. പ്രകൃതിയുടെ വികൃതികളില്‍ ആലംബമില്ലാതാകുന്നവരുടെ നൊമ്പരം പ്രിയയുടെ പ്രളയം തുറന്നുകാട്ടുന്നു.മനുഷ്യന്‍ എത്ര നിസ്സാരനെന്ന് ഓരോ പ്രകൃതിദുരന്തങ്ങളും നമ്മേ ബോധ്യപ്പെടുത്തുന്നു. പ്രളയത്തിന്റെ തീഷ്ണത ഒട്ടും ചോര്‍ന്നുപോവാതെ പ്രിയ നന്നായി വിവരിച്ചിരിക്കുന്നു. എന്നാല്‍ കയ്യൊപ്പ് ഒരു സാധാരണ വിവരണമായി മാറിയോ എന്ന് സന്ദേഹമില്ലാതില്ല.
നാരായണന്‍ കാക്കനാടിന്റെ കഴ കടന്ന ബാല്യവും ടീച്ചറമ്മയും ഗൃഹാതുരത്വമുണര്‍ത്തുന്ന മനോഹരമായ ഒരു കാവ്യം തന്നെയാണ്. കയ്യൊതുക്കത്തോടെയും സൂക്ഷ്മതോടെയും മെനഞ്ഞെടുത്തീട്ടുള്ള നല്ല കഥകളായി പരിഗണിക്കാവുന്ന ഇത് വേറിട്ടുനില്‍ക്കുന്നു. ജീവിതാനുഭവങ്ങളെ എങ്ങനെ നല്ല കഥകളാക്കിമാറ്റാമെന്ന് ഈ രചനകള്‍ വ്യക്തമാക്കിത്തരുന്നു.
ഓര്‍മ്മക്കുറിപ്പുകളെന്ന രൂപേണ രണ്ടു മനോഹരമായ കഥകള്‍ തന്നെയാണ് സലിം ഇ എസ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിന്‍പുറങ്ങളും അവിടത്തെ സായംസന്ധ്യകളും വാമൊഴിയായി പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന നാട്ടുകഥകളും മിത്തുകളും ചെറുപ്പക്കാരുടെ രാത്രികളെ ഭീകരരാത്രികളാക്കാന്‍ പോന്നതാണ്. അവയെല്ലാം സാധാരണക്കാരായ മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. മക്കനയിട്ട പൊന്നമ്മയിലൂടെ സലിം അത് വ്യക്തമായഭാഷയില്‍ വരച്ചിടുന്നു. അനായാസമായ ആഖ്യാനശൈലിയും വാക്കുകളെ ദൃശ്യവല്‍ക്കരിക്കാനുള്ള മിടുക്കും ഈ രചനകളിലൂടെ പ്രകടനമാക്കുന്നു.
ആഷ ഇഗ്നേഷ്യസിന്റെ മഴവില്‍ത്തുണ്ടുകള്‍ ഗൃഹാതുരതയുണര്‍ത്തുന്നചിത്രങ്ങളാണ് വരഞ്ഞിടുന്നത്. സമൂഹത്തിന്റെ വളര്‍ച്ചകള്‍ക്കിടയില്‍ പഴയത് പലതും അപ്രത്യക്ഷമാകുകയും പുതിയതായി പലതും ഉരുവെടുക്കുകയും ചെയ്യും. പക്ഷെ ഏതൊരു വ്യക്തിയുടേയും ബാലമനസ്സിന് രൂപാന്തരങ്ങളില്ല. അതവിടെത്തന്നെ നിലയുറപ്പിക്കും, അവസാനം വരേയും. നമ്മള്‍ അനുഭവിക്കുന്ന പല നൊമ്പരങ്ങള്‍ക്കും കാരണമാകുന്നതും ഇതുതന്നെയെന്ന് ആഷ വളരെ മനോഹരമായി വെളിപ്പെടുത്തുന്നു.
