
ഹിമാലയത്തിൻ്റെ ശാന്തമായ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന വസിഷ്ഠഗുഹ, ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഋഷികേശില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ആത്മീയ ഗുഹയാണ്. ഹിന്ദു പാരമ്പര്യത്തിലെ ആദരണീയരായ സപ്തര്‍ഷിമാരില്‍ (അത്രി, ഭരദ്വാജന്‍, ഗൗതമന്‍, ജമദഗ്നി, കശ്യപന്‍, വസിഷ്ഠന്‍, വിശ്വാമിത്രന്‍ എന്നിവര്‍) ഒരാളായ വസിഷ്ഠ മുനിയുടെ ധ്യാനസ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. സന്യാസിമാര്‍, യോഗികള്‍, ആത്മീയ അന്വേഷകര്‍ എന്നിവര്‍ക്ക് ഒരു സങ്കേതമായ വസിഷ്ഠ ഗുഹ, അഗാധമായ ശാന്തതയും ആത്മപരിശോധനയും നേടുന്നതിനുള്ള ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇത് ധ്യാനത്തിനും ആത്മസാക്ഷാത്കാരത്തിനും അനുയോജ്യമായ സ്ഥലമാണ്.
വസിഷ്ഠ ഗുഹയുടെ ചരിത്രം ഹിന്ദു പുരാണങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതാണ്. ഐതിഹ്യമനുസരിച്ച്, ഇക്ഷ്വാകു രാജവംശത്തിലെ മുഖ്യപുരോഹിതനും ശ്രീരാമൻ്റെ ആത്മീയ ഗുരുവുമായ വസിഷ്ഠമുനി ഈ ഗുഹയില്‍ തീവ്രമായ തപസ്സനുഷ്ഠിച്ചു. ജീവിതത്തിലെ വെല്ലുവിളികളുടെ ദുഃഖത്താല്‍ ഭാരപ്പെട്ട ആ മുനി, ഹിമാലയത്തിലെ ഏകാന്തതയില്‍ ആശ്വാസവും പ്രബുദ്ധതയും തേടി. ഗംഗാദേവി ഈ സ്ഥലത്തെ അനുഗ്രഹിച്ചുവെന്നും, അതിന് പവിത്രതയുടെയും സമാധാനത്തിൻ്റെയും ഒരു പ്രഭാവലയം നല്‍കിയെന്നും പറയപ്പെടുന്നു.
നൂറ്റാണ്ടുകളായി, നിരവധി ഋഷിമാരും സന്യാസിമാരും ഈ പുണ്യസ്ഥലത്ത് ധ്യാനിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍, സ്വാമി പുരുഷോത്തമാനന്ദന്‍ ഗുഹ വീണ്ടും കണ്ടെത്തി, ആത്മീയ പഠനത്തിനും ധ്യാനത്തിനുമുള്ള ഒരു കേന്ദ്രമാക്കി മാറ്റി. ഇന്നും, അദ്ദേഹത്തിൻ്റെ പേരില്‍ സ്ഥാപിതമായ ആശ്രമം ലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
ഋഷികേശ് ബദരിനാഥ് ഹൈവേയിലാണ് വസിഷ്ഠഗുഹ സ്ഥിതി ചെയ്യുന്നത്, ഇടതൂര്‍ന്ന വനങ്ങളും ഉയര്‍ന്ന പര്‍വതങ്ങളുംകൊണ്ട് ഈ സ്ഥലം ചുറ്റപ്പെട്ടിരിക്കുന്നു. ഗുഹയിലേക്കുള്ള പ്രവേശന കവാടം സാധാരണമായ ഒരു ഗുഹാമുഖം പോലെത്തന്നെയാണ്. എന്നാല്‍ ഉള്ളിലേക്ക് കടന്നാല്‍ അത് കുന്നിന്‍ ചരിവിലേക്ക് ഏകദേശം അറുപത് അടി നീളത്തില്‍ നീണ്ടുകിടക്കുന്നു, മാത്രവുമല്ല, ആഴത്തിലുള്ള നിശബ്ദതയും നിശ്ചലതയും അവിടെ നിലനിൽക്കുന്നു. ഗുഹയ്ക്കരികില്‍ മനോഹരമായി ഒഴുകുന്ന, സമീപത്തുള്ള ഗംഗാനദി ആത്മീയ അന്തരീക്ഷം വര്‍ദ്ധിപ്പിക്കുകയും സന്ദര്‍ശകര്‍ക്ക് അഗാധമായ സമാധാനം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ആന്തരിക സമാധാനം തേടുന്നവര്‍ക്ക് വസിഷ്ഠഗുഹ സന്ദര്‍ശിക്കുന്നത് ഒരു നിഗൂഢ അനുഭവമാണ്. ഗുഹയില്‍ പ്രവേശിക്കുമ്പോള്‍, ഇരുട്ടിലും, നിശബ്ദതയിലും, ദിവ്യശക്തിയുടെ അതിശക്തമായ ഒരു ബോധത്താല്‍ നമ്മള്‍ ആവരണം ചെയ്യപ്പെടുന്നു. ഗുഹയില്‍ ശിവൻ്റെ പ്രതീകമായ ഒരു ശിവലിംഗം ഉണ്ട്, ഇവിടെ നിരവധി സന്ദര്‍ശകര്‍ ധ്യാനിക്കുന്നു. ഗുഹയ്ക്കുള്ളിലെ ഊര്‍ജ്ജം പലപ്പോഴും തീവ്രവും പരിവര്‍ത്തനാത്മകവുമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇത് ജീവിതത്തിൻ്റെ എല്ലാ തുറകളില്‍ നിന്നുമുള്ള ഭക്തരെയും അന്വേഷകരെയും ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.
