Reviews & Critiques

കാന്‍സര്‍ മീല്‍സ് (നോവല്‍) – കെ. ഉണ്ണികൃഷ്ണന്‍

കെ. ഉണ്ണികൃഷ്ണന്റെ കാന്‍സര്‍ മീല്‍സ് എന്ന നോവല്‍ വെറുമൊരു വായനയില്‍ ഒതുക്കി നിര്‍ത്തേണ്ട ഒന്നല്ല. അനുഭവങ്ങളും കാഴ്ചകളും ചേര്‍ത്തുനിര്‍ത്തി മനനം ചെയ്ത് വായിച്ചെടുക്കേണ്ട ഒന്നാണ്. ഇന്നത്തെ മനുഷ്യന്‍ എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ നോവല്‍. ഇത് ഒരൊറ്റ ദിവസംകൊണ്ട് ഇങ്ങനെ സംഭവിച്ചതല്ല. നമ്മുടെ നാടിന്റെ പാശ്ചാത്യരീതിയിലുള്ള വികസനത്തിന്റെ ഭാഗമായി പടിപടിയായി വളര്‍ന്നു വന്നതാണ്. ഹരിതവിപ്ലവവും ധവളവിപ്ലവവും നമ്മുടെ മണ്ണിനെ വിഷലിപ്തവും മലീമസവുമാക്കിത്തീര്‍ക്കുക മാത്രമല്ല പ്രാണവായുവിന്റെ അളവിനെ കുറച്ചുകൊണ്ടുവരികയും ചെയ്തു.

രാസവളപ്രയോഗങ്ങളിലൂടെ മണ്ണിന്റെ ജൈവഘടനയെ തകര്‍ത്ത് ആഹാരശൃംഗലയെ ദുര്‍ബലപ്പെടുത്തിയപ്പോള്‍ ധവളവിപ്ലവം നാടന്‍ കന്നുകാലിവര്‍ഗ്ഗങ്ങളെ ഒന്നടങ്കം ഇല്ലാതാക്കുകയും പകരം പാലുല്പാദനം കൂട്ടുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്ത സങ്കരവര്‍ഗ്ഗകന്നുകാലികളെ പരിപോഷിപ്പിക്കുകയും ചെയ്തു. പുല്ലും വൈക്കോലും തിന്ന് ജീവിച്ചിരുന്ന നാടന്‍ കന്നുകാലികളുടെ ചാണകത്തിലൂടെയും മൂത്രത്തിലൂടെയും മണ്ണിലേയ്ക്കു ലഭിക്കുമായിരുന്ന ഓക്‌സിജന്റെ സാന്നിദ്ധ്യം കൂടുതല്‍ പാല്‍ ലക്ഷ്യമിട്ട് നല്‍കുന്ന കൃത്രിമഭക്ഷണങ്ങള്‍ കഴിക്കുന്ന സങ്കരവര്‍ഗ്ഗകന്നുകാലികളില്‍ നിന്നും ലഭിയ്ക്കാതായി. ഹരിതവിപ്ലവത്തിനോടൊത്ത് ധവളവിപ്ലവവുമെത്തിയപ്പോള്‍ എരിതീയില്‍ നെയ്യൊഴിക്കുന്നതിനുസമമായി മണ്ണിന്റെ അവസ്ഥ. ഈ അവസ്ഥയില്‍ ജീവിക്കുകയും മണ്ണിന്റെ സ്വാഭാവിക ജൈവഘടന തകര്‍ന്നതിനെതുടര്‍ന്ന് വിളവുണ്ടാകാന്‍ കൃത്രിമവളങ്ങളും കീടങ്ങളെ നിയന്ത്രിക്കാന്‍ വിഷക്കൂട്ടുകളും ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തുതുടങ്ങിയതോടെ സമൂഹം അതിന്റെ ആരോഗ്യത്തിന്റെ ദിനങ്ങളെ പുറകിലുപേക്ഷിയ്ക്കാന്‍ തുടങ്ങി. ശരീരത്തിലേയ്ക്കുള്ള വിഷത്തിന്റെ അളവ് ശ്വസനത്തിലൂടേയും ഭക്ഷണത്തിലൂടേയും പെരുകാന്‍ തുടങ്ങി. പുതിയ ഭക്ഷണരീതികള്‍ അതിനെ കൂടുതല്‍ ഭീകരാവസ്ഥയുള്ളതാക്കിത്തീര്‍ത്തു.