ബാല്യത്തിലെ കുസൃതികള്‍ അതിനുള്ള ശിക്ഷകള്‍ പ്രതികാരങ്ങള്‍ അങ്ങനെ അതിതീവ്രമായ എന്തെന്തു സുന്ദരനിമിഷങ്ങള്‍. കാലങ്ങള്‍ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോഴാണ് എന്തെല്ലാം വിഡ്ഢിത്തങ്ങളായിരുന്നു അതെല്ലാം എന്ന തിരിച്ചറിവുണ്ടാകുന്നത്. ജീവിതവും അങ്ങനെത്തന്നെ. അവസാനനിമിഷങ്ങളിലെത്തി തിരിഞ്ഞുനോക്കുമ്പോള്‍ അതുവരെ ജീവിച്ചതൊന്നൂം ജീവിതമായിരുന്നില്ലെന്ന് തിരിച്ചറിയും. രമേഷ് എ എസിന്റെ സ്വര്‍ണ്ണപ്പല്ല് അത്തരത്തിലുള്ള ചിന്തകള്‍ വായനക്കാരിലുണ്ടാക്കുമെന്നതില്‍ സന്ദേഹമില്ല.
കോടതിയനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസീദ ജി എഴുതിയ സെക്ഷന്‍ 308 ഐ പി സി യും ഹേബിയസ് കോര്‍പ്പസും കഥയുടെ സൗന്ദര്യമുള്‍ക്കൊള്ളുന്നവയാണ്. ജീവിതത്തിന്റെ താളപ്പിഴകള്‍ അനാവൃതമാക്കുന്ന രണ്ട് അനുഭവക്കുറിപ്പുകളും ഇതിവൃത്തം കൊണ്ടും രചനാരീതികൊണ്ടും വേറിട്ടുനില്‍ക്കുന്നു.
ഉണ്ണികൃഷ്ണന്‍ മാണിക്കമംഗലത്തിന്റെ അനുഭവക്കുറിപ്പുകള്‍ വളരെ ഹൃദ്യമായതാണ്. കഥ പറയാനറിയുന്ന ഉണ്ണികൃഷ്ണന്റെ രചനകളെ നല്ല കഥകളായിത്തന്നെ പരിഗണിക്കാവുന്നതാണ്.
കഥയുടെ മട്ടിലും എടുപ്പിലും ഭാവത്തിലുമുള്ള പ്രദീപയുടെ എഴുത്തുകള്‍ ഏറെ ഹൃദ്യവും അകര്‍ഷവുമാണ്. കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും വായനക്കാരെ അതിലേക്കാകര്‍ഷിച്ച് വായിപ്പിക്കുന്നതിലും പ്രദീപ വിജയിച്ചീട്ടുണ്ട്. സാഹിത്യമേഖലയിലേയ്ക്ക് കടന്നു വരുന്നതിനുള്ള എല്ലാവിധ ഗുണഗണങ്ങളും പ്രദീപയുടെ എഴുത്തുകളില്‍ ദര്‍ശിക്കാനാകും.
ഓര്‍മ്മകള്‍ ഇടതടവില്ലാതെ വര്‍ഷിച്ചുകൊണ്ടുള്ള സല്‍മത്തിന്റെ കുറിപ്പുകള്‍ വായനക്കാരെ തങ്ങളുടെ ബാല്യത്തിലേയ്ക്കും ജീവിതാനുഭവങ്ങളിലേയ്ക്കും ആനയിക്കാന്‍ പര്യാപ്തമായവയാണ്.
കഥയെഴുത്തിന്റെ വൈദഗ്ധ്യം ഷീല സ്റ്റീഫന്റെ രചനകളില്‍ പ്രകടമാണ്. വാഗ്മയചിത്രങ്ങള്‍ വരച്ചുകാട്ടുന്നതിലുള്ള മികവ് എഴുത്തില്‍ പ്രകടമായി നില്‍ക്കുന്നുണ്ട്. ശോകഭാവത്തിലലിഞ്ഞുചേര്‍ന്നുള്ള വാക്കുകള്‍ നല്ലൊരു കഥാകരിയുടെ സാന്നിദ്ധ്യം തുറന്നുവെയ്ക്കുന്നു.
