Travel & Views

കേശി ഘട്ട്

 

കംസന്‍ കൃഷ്ണനെ കൊല്ലാനായി വൃന്ദാവനത്തിലേക്ക് പറഞ്ഞയച്ച് അസുരനാണ് കേശി. കൃഷ്ണന്‍ കേശി എന്ന അസുരനെ വധിച്ച ഘട്ടയെയാണ് കേശി ഘട്ട് എന്നറിയപ്പെടുന്നത്. ശക്തനായ ഈ അസുരന്‍ കംസൻ്റെ സേവകനായിരുന്നു, കൃഷ്ണനെ കണ്ടെത്തി കൊല്ലാന്‍ കല്‍പ്പന ലഭിച്ചതിനെത്തുടര്‍ന്ന് കൃഷ്ണനെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ഭീമാകാരമായ ഒരു കുതിരയുടെ രൂപത്തിലാണ് ഈ അസുരന്‍ വൃന്ദാവനത്തില്‍ എത്തിയത്.
ഈ അസുരന്‍ വ്രജ പ്രദേശത്ത് വളരെക്കാലം മുമ്പ് താമസിച്ചിരുന്നു. അന്ന് നന്ദ മഹാരാജാവിൻ്റെ പിതാവായ പര്‍ജന്യന്‍ തഗഡ തീര്‍ത്ഥത്തില്‍ താമസിച്ചിരുന്ന കാലത്ത് ഈ അസുരന്‍ നന്ദഗ്രാമ പ്രദേശവാസികളെ ഭയപ്പെടുത്തി. തല്‍ഫലമായി, പര്‍ജന്യയുടെ കുടുംബത്തിന് അവിടെ നിന്ന് മാറി ഗോകുലയില്‍ പുതിയ താമസസ്ഥലം കണ്ടെത്തേണ്ടി വന്നു. കേശി, പൂതന, തൃണാവര്‍ത്തന്‍, വത്സാസുരന്‍, അഘാസുരന്‍ തുടങ്ങിയ ശക്തരായ രാക്ഷസന്മാര്‍ വര്‍ഷങ്ങളോളം കഠിനമായ തപസ്സനുഷ്ഠിച്ച് വിവിധ സിദ്ധികള്‍ നേടിയിരുന്നു. അതുപ്രകാരം കാമരൂപ സിദ്ധി എന്നറിയപ്പെടുന്ന സിദ്ധി അവർനേടിയിരുന്നു. ഈ സിദ്ധികൊണ്ട് അവര്‍ക്ക് അവരുടെ ശാരീരിക രൂപം ഇഷ്ടാനുസരണം മാറ്റാന്‍ കഴിയും.
ഒരു ദിവസം കൃഷ്ണന്‍ വനത്തില്‍ അലഞ്ഞുതിരിയുകയാണെന്ന് മനസ്സിലാക്കിയ കേശി കൃഷ്ണനെ കൊല്ലുകയെന്ന ഉദ്ദേശത്തോടെ വൃന്ദാവനത്തിലെത്തി. ഇതറിഞ്ഞ കൃഷ്ണന്‍ അവനെ നേരിടാനായി അവൻ പ്രത്യക്ഷമായിടത്തേക്ക് വന്നു. കേശി ഭീമാകാരമായ ഒരു കുതിരയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കേശി തൻ്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് ശക്തമായി കുതിക്കാന്‍ തുടങ്ങി. കൃഷ്ണന്‍ ധൈര്യപൂര്‍വ്വം അവനുമുന്നില്‍ നിന്നുകൊണ്ട്  അവൻ്റെ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറായി.
ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് കേശി കൃഷ്ണൻ്റെ നേര്‍ക്ക് കുതിച്ചുവന്നു. കൃഷ്ണന്‍ നിശ്ചലനായി ശ്രദ്ധിച്ചുനിന്നു. കുതിര കൈയെത്തും ദൂരത്ത് എത്തിയപ്പോള്‍, കൃഷ്ണന്‍ ഒരു പുഷ്പം എടുക്കുന്ന ലാഘവത്തോടെ അവനെ എടുത്ത് നൂറ് മീറ്റര്‍ അകലെയ്ക്ക് വലിച്ചെറിഞ്ഞു. ഇത്രയും ദൂരം വലിച്ചെറിയപ്പെട്ടതിനാല്‍ ഒരു നിമിഷം സ്തംഭിച്ചുപോയ അസുരന്‍ എഴുന്നേറ്റ് തലയാട്ടി വളരെ ഉച്ചത്തില്‍ ആഞ്ഞടിച്ചു. ശേഷം, കൃഷ്ണനെ പൊടിമണ്ണില്‍ ചവിട്ടിമെതിക്കാമെന്ന് പ്രതീക്ഷിച്ച് വീണ്ടും കൂടുതല്‍ വേഗതയില്‍ കുതിക്കാന്‍ തുടങ്ങി. കേശി അടുത്തെത്താന്‍ ക്ഷമയോടെ കാത്തിരുന്ന കൃഷ്ണന്‍ പെട്ടെന്ന് തൻ്റെ മുഷ്ടി നേരെ രാക്ഷസൻ്റെ തൊണ്ടയിലേക്ക് ഇടിച്ചുകയറ്റി. ആ രാക്ഷസൻ്റെ പല്ലുകളെല്ലാം തെറിച്ചുപോയി. വീണ്ടും കൂടുതൽ ആഴത്തിലേക്ക്   കൈ തൊണ്ടയിൽ താഴ്ത്തിയിറക്കി. കേശിയ്ക്ക് ശ്വാസിക്കാന്‍ പറ്റാതായി. പെട്ടെന്നുതന്നെ ശ്വാസംമുട്ടി കേശി മരണാസന്നനായി. അസുരൻ്റെ ചുമന്നുതുടുത്ത കണ്ണുകള്‍ പുറത്തേക്ക് തള്ളിവന്നു. അവൻ്റെ കാലുകള്‍ ശക്തമായി വിറയ്ക്കാന്‍ തുടങ്ങി, അവൻ്റെ ശരീരം വിയര്‍പ്പുധാരകളാല്‍ നനഞ്ഞുകുളിച്ചു. കേശി വളരെ വേദനയോടെ നിലത്തു വീണപ്പോള്‍, അവന്‍ ഒരേസമയം മല മൂത്ര വിസര്‍ജ്ജനം നടത്തി. പിന്നെ,  അവൻ്റെ ശിരസ്സുപിളര്‍ന്ന് മൃത്യുവിനെ പുല്‍കി. നിമിഷങ്ങള്‍ക്കകം എല്ലാം കഴിഞ്ഞു. അതിനുശേഷം കൃഷ്ണന്‍ യമുനാതീരത്തേക്ക് പോയി. കൈകളില്‍ പുരണ്ട രക്തം കഴുകി ശുദ്ധീകരിച്ച ശേഷം ഈ ഘട്ടയില്‍ ഇറങ്ങി കുളിച്ചു. യമുനയുടെ ആ കടവ് പിന്നീട് കേശി ഘട്ടയായി കീര്‍ത്തിപ്പെട്ടു.
കേശിയെ കൃഷ്ണന്‍ വധിച്ച സ്ഥലമാണ് കേശി ഘട്ട്. യമുനയുടെ ഈ തീരപ്രദേശം ഗംഗയെക്കാള്‍ നൂറിരട്ടി പുണ്യമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. കേശിഘട്ടില്‍ പിതൃക്കള്‍ക്ക് പിണ്ഡം അര്‍പ്പിക്കുന്നതിലൂടെ ഗയയില്‍ പിണ്ഡം സമര്‍പ്പിക്കുന്നതിൻ്റെ ഫലം ലഭിക്കും എന്നാണ് വിശ്വാസം.

 

Related Articles

Back to top button