രോഗങ്ങള്‍ എന്നത് ഈ വിഷസങ്കലനമല്ലാതെ മറ്റൊന്നല്ല.
ഭാരതീയ പാരമ്പര്യചികിത്സാസമ്പ്രദായങ്ങള്‍ ചിട്ടകളിലും പഥ്യങ്ങളിലും അധിഷ്ഠിതമായിരുന്നു. ഭൗതികശരീരത്തെ ചൈതന്യവത്താക്കുന്ന ആത്മീയസാന്നിദ്ധ്യത്തിന്റെ പങ്ക് അവര്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ഭക്ഷണശീലങ്ങളിലെ പൊരുത്തക്കേടുകളോ ശീലങ്ങളിലെ വ്യതിചലങ്ങളോമൂലം ഉണ്ടാകുന്ന ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അസ്വാരസ്യം അവ തിരുത്തുന്നതിലൂടെ സ്വയം അപ്രത്യക്ഷമാകും എന്നവര്‍ വിശ്വസിച്ചിരുന്നു. ശരീരത്തില്‍ ഉരുവെടുക്കുന്ന പ്രശ്‌നങ്ങള്‍ ശരീരത്തോട് നമ്മള്‍ ചെയ്യുന്ന അതിക്രമത്തോടുള്ള പ്രതിഫലനമാണെന്നും അത്തരം അതിക്രമങ്ങളെ ഇല്ലാതാക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്താല്‍ ശരീരം താനേ അതിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുമെന്നും അവര്‍ മനസ്സിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല പണം സമ്പാദിക്കനുള്ള മാര്‍ഗ്ഗമായോ, തൊഴിലായോ അല്ല അന്ന് ശുശ്രൂഷാവിധികളെ കണ്ടിരുന്നത്. മനുഷ്യന്റെ സ്വാസ്ഥ്യം നിലനിര്‍ത്താനുള്ള സേവനം മാത്രമായാണ് ശുശ്രൂഷ പരിഗണിക്കപ്പെട്ടത്. നാട്ടുവൈദ്യങ്ങളും വീട്ടുവൈദ്യങ്ങളും ആ പാരമ്പര്യം നിലനിര്‍ത്തിപ്പോന്നിരുന്നു.

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ഉപവാസമനുഷ്ടിക്കുപ്പോള്‍ ജീവച്ഛക്തിയുടെ ഇടപെടലിലൂടെ സ്വയം ബഹിര്‍ഗമിക്കപ്പെടുമെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമായിരുന്നു. ഉപവാസമൊന്നും അനുഷ്ടിക്കാത്തവരില്‍ ഇടയ്ക്ക് വിരുന്നെത്തുന്ന പനിയിലൂടെ അതില്ലാതാക്കാനും ശരീരം പരിശ്രമിച്ചിരുന്നു. പനിയ്ക്കുള്ള മരുന്ന് അതിനാല്‍ വിശ്രമവും പട്ടിണിയുമായിരുന്നു. പനി വരുമ്പോള്‍ തന്നെ ശരീരം അനക്കാനാകാത്തവിധം സന്ധികളിലും തലയിലും വേദന അസഹ്യമാക്കുന്നതിലൂടെ വേണമെന്നു വിചാരിച്ചാല്‍ പോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥ സൃഷ്ടിച്ചിരുന്നു. വായയ്ക്ക് രുചിയില്ലായ്മ ഉപവാസത്തിലേയ്ക്ക് രോഗിയെ സ്വയം എത്തിച്ചിരുന്നു. കരിക്കില്‍ വെള്ളമോ പഴനീരുകളോ കഞ്ഞിവെള്ളമോ മാത്രമേ അത്തരം അവസ്ഥകളില്‍ രോഗിയായ ആള്‍ക്ക് കളിയ്ക്കാന്‍ കഴിയുമായിരുന്നുള്ളൂ. രോഗം കാഠിന്യമുള്ളതാകുമ്പോള്‍ ഉപവാസത്തേക്കാള്‍ പ്രാമുഖ്യമുള്ള മറ്റൊരു ചികിത്സാവിധി അന്നു നിലവിലുണ്ടായിരുന്നില്ല. പ്രവര്‍ത്തിക്കാനും പ്രതിപ്രവര്‍ത്തിക്കാനുമുള്ള ശരീരത്തിന്റെ കഴിവ് ഏതൊരു പ്രശ്‌നത്തേയും സ്വയം പ്രതിരോധിക്കുന്നതിനും പരിഹാരം കാണുന്നതിനും സുഖപ്പെടുത്തുന്നതിനും പ്രാപ്തമാണ്. നൈതികമായ ഈ പ്രക്രിയയുടെ മഹത്വമറിയുന്നവരായിരുന്നു നമ്മുടെ പൂര്‍വ്വപിതാമഹാക്കള്‍.