ലൗകിക വ്യതിചലനങ്ങളില്‍ നിന്ന് മുക്തമായി ആഴത്തിലുള്ള ധ്യാനത്തിന് ഗുഹയുടെ നിശ്ചലത നമുക്ക് സഹായകമാകുന്നു. ധ്യാനാത്മകമായ ഏകാന്തതയില്‍ സമയം ചെലവഴിച്ചതിന് ശേഷം ഉയര്‍ന്ന അവബോധവും ആന്തരിക വ്യക്തതയും അനുഭവപ്പെടുന്നതായി ഇവിടെ വരുന്ന പല പരിശീലകരും അവകാശപ്പെടാറുണ്ട്. ഒരാള്‍ പരിചയസമ്പന്നനായ യോഗിയായാലും ജിജ്ഞാസയുള്ള സഞ്ചാരിയായാലും, മതപരമായ അതിരുകള്‍ക്കപ്പുറത്തേക്ക് പോകുന്ന ഒരു സവിശേഷ ആത്മീയ വിശ്രമം ഗുഹ വാഗ്ദാനം ചെയ്യുന്നു.
വസിഷ്ഠഗുഹ തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണമെങ്കിലും, ചുറ്റുമുള്ള പ്രദേശം മറ്റ് നിരവധി താല്‍പ്പര്യമുള്ള സ്ഥലങ്ങളുടെ കേന്ദ്രമാണ്. അരുന്ധതി ഗുഹ (മുനി വസിഷ്ഠൻ്റെ ഭാര്യ അരുന്ധതിയുമായി ബന്ധപ്പെട്ട ഗുഹ) മറ്റൊരു ധ്യാന വിശ്രമകേന്ദ്രമാണ്.
സമീപത്ത് സ്ഥിതി ചെയ്യുന്ന സ്വാമി പുരുഷോത്തമാനന്ദ ആശ്രമം ലളിതമായ താമസ സൗകര്യവും ആത്മീയ പരിശീലനങ്ങള്‍ക്ക് ശാന്തമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്നു. ഗംഗാനദീതീരത്ത് ശാന്തമായ ധ്യാനത്തിനും, പ്രകൃതി നടത്തത്തിനും, ഹിമാലയത്തിൻ്റെ പ്രാകൃതിസൗന്ദര്യം നുകരുന്നതിനും അനുയോജ്യമായ സ്ഥലമാണ്.
വസിഷ്ഠ ഗുഹ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ്, അന്നേരം കാലാവസ്ഥ സുഖകരവും ധ്യാനത്തിന് അനുകൂലവുമാണ്. വേനല്‍ക്കാലം ചൂടുള്ളതായിരിക്കും, മഴക്കാലത്ത് കനത്ത മഴ പെയ്യുന്നതിനാൽ, യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ വരുന്ന സന്ദര്‍ശകരോട് സുഖകരമായ വസ്ത്രങ്ങള്‍ ധരിക്കാനും, ഗുഹയുടെ ഉള്‍ഭാഗത്തേക്ക് പോകുമ്പോള്‍ ഒരു ടോര്‍ച്ച് കരുതാനും, സ്ഥലത്തിൻ്റെ പവിത്രത നിലനിര്‍ത്താനും നിര്‍ദ്ദേശിക്കുന്നു.
ധ്യാനത്തിൻ്റെ ആഴമേറിയ നിശ്ചലതയും ഹിമാലയത്തിൻ്റെ നിഗൂഢമായ ഊര്‍ജ്ജങ്ങളും അനുഭവിക്കാന്‍ കഴിയുന്ന ഒരു കാലാതീതമായ ആത്മീയ സങ്കേതമാണ് വസിഷ്ഠഗുഹ. പുരാണങ്ങളിലും ചരിത്രത്തിലും ദിവ്യസാന്നിധ്യത്തിലും മുഴുകിയിരിക്കുന്ന ഈ ഗുഹ, തീര്‍ത്ഥാടകര്‍, ഋഷിമാര്‍, അലഞ്ഞുതിരിയുന്നവര്‍ എന്നിവരുടെ തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. മതപരമായ ഭക്തിക്കോ, ധ്യാനത്തിനോ, അല്ലെങ്കില്‍ പ്രകൃതിയുടെ ശാന്തതയില്‍ അലിഞ്ഞിരിക്കാനോ ആഗ്രഹിച്ചെത്തുന്ന ഒരാള്‍ക്ക് വസിഷ്ഠ ഗുഹ ആന്തരിക സമാധാനത്തിൻ്റെയും ആത്മീയ പ്രബുദ്ധതയുടെയും ശാശ്വത ഉറവിടമായി തുടരുന്നു.