സാവകാശമെടുത്ത് ഹൃദ്യമായ ഭാഷയില്‍ ബാലമുരളി വാര്‍ത്തെടുക്കുന്ന രണ്ടു കഥാശില്പങ്ങളാണ് കളിവെട്ടത്തിലെ പകര്‍ന്നാട്ടങ്ങളും ഡിറ്റക്ടീവ് സരസുടീച്ചറും. ആദ്യത്തേതില്‍ ഉള്ളില്‍ തട്ടുന്ന നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളാണെങ്കില്‍ മറ്റേതില്‍ അല്പം ഹാസ്യം ഒളിപ്പിച്ചുവെച്ചുള്ളആലേഖനവും. ഏകാഗ്രത നിലനിര്‍ത്തുന്ന ആഖ്യാനശൈലി വായനയ്ക്ക് സുഖം നല്‍കുന്നവയാണ്.
ജാസന്റെ കരോള്‍ക്കാലം നല്ല തുറന്നെഴുത്താണ്. വയസ്സ് ഏറെയായീട്ടും കരോള്‍കാലമെത്തുമ്പോള്‍ ഉണരുന്ന മനസ്സിന്റെ ചുറുചുറുക്കും പ്രസരിപ്പും കാലം ഒരിടത്തേക്കും കടന്നുപോയീട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ശരീരം പ്രായത്തിന്റെ അസ്‌കിതകള്‍ പേറുമ്പോഴും മനസ്സ് ഇപ്പോഴും ആ പഴയ കാലത്തിന്റെ ഉണര്‍വ്വ് കളഞ്ഞീട്ടില്ലെന്നും അത് എന്നുമെന്നും അവിടെത്തന്നെയുണ്ടാകുമെന്നും ജാസന്‍ അടിവരയിടുന്നു. കാല്പനികതയുടെ മൂടുപടമണിഞ്ഞെത്തുന്ന ചിത്രശലഭവും മനോഹരങ്ങളായ കഥാശില്പങ്ങളാണ്.
രാജി കെ എസിന്റെ കൗതുകപ്പെട്ടി പഴയകാല ഓര്‍മ്മകളിലേയ്ക്ക് വായനക്കാരെ ആനയിയ്ക്കാന്‍ പര്യാപ്തമാണ്. ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന ഗൃഹാതുരതകളെ അത് തട്ടിയുണര്‍ത്തുന്നു.
‘ഓര്‍മ്മകളുടെ കൈവിരലക്ഷരങ്ങള്‍’ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ചപ്പുചവറുകളുടെ കൂമ്പാരമല്ല. എഴുത്തിന്റെ ഹരിശ്രീ അറിയാവുന്ന, എന്നാല്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ ഉലയപ്പെട്ട് നേരംപോക്കുകളെ മാറ്റിവെക്കപ്പെട്ടവരായ സര്‍ഗ്ഗധനരായ പതിനേഴുപേരുടെ ഉള്ളകങ്ങളില്‍ നിന്നുള്ള അനര്‍ഗ്ഗളമായ വഴിഞ്ഞൊഴുകലാണ്. ഇവരെഴുതിയതില്‍ കുറ്റങ്ങളും കുറവുകളും ഇല്ലയെന്നല്ല. പതിരുനീക്കിയെടുക്കാനുള്ള സാഹചര്യം അവര്‍ക്കില്ലയെന്നതുകൊണ്ട് ഋണാത്മകമായി അവയെ കാണേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. അല്്പം കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ മലയാളസാഹിത്യത്തിന് മുതല്‍ക്കൂട്ടായേക്കാവുന്ന പ്രതിഭകള്‍ ഇവര്‍ക്കിടയിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
പിയാര്‍കെ ചേനം
9495739943