പാശ്ചാത്യര്‍ കടന്നുവരികയും അധികാരമുറപ്പിക്കുകയും ചെയ്തതോടെ കഥകള്‍ മാറിമറിഞ്ഞു. ശരീരത്തിന് സ്വയം പ്രവര്‍ത്തിക്കാനുള്ള കഴിവുകളെ അവര്‍ തമസ്‌കരിച്ചു. നാടന്‍ചികിത്സാസമ്പ്രദായങ്ങളെ അശാസ്ത്രീയമെന്നുപറഞ്ഞ് അവര്‍ നിരാകരിച്ചു. ശരീരം എന്നത് ഭൗതികമായ വസ്തുവായി മാത്രം പരിഗണിക്കപ്പെട്ടു. അണുസിദ്ധാന്തങ്ങള്‍ പ്രബലമായി. രോഗങ്ങള്‍ ശരീരത്തിലെ രാസവസ്തുക്കളുടെ അഭാവമെന്ന് വിധിയെഴുതി. അതിനു പരിഹാരമായി രാസഗുളികകള്‍ ഉല്പാദിപ്പിക്കപ്പെട്ടു. അവ ശാസ്ത്രീയചികിത്സാവിധികളായി. മറ്റെല്ലാം അശാസ്ത്രീയമെന്ന് വിധിയെഴുതി. ഉപവാസം ശരീരത്തോട് ചെയ്യുന്ന ഹിംസയായി. പഥ്യങ്ങളും ചിട്ടകളും അന്ധവിശ്വാസങ്ങളും പ്രാകൃതങ്ങളുമായി. രോഗി കൃത്യമായി മരുന്നു കഴിക്കുകയാണെങ്കില്‍ ഏതുഭക്ഷണവും കഴിക്കാമെന്നായി. മരുന്നുള്ളപ്പോള്‍ ഒന്നിനും നിയന്ത്രണങ്ങള്‍ വേണ്ടെന്നായി. സ്വയമേവ നടത്തിയിരുന്ന ശരീരത്തിന്റെ ശുചീകരണപ്രക്രിയ അതോടെ നിലച്ചു. ഇഷ്ടഭക്ഷണം വയറുമുട്ടേ കഴിക്കുന്നവര്‍ക്ക് അത് സന്തോഷമുണ്ടാക്കി. അതുണ്ടാക്കിയ പ്രതിസന്ധികളെ അവര്‍ രാസകൂട്ടുകളിലൂടെ പരിഹരിച്ചു. സമൂഹം വ്യവസായമായും കച്ചവടമായും വികസിച്ചുകൊണ്ടിരുന്നു. ആരോഗ്യം വലിയൊരു വ്യവസായമായി രൂപാന്തരപ്പെട്ടു.

മനുഷ്യശരീരം അവര്‍ക്കുള്ള വിപണിയായി പരിവര്‍ത്തനപ്പെട്ടു. കാന്‍സര്‍ മീല്‍സ് പോലുള്ള സാഹിത്യരചനകളുടെ പ്രസക്തി ഈ സാഹചര്യത്തിലാണ് വളരെ പ്രധാനപ്പെട്ടതാകുന്നത്.
മനുഷ്യന്‍ പിന്തുടരുന്ന ജീവിതശൈലികള്‍ പുനര്‍ചിന്തനം ചെയ്യുന്നതിന് ഇത്തരത്തിലുള്ള സാഹിത്യസൃഷ്ടികള്‍ സഹായകമാകും. ഇത്തരത്തിലൊരു കൃതി എഴുതാന്‍ താല്പര്യം കാണിച്ച കെ. ഉണ്ണികൃഷ്ണന്‍ എന്തുകൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നു. കഥയുടെ പശ്ചാത്തലം വളരെ ലളിതമാണ്. എണ്‍പതുവയസ്സുവരെ ആയുസ്സുണ്ടായിട്ടും നാല്പത്തിയെട്ടുവയസ്സില്‍ മരണം അടുത്തെത്തിയ ഒരാളെ തന്റെ രജിസ്റ്റര്‍ പരിശോധിച്ചുകൊണ്ടിരിക്കേ യമന്‍ കണ്ടെത്തുന്നു. അതിനുകാരണമെന്തായിരിക്കുമെന്ന് യമന് ജിജ്ഞാസയുയരുന്നു. തുടര്‍ന്ന് അയാളെ കൂട്ടികൊണ്ടുപോകുന്നതിന് സഹായികളെ പറഞ്ഞയക്കാതെ കുറച്ചുനേരത്തേതന്നെ യമന്‍ അയാളെ തേടിയെത്തുന്നു. എണ്‍പതുവയസ്സിനെ നാല്പത്തെട്ടാക്കി ചുരുക്കിയ ആ വിരുതനെ കണ്ടുപഠിയ്ക്കാന്‍ ഈ സമയം ഉപയോഗിക്കുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള അയാളുടെ ദിനചര്യ കാലന്‍ നോക്കികാണുന്നു. വൈകീട്ട് അയാളേയും കൂട്ടി യാത്രയാകുന്നു. ലളിതമായ ശൈലിയില്‍ സരസമായ ഭാഷയില്‍ നര്‍മ്മരസത്തിന്റെ നൂലില്‍ കോര്‍ത്തെടുത്ത ഇതിലെ സംഭവപരമ്പരകള്‍ ഒരിക്കലും വായനക്കാരനെ മടിപ്പുണര്‍ത്തില്ല. ഒരൊറ്റ ഇരിപ്പില്‍ ഒന്നൊരമണിക്കൂറിനുള്ളിലായാണ് ഞാന്‍ വായിച്ചുതീര്‍ത്തത്.

സാമൂഹ്യവിമര്‍ശനവും നര്‍മ്മരസവും ഇടകലര്‍ത്തിയുള്ള അവതരണരീതിയിലൂടെ നിത്യജീവിതത്തില്‍ അവിഭാജ്യഘടകമായ ഓരോരുത്തന്റേയും നിത്യവൃത്തിയെ തുറന്നുവെയ്ക്കുന്നതിനായി നോവലിസ്റ്റ് ഉപയോഗിക്കുന്നു. അഞ്ച് അദ്ധ്യായങ്ങളിലായി രൂപകല്‍പന ചെയ്തീട്ടുള്ള നോവല്‍ മൃത്യുഞ്ജയനെത്തേടിയുള്ള യമന്റെ വരവിനേയും മൃത്യുഞ്ജയന്റെ കുടുംബത്തേയും കുടുംബപശ്ചാത്തലം പരിചയപ്പെടുത്തുന്നതിലൂടേയും തുടങ്ങുന്നു.

മൃത്യുഞ്ജയന്‍ ഉറക്കമുണര്‍ന്ന് ബ്രഷും പേസ്റ്റുമെടുത്ത് പ്രഭാതകൃത്യങ്ങള്‍ തുടങ്ങുന്നിടത്താണ് അടുത്ത ഭാഗം തുടങ്ങുന്നത്. വീട്ടുകാരിയ്ക്ക് പല കാര്യങ്ങളിലും പരിഭവങ്ങളും പിണക്കങ്ങളുമുണ്ടെങ്കിലും എല്ലാവരുടെ കാര്യങ്ങളിലും ശ്രദ്ധാലുമായ ഒരുവനാണ് അയാള്‍. മൃത്യുഞ്ജയന്‍ ചുറ്റുമുള്ള ലോകാവസ്ഥയ്ക്കനുസരിച്ച് ജീവിക്കുന്നയൊരാളാണെന്നതൊഴിച്ചാല്‍ അയാളൊരു ശല്യക്കാരനേയല്ല. പിന്നെയെങ്ങനെ അയാളുടെ മുപ്പത്തിയെട്ട് വര്‍ഷം നഷ്ടപ്പെടുത്തിയെന്നതാണ് യമന്റെ സംശയം. രാവിലെ ബഷും പേസ്റ്റും ഉപയോഗിച്ചുള്ള പല്ലുതേപ്പ്, സോപ്പ് തേച്ചുള്ള കുളി, ഷേവിങ്ങ് കഴിഞ്ഞുള്ള ലോഷന്റെ ഉപയോഗം, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ ഉപയോഗിച്ചുള്ള മിനുങ്ങല്‍, പ്രസര്‍വേറ്ററുകള്‍ ചേര്‍ത്ത് പാക്കറ്റില്‍സൂക്ഷിക്കുന്ന മാവുപയോഗിച്ചുള്ള ബ്രേക്ക്ഫാസ്റ്റ് ഇതെല്ലാം മൃത്യഞ്ജയനെ സംബദ്ധിച്ചിടത്തോളം എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍തന്നെ. ഇത്തരം കാര്യങ്ങള്‍ അരുതെന്നുപറഞ്ഞാലും ആരും അതനുസരിക്കാറില്ല. അല്ലാതെയെങ്ങനെയീലോകത്തില്‍ ഒരുവന് ജീവിക്കാനാണ്. എന്നാല്‍ ഇതിലൂടെയൊക്കെയാണ് ആയുസ്സിന്റെ പുസ്തകത്താളിലെ പേജുകള്‍ അതിവേഗം തീര്‍ന്നതെന്ന് യമന്‍ വിലയിരുത്തുന്നു.

യമന്‍ ഒര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ഇതാണ്. ഹേ, വായനക്കാരാ… നിങ്ങളും ഒരു മൃത്യുഞ്ജയന്‍ തന്നെയാണ്. മൃത്യവിനെ ജയിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഓരോ വൃത്തികളും മൃത്യുവിനെ കൂടുതല്‍ അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൃത്യുഞ്ജയന്‍ എന്ന തഹസില്‍ദാര്‍ തന്റെ സബോര്‍ഡിനേറ്റിന്റെ വീട്ടില്‍ നടക്കുന്ന സര്‍ക്കാരത്തിന് പോകാന്‍ തീരുമാനിക്കുന്നതോടെ രണ്ടാമത്തെ അദ്ധ്യായത്തിനും സമാപ്തിയായി. അപ്പോഴേയ്ക്കും ഭൂമിയിലെ വാസം യമന് മടുപ്പായിത്തീര്‍ന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചുവാരിയിട്ട് കത്തിയ്ക്കുന്നതിന്റെ ദുര്‍ഗ്ഗന്ധം പരത്തിയാണ് മൂന്നാം അദ്ധ്യായം തുടങ്ങുന്നതുതന്നെ. പരിസ്ഥിതിസംരക്ഷിക്കുന്നതിനായി പ്രകൃതി സംരക്ഷകര്‍ നടത്തുന്ന സമരങ്ങള്‍പോലും അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നതും ജനങ്ങളുടെ ആയുസ്സ് കുറയ്ക്കുന്നതുമാണെന്നറിഞ്ഞ യമന് മനുഷ്യനെക്കുറിച്ചോര്‍ത്തപ്പോള്‍ കഷ്ടം തോന്നി. മൃത്യുഞ്ജയന്റെ നന്മനിറഞ്ഞ മനസ്സ് ജോസഫിനെ സ്വീകരിക്കുന്നതിലൂടെയും അയാള്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നതിലൂടേയും യമന്‍ തിരിച്ചറിയുന്നു. അതില്‍ യമന് അയാളോട് അനുകമ്പയുമുണ്ട്. എന്തുചെയ്യാം അയാളെ നയിക്കുന്ന സമൂഹത്തോടൊപ്പം അയാള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ജോസഫിന്റെ രോഗത്തിന്റെ അവസ്ഥകളിലൂടെ അയാള്‍ കടന്നുപോയപ്പോള്‍ മൃത്യുഞ്ജയന്‍ അറിയാതെ തന്റെ വേദനിക്കുന്ന വയറിനുമുകളിലൂടെ കയ്യോടിച്ചുനോക്കി. ജോസഫിന്റേതുതന്നെയാണ് തനിക്കും എന്നയാള്‍ നിരൂപിച്ചെടുത്തു. ഔദ്യോഗികതിരക്കുകളാലും താല്ക്കാലിക വേദനാസംഹാരികളാലും മൃത്യുഞ്ജയന്‍ ഡോക്ടറെ അവഗണിച്ചു ദിനങ്ങള്‍പോക്കി. കാന്‍സര്‍രോഗികള്‍ നിറഞ്ഞ ആശുപത്രികള്‍ത്തന്നെയാണ് നാടിന്റെ വികസനം വ്യക്തമാക്കുന്ന പ്രധാനമാതൃകകള്‍. യമന്‍ നെടുവീര്‍പ്പിട്ടു. ഒരു താലൂക്കിന്റെ ഭരണം കയ്യാളുന്ന തഹസില്‍ദാര്‍ക്ക് പോലും ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കേണ്ടത്ര ഭീകരമാണ് സമൂഹത്തിന്റെ ആരോഗ്യാവസ്ഥയെന്ന് യമന്‍ മനസ്സിലാക്കി. ഇതൊക്കെയാണ് മനുഷ്യന്‍ കൊണ്ടാടുന്ന വികസനത്തിന്റെ മാതൃകകള്‍ എന്നയാള്‍ ആശ്ചര്യപ്പെട്ടു. ഭൂമി സ്വന്തമാക്കാനും അവകാശം സ്ഥാപിക്കാനും ഓടിനടക്കുന്ന ഏകജീവി മനുഷ്യനാണെന്ന് യമന്‍ ഓര്‍ത്തു. തന്റെ ഭരണപരിധിയില്‍ അപ്രതീക്ഷിതമായി കടന്നു വന്ന ദുരന്തത്തിന്റെ പ്രഹരം തഹസില്‍ദാര്‍ എന്ന നിലയ്ക്ക് മൃത്യുഞ്ജയന്‍ നേരിടുമ്പോള്‍ അയാളിലതേല്‍പ്പിക്കുന്ന മാനസികസമ്മര്‍ദ്ദം യമന് അളക്കാവുന്നതിനപ്പുറമായിരുന്നു.

സഹപ്രവര്‍ത്തകയുടെ വീട്ടിലെ വിരുന്നിന് പുറപ്പെടുന്നതോടെ അടുത്ത അദ്ധ്യായം തുടരുകയായി. അവിടത്തെ അത്യാഢംബരങ്ങളും വിവിധതരം ഭക്ഷണവിഭവങ്ങളും മദ്യവും പുകയുല്‍പന്നങ്ങളും വിളക്കിന്റെ ചൂടറിയാതെ പറന്നടുക്കുന്ന ഈയലുകളെപോലെ പാഞ്ഞടുക്കുന്ന മനുഷ്യരും എല്ലാമെല്ലാം യമന്റെ മുന്നില്‍ നാടകംപോലെ അപഹാസ്യമായിരുന്നു. പക്ഷെ അതറിയേണ്ടവര്‍ എന്നീട്ടുമെന്തേ തിരിച്ചറിയാത്തത് എന്ന് യമന്‍ അത്ഭുതപ്പെട്ടു. ഇവിടെ യമന്‍ നടത്തുന്ന ചില പ്രസ്ഥാവനകള്‍ പ്രസക്തമാണ്. അടുത്ത വീടിന്റെ വലുപ്പം നോക്കി അതിലും വലിയ മണിമന്ദിരങ്ങള്‍ പണിതുതീര്‍ക്കാന്‍ മനുഷ്യന്‍ വൃഥാ കഷ്ടപ്പെടുന്നു. ഭൂമിയിലെ ജീവജാലങ്ങളില്‍ മനുഷ്യനുമാത്രമാണ് ഇത്രയും ആര്‍ത്തി. തന്റെ വരുംതലമുറകളെ സുരക്ഷിതമായി വളര്‍ത്താന്‍ മരക്കമ്പുകളും ഓലയുംകൊണ്ട് കൂടുകള്‍ തീര്‍ക്കുന്ന പക്ഷികളുണ്ട്. മണ്ണുകൊണ്ടും സ്വസ്രവംകൊണ്ടും ഒരുക്കിയ കൂടാരത്തിനുള്ളില്‍ ആനന്ദജീവിതം കൊണ്ടാടുന്ന മൃഗങ്ങളും ഉരഗങ്ങളും ഉറുമ്പുകളുമുണ്ട്. തണുത്തുറഞ്ഞ മഞ്ഞുമലകളില്‍ ഭൂമിയുടെ അകക്കാമ്പിന്റെ ചൂടില്‍ ചുരുണ്ടുകൂടുന്ന വിചിത്രജീവികളും… അവരിലാരും ഇത്ര ആഢംബരപ്രിയരായി കണ്ടിട്ടേയില്ല.

മൃത്യുഞജയാ… നിന്റെ ജീവിതത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ നിരവധി കടന്നുപോകുന്നു. നീ രാവിലെ പ്രാതലിനൊപ്പം കഴിച്ച ഔഷധക്കൂട്ടുകളില്‍ പലതും ഈ ചര്യയുടെ സംഭാവനയാണ്. ദുഃഖകരമെന്ന് പറയട്ടെ അതറിഞ്ഞിട്ടുകൂടി മദ്യപാനത്തില്‍ നിന്നും പിന്മാറാനും, ഇത്തരം ആഘോഷവേളകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും നിനക്കായില്ല. നീ ജീവിച്ച് തീര്‍ക്കേണ്ടിയിരുന്ന ആയുസ്സിലെനല്ലൊരു പങ്ക് നിനക്ക് നഷ്ടമായി കഴിഞ്ഞു.
ജനിപ്പിച്ച അച്ഛനമ്മമാര്‍ത്തന്നെ സ്വന്തം കുഞ്ഞിന് വിഷം നല്‍കുന്ന കാഴ്ചകള്‍ മനുഷ്യന്റെ ലോകത്തിലേ കാണാനാവൂയെന്ന് യമന്‍ തിരിച്ചറിയുന്നു. ഭാഗിച്ചു നല്‍കിയ ആയുസ്സുകള്‍ തട്ടിത്തെറിപ്പിക്കുന്ന ഏകജീവിയും മനുഷ്യന്‍തന്നെ.
തന്റേതെന്നഹങ്കരിച്ചിരുന്നതെല്ലാം പുറകിലുപേക്ഷിച്ച് താല്‍കാലിക വാസഗൃഹമുപേക്ഷിച്ച് യമനോടൊപ്പം അകാലത്തില്‍ തിരിച്ചുപോകുന്ന മൃത്യുഞ്ജയനെയാണ് അവസാനഅദ്ധ്യായത്തില്‍ നാം കാണുന്നത്.

തീവ്രമായ വര്‍ണ്ണക്കൂട്ടുകളില്ലാതെ, സൗമ്യവും ലളിതവുമായ സാധാരണ സംഭാഷണരീതികളിലൂടെ ഐറണി രൂപത്തിലെഴുതിയ മൃത്യുഞ്ജയെന്റെ ഒരു പകല്‍ യമന്റെ കണ്ണിലൂടെ ചിത്രീകരിക്കപ്പെടുന്ന കാഴ്ചകള്‍ എഴുത്തുകാരന്റെ ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള അവബോധത്തെ വ്യക്തമാക്കുന്നവയാണ്. വായനക്കാരന്‍ തമാശരൂപേണ വായിച്ചുതുടങ്ങിയാലും ഇടയ്ക്കിടെ അവനെ കുരുക്കുന്ന മുള്ളുകള്‍ കുത്തിവരഞ്ഞ് വേദനിക്കുന്നതിന് സാധ്യതകളേറെയാണ്. നോവല്‍ അവസാനിക്കുമ്പോള്‍ പുതിയൊരു അവബോധം വായനക്കാരനില്‍ ഈ നോവല്‍ കൊണ്ടുവരും എന്നതില്‍ സന്ദേഹമില്ല.

പിയാര്‍കെ ചേനം
9495739943

Related Articles

Back